ചെന്നൈ: നെസ്ലേ, റിലയൻസ് എന്നീ ബ്രാൻഡുകളുടെ പാൽപ്പൊടിയിൽ അപകടകരമായ രാസവസ്തുക്കളുണ്ടെന്നതിന് തെളിവുമായി തമിഴ്‌നാട് ക്ഷീര വികസന കോർപ്പറേഷൻ മന്ത്രി കെടി രാജേന്ദ്ര ബാലാജി. ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ഈ പാൽപ്പൊടികളിൽ കാസ്റ്റിക്ക് സോഡ, ബ്ലീച്ചിങ്ങ് പൗഡർ തുടങ്ങിയ രാസപദാർത്ഥങ്ങൾ കണ്ടെത്തിയെന്ന് ബാലാജി വ്യക്തമാക്കി.

നേരത്തെ സ്വകാര്യ കമ്പനികളുടെ പാൽപ്പൊടി കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ ഉണ്ടാക്കുന്നെന്ന് മന്ത്രി രാജേന്ദ്ര ബാലാജി പറഞ്ഞിരുന്നു. എന്നാൽ തെളിവുകളില്ലാതെ ആരോപണം ഉന്നയിച്ച മന്ത്രിക്കെതിരെ സ്വകാര്യ കമ്പനികൾ രംഗത്തെത്തിയതിനെ തുടർന്നാണ് രാജേന്ദ്ര ബാലാജി തെളിവുകളുമായി വീണ്ടും രംഗത്തെത്തിയത്.

ചെന്നൈയിലെ സെൻട്രലയിസിഡ് ലാബിൽ പരിശോധിച്ചതിന്റെ റിപ്പോർട്ടുമായാണ് മന്ത്രി രാജേന്ദ്ര ബാലാജി കമ്പനികളുടെ പേരെടുത്തു പറഞ്ഞ് രംഗത്തെത്തിയത്. ഇക്കാര്യം വ്യക്തമാക്കാൻ മന്ത്രി പത്ര സമ്മേളനം വിളിക്കുകയും ചെയ്തു.

നെസ്ലേയുടേയും റിലയൻസിന്റേയും പാൽ പൊടി ഉത്പന്നങ്ങളിൽ മായം ചേർക്കുന്നത് തെളിഞ്ഞെന്നും പത്ര സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. ഈ രണ്ട് കമ്പനികളുടെ പാൽപ്പൊടി ഉത്പന്നങ്ങൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും കൂടിക്കാഴ്‌ച്ച നടത്തിയ ശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

മറ്റ് ഏതെങ്കിലും ഉത്പന്നത്തിൽ ഇത്തരത്തിൽ മായം ചേർത്ത് വിൽക്കുന്നുണ്ടോ എന്നറിയാൻ കൂടുതൽ പരിശോധന നടത്തി വരികയാണെന്നും ഫലം വന്നാൽ പുറത്ത് വിടും. പരിശോധനയിൽ കണ്ടെത്തിയ കാര്യം തുറന്നു പറഞ്ഞതിന്റെ പേരിൽ ക്യാബിനറ്റ് പദവി നഷ്ടമാകുമെന്ന് ഭയപ്പെടുന്നില്ല. മായം ചേർത്ത ഉത്പന്നങ്ങൾ തമിഴ്‌നാട്ടിൽ വിൽക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിക്ക് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.