- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെസ്ലേക്കെതിരെ ബ്രിട്ടനിലും സിംഗപൂരിലും അന്വേഷണം; മാഗിയുടെ സ്റ്റോക്ക് വിറ്റഴിക്കാൻ ഡിസ്കൗണ്ട് നൽകി ടെസ്‌കോ; ഇന്ത്യൻ കടകളിൽ വിൽപന നിലച്ചു: ശതകോടികളുടെ ബിസിനസ് സാമ്രാജ്യം തകർച്ചയുടെ വക്കിൽ
ലണ്ടൻ: കുരുന്നുകളുടെ വാശിക്ക് മുന്നിൽ പലപ്പോഴും സന്തോഷത്തിന്റെ 'വിര' രൂപം പൂണ്ടു എത്തിയിരുന്ന ഇൻസ്റ്റന്റ് ഭക്ഷണ ബ്രാന്റ് ഇന്ത്യക്ക് പുറമേ ബ്രിട്ടണിലും നടപടി നേരിടുന്നു. കടുത്ത ആരോഗ്യ ഭീക്ഷണി ചൂണ്ടിക്കാട്ടി കഴിഞ്ഞ വ്യാഴാഴ്ച തമിഴ്‌നാട് സർക്കാർ പ്രമുഖ ന്യൂഡിൽസ് ബ്രാൻഡ് മാഗി വിൽപ്പന നിരോധിച്ചതിന്റെ അലയൊലി ബ്രിട്ടൺ ഉൾപ്പെടെയുള്ള
ലണ്ടൻ: കുരുന്നുകളുടെ വാശിക്ക് മുന്നിൽ പലപ്പോഴും സന്തോഷത്തിന്റെ 'വിര' രൂപം പൂണ്ടു എത്തിയിരുന്ന ഇൻസ്റ്റന്റ് ഭക്ഷണ ബ്രാന്റ് ഇന്ത്യക്ക് പുറമേ ബ്രിട്ടണിലും നടപടി നേരിടുന്നു. കടുത്ത ആരോഗ്യ ഭീക്ഷണി ചൂണ്ടിക്കാട്ടി കഴിഞ്ഞ വ്യാഴാഴ്ച തമിഴ്‌നാട് സർക്കാർ പ്രമുഖ ന്യൂഡിൽസ് ബ്രാൻഡ് മാഗി വിൽപ്പന നിരോധിച്ചതിന്റെ അലയൊലി ബ്രിട്ടൺ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലും വ്യാപിക്കുകയാണ്.
ആറ് സംസ്ഥാനങ്ങൾ കൂടി നിരോധനം ഏറ്റെടുത്തതിന്റെ പിന്നാലെയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ വാർത്ത ചൂട് പിടിക്കുന്നതും തുടർന്ന് ബ്രിട്ടണും സിംഗപ്പൂരും അടക്കം ബ്രാന്റിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നതും. നിലവിൽ ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്തു ഇന്ത്യൻ ഉടമസ്ഥതയിലുള്ള വ്യാപാര കേന്ദ്രങ്ങൾ വഴിയും ടെസ്‌കോയുടെയും മോറിസന്റെയും സൂപ്പർ സ്റ്റോറുകൾ വഴിയുമാണ് മാഗി ബ്രിട്ടണിൽ വിൽപ്പന നടത്തുന്നത്.
തുടർച്ചയായ വാർത്തകളെ തുടർന്ന് സാമ്പിൾ പിടിച്ചെടുത്ത ഫുഡ് സ്റ്റാൻഡേർഡ് അഥോറിറ്റി എഫ്എസ്എ നെസ്‌ലേ വിതരണക്കാരോട് വിശദീകരണം തേടിയിരിക്കുകയാണ്. പരിശോധനയിൽ ആരോഗ്യത്തിന് ഹാനികരമായ വിധം ലെഡും മോണോ സോഡിയം ഗ്ലൂട്ടമേറ്റും കണ്ടെത്തിയാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. വിപണി വിഹിതം താരതമ്യേന ചെറുത് ആണെങ്കിലും ഒരു പക്ഷെ നെസ്‌ലെ ഇന്ത്യയിൽ നേരിടുന്നതിനേക്കൾ ശക്തമായ നിയമ നടപടികൾ ബ്രിട്ടണിൽ നേരിടേണ്ടി വന്നേക്കാം. സിംഗപ്പൂരിലും മാഗിക്കെതിരെ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബിബിസി അടക്കമുള്ള മാദ്ധ്യമ വാർത്തകളെ തുടർന്ന് ബ്രിട്ടീഷ് വിപണിയിൽ കാര്യമായ കച്ചവട മാന്ദ്യം നേരിട്ട ബ്രാൻഡ് ഇതുവരെ തിരിച്ചു വിളിക്കാൻ വിതരണക്കാർ തയ്യാറായിട്ടില്ല. എന്നാൽ എത്രയും പെട്ടെന്ന് അവശേഷിച്ച സ്റ്റോക്ക് പ്രത്യേക ഓഫർ നൽകി വിറ്റഴിക്കാൻ ടെസ്‌കോ ഉൾപ്പെടെയുള്ളവർ ശ്രമം തുടങ്ങിയതായി ബ്രിട്ടീഷ് മലയാളി നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
വിവിധ രുചികളിൽ 85 ഗ്രാമിന്റെ ചെറു പായ്ക്കിനു 39 പെൻസ് ഈടാക്കി വിറ്റിരുന്ന മാഗി നിരോധന ഭീഷണി ശക്തമായതിനെ തുടർന്ന് 4 പായ്ക്കറ്റിന് 1 പൗണ്ട് ഈടാക്കി സ്റ്റോക്ക് തീർക്കാനുള്ള ശ്രമം ടെസ്‌കോ ഉൾപ്പെടെയുള്ളവർ ആരംഭിച്ചു കഴിഞ്ഞു. മാഗി ഉത്പ്പന്നങ്ങൾ നേരിടുന്ന വിപണി പ്രതിസന്ധി ഗുരുതരം ആണെന്ന അറിയിപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും എന്നാൽ വാർത്തകളെ നിരന്തരം പിന്തുടരാൻ ഉള്ള ശ്രമം നടത്തുന്നുണ്ട് എന്നുമാണ് മോറിസൻ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. എന്നാൽ മാഗി ഉപയോഗിക്കുന്നത് സുരക്ഷിതം ആണെന്നും പരാതി നേരിടുന്ന ഉത്പ്പന്നം നിർമ്മിക്കുന്ന ഫാക്ടറിയിൽ നിന്നുമല്ല യുകെയിൽ വിൽപ്പനയ്ക്ക് എത്തുന്ന ന്യൂഡിൽസ് നെസ്‌ലെ നിർമ്മിക്കുന്നതെന്നും ടെസ്‌കോ വ്യക്തമാക്കുന്നു.
ഇതോടെ കയറ്റുമതിക്കും ഇന്ത്യയിൽ ആഭ്യന്തര വിൽപ്പനയ്ക്കും വേണ്ടി രണ്ട് തരത്തിൽ ന്യൂഡിൽസ് നിർമ്മിക്കുകയാണ് നെസ്‌ലെ എന്ന സംശയം ബലപ്പെടുകയാണ്. നേരത്തെ കൊക്കോകോള ഇന്ത്യയിൽ എതിർപ്പ് നേരിട്ടപ്പോൾ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിർമ്മിക്കുന്ന രുചിക്കൂട്ടിൽ അല്ല ഇന്ത്യൻ നിർമ്മിത കോള വിപണിയിൽ എത്തുന്നതെന്ന വാദം ശക്തമായിരുന്നു. വിവാദത്തെ തുടർന്ന് ഇന്ത്യയിൽ എത്തിയ കോള പ്രധിനിധികൾ ഇന്ത്യൻ നിർമ്മിത കോള കുടിക്കാൻ വിസമ്മതം കാട്ടിയത് അന്ന് വൻ വാർത്ത പ്രാധാന്യം നേടിയിരുന്നു. വാർത്തകളെ തുടർന്ന് മലയാളി ഉപയോക്താക്കൾ ഏറെക്കുറെ മാഗി വാങ്ങൽ അവസാനിപ്പിച്ചതാണ് ഏതാനും ദിവസമായുള്ള വിൽപ്പന ട്രെന്റ് എന്ന് യുകെയിൽ വിവിധ ഭാഗങ്ങളിൽ ചെറു കടകൾ നടത്തുന്ന മലയാളികൾ പറയുന്നു.
അതിനിടെ മാഗിയുടെ യുകെയിലെ മൊത്ത വിതരണക്കാരായ യോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പി ബി ഫുഡ്‌സിനും നെസ്‌ലെ യുകെയ്ക്കും എഫ് എസ് എ നടപടിയെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞെങ്കിലും ഇരു കേന്ദ്രങ്ങളും മൗനം പാലിക്കുകയാണ്. പി ബി ഫുഡ്‌സിൽ ടെലിഫോൺ വഴി ബന്ധപ്പെട്ടപ്പോൾ കോർപ്പറേറ്റ് മീഡിയ വിഭാഗവും ആയി ബന്ധപെട്ട ശേഷം 24 മണിക്കൂറിനകം ഇമെയിൽ വഴി മറുപടി നൽകാം എന്നറിയിച്ചെങ്കിലും മൂന്ന് ദിവസമായിട്ടും ഇമെയിൽ അന്വേഷണത്തിന് മറുപടി ലഭ്യമായിട്ടില്ല.
പായ്ക്കറ്റ് ഫുഡ് വിപണിയിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ ലെഡ് അടങ്ങിയ രാസ വസ്തുക്കൾ പരിശോധനയിൽ കണ്ടെത്തിയതാണ് വിപണി ഭീമനായ നെസ്‌ലെയ്ക്ക് വിനയായത്. നിയമം അനുവദിക്കുന്നതിന്റെ പല മടങ്ങ് അധികം ഗ്ലൂട്ടമിൻ അടക്കമുള്ള രാസ വസ്തുക്കൾ മാഗിയിൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ തങ്ങളുടെ പരിശോധനയിൽ കുഴപ്പം ഇല്ലെന്നും ഇന്ത്യൻ അധികൃതരുടെ പരിശോധന ഫലത്തിന് കാത്തിരിക്കുക ആണെന്നും ആണ് നെസ്‌ലെ ഇന്ത്യ പ്രതികരിച്ചത്. തുടക്കത്തിൽ വാർത്തയോട് തണുപ്പൻ സമീപനം സ്വീകരിച്ച കമ്പനി അധികൃതർ ശനിയാഴ്ചയോടെ ആറോളം സംസ്ഥാനങ്ങൾ ബ്രാന്റ് നിരോധനം ഏർപ്പെടുത്തിയതോടെയാണ് പ്രതിരോധവും ആയി രംഗത്ത് വന്നിരിക്കുന്നത്.
ഇന്ത്യൻ വിപണിയിൽ അവശേഷിക്കുന്ന ബ്രാന്റ് ഉൽപ്പന്നങ്ങൾ തിരിച്ചെടുക്കാൻ ശ്രമം നടത്തിയ നെസ്‌ലെ ഇവ നിരോധന ഭീക്ഷണി ഇല്ലാത്ത വിദേശ വിപണിയിൽ എത്തിക്കുമെന്ന ആശങ്കയും ഇതോടെ ശക്തമായി. നിലവിൽ ബ്രിട്ടൺ ഉൾപ്പെടെയുള്ള വിപണികളിൽ ഇന്ത്യൻ നിർമ്മിത മാഗിയാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഏഷ്യൻ കടകളിലും ടെസ്‌കോയിലും മറ്റും ഏഷ്യൻ കോർണറുകളിലും മാത്രം ഒതുങ്ങിയ കച്ചവടം ആയതിനാൽ ശക്തമായ ആരോഗ്യ പരിശോധനകൾ കൂടാതെയാണ് മാഗി ഉൾപ്പെടെയുള്ള ഉത്പ്പന്നങ്ങൾ വിറ്റഴിക്കപ്പെടുന്നത്. അതിനിടെ കാലാവധി കഴിഞ്ഞ മാഗിയുടെയും പാർലെയുടെയും ഉൽപ്പന്നങ്ങൾ കൂടുതൽ സൗജന്യ വിലയിൽ ഏഷ്യൻ കടകളിലും മറ്റും വിൽക്കപ്പെടുന്നതും എഫ് എസ് എ യുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ പ്രാദേശിക കൗൺസിലുകൾ ആണ് ഇക്കാര്യത്തിൽ കൂടുതൽ ശക്തമായ നടപടി സ്വീകരിക്കേണ്ടതെന്ന് എഫ് എസ് എ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ നിന്നും തുടർ നിരോധന വാർത്തകൾ എത്തിയതിന് ശേഷമാണ് എഫ് എസ് എ ബ്രിട്ടണിൽ അന്വേഷണ നടപടികൾ ശക്തമാക്കിയിരിക്കുന്നത്. മുൻ കരുതൽ എന്ന നിലയ്ക്കാണ് എഫ് എസ് എ നീക്കം എന്ന് വിലയിരുത്തപ്പെടുന്നു. കമ്പനി അധികൃതരും യൂറോപ്യൻ കമ്മീഷനും ആയി സഹകരിച്ചാകും അന്വേഷണം എന്നും എഫ് എസ് എ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ എഫ് എസ് എയ്ക്ക് തുല്യമായ അധികാര ഘടനയുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ (FSSAI) നടത്തിയ മാഗിയുടെ പരിശോധന ഫലം ലഭ്യമായതായി എഫ് എസ് എ പറയുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ചാണ് എഫ് എസ് എ മാഗിയുടെ വിൽപ്പന തുടരുന്നത് സംബന്ധിച്ച് നിർണ്ണായകം ആകാൻ സാധ്യതയുള്ള പരിശോധന നടത്തുന്നത്. കമ്പനിക്ക് ഒന്നും മറയ്ക്കാൻ ഇല്ലെന്നും എഫ് എസ് എ അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കും എന്നും നെസ്‌ലെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടണിലും അയർലന്റിലും വിൽക്കപ്പെടുന്ന നെസ്‌ലെ ഉത്പ്പന്നങ്ങൾ പരിശോധിക്കുവാനാണ് എഫ് എസ് എ നീക്കം. ഇന്ത്യയിൽ നടപടി നേരിടുന്ന ബാച്ചിൽപ്പെട്ട ഉത്പ്പന്നം യുകെയിൽ വിൽപ്പനയ്ക്ക് എത്തിയിട്ടില്ലെന്നും മറ്റു രുചികളിൽ ഉള്ളവ മലേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുമാണ് യുകെയിൽ എത്തുന്നതെന്നും നെസ്‌ലെ എഫ് എസ് എയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിർമ്മിക്കുന്ന മസാല രുചിക്കൂട്ടിൽ ഉള്ള ന്യൂഡിൽസ് ആണ് ബ്രിട്ടണിൽ വിൽപ്പനയ്ക്ക് എത്തുന്നത്.