ന്യൂഡൽഹി: ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ മാതൃകയിൽ രാജ്യത്ത് ഇന്റർനെറ്റ് അഥോറിറ്റി ഓഫ് ഇന്ത്യ രൂപീകരിക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. സെക്‌സ് വെബ്‌സൈറ്റുകളെ നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഫലം കണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് സൈറ്റുകളെ നിയന്ത്രിക്കാൻ ബദൽ സംവിധാനത്തെ കുറിച്ച് ചർച്ച തുടങ്ങിയത്. ഈ ചർച്ചകളാണ് ഇൻർനെറ്റ് അഥോറിറ്റി ഓഫ് ഇന്ത്യ എന്ന ആശയത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നത്.

സൈബർ കുറ്റകൃത്യങ്ങൾ തടയാനും സുരക്ഷ ഉറപ്പാക്കാനുമുള്ള മാർഗം നിർദേശിക്കാൻ കേന്ദ്രം നിയോഗിച്ച വിദഗ്ധസമിതിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ ലൈംഗിക കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുകയാവും അഥോറിറ്റിയുടെ പ്രധാന ഉത്തരവാദിത്വം. വിദഗ്ധസമിതി അംഗങ്ങളായ ഗ്ലോബൽ സൈബർ സെക്യൂരിറ്റി റെസ്‌പോൺസ് ടീം സിഇഒ. ശുഭമംഗള സുനിൽ, നാഷണൽ സൈബർ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി സ്റ്റാൻഡേർഡ്‌സ് അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. അമർപ്രസാദ് റെഡ്ഡി എന്നിവരാണ് പുതിയ നീക്കത്തെ കുറിച്ച് സൂചന നൽകിയത്.

കുട്ടികൾ ഉൾപ്പെടുന്ന ചില അശ്ലീല വെബ്‌സൈറ്റുകൾ കേന്ദ്രം നേരത്തേ നിരോധിച്ചിരുന്നു. തുടർന്ന് അശ്ലീലസെറ്റുകൾ മുഴുവനായി നിരോധിക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്നും ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും സർക്കാർ കടന്നുകയറുന്നുവെന്നും സമൂഹ മാദ്ധ്യമങ്ങൾ വൻ വിമർശം ഉന്നയിച്ചു. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുകയാണ് അഥോറിറ്റികൊണ്ട് കേന്ദ്രം ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽ സ്ത്രീകളാണ് അശ്ലീല സൈറ്റുകൾ കൂടുതൽ ഉപയോഗിക്കുന്നതെന്ന കണ്ടെത്തൽ തെറ്റാണെന്ന് ഡോ. അമർപ്രസാദ് റെഡ്ഡി പറഞ്ഞു. ഇതിനൊപ്പം ഭീകരവാദ അനുകൂല പരാമർശങ്ങൾ വരുന്ന സൈറ്റുകളേയും നിരീക്ഷണ വിധേയമാക്കും.

ഇന്റർനെറ്റ് നിരീക്ഷണസംവിധാനത്തിന്റെ രൂപരേഖ ഏതാണ്ട് പൂർത്തിയായതായും കർണാടക അടക്കം 18 സംസ്ഥാനങ്ങളുമായി ചർച്ചനടത്തിവരികയാണെന്നും വിദഗ്ധസംഘം പറഞ്ഞു. സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും നിരീക്ഷണ സെല്ലുകൾ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയിലേക്കുവരുന്ന അശ്ലീല വീഡിയോകളിൽ കൂടുതലും പാക്കിസ്ഥാനിൽനിന്നും ബംഗ്ലാദേശിൽനിന്നുമാണെന്നും അവർ വെളിപ്പെടുത്തി. ഇവയെല്ലാം നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ നിരോധിക്കുകയും ചെയ്യാനാണ് നീക്കം.

സാമൂഹിക മാദ്ധ്യമങ്ങളിലെ ചലനങ്ങളും ഈ അതോറിട്ട് നിരീക്ഷിക്കും. ഇന്ത്യയ്ക്ക് എതിരെ അറബ് രാജ്യങ്ങളിൽ നിന്നും മറ്റും നടക്കുന്ന സൈബർ പ്രചരണങ്ങളും പരിശോധിക്കും. ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതാത് രാജ്യങ്ങളെ അപ്പോൾ തന്നെ അതോറിട്ട് അറിയിക്കും. ഇതിലൂടെ തീവ്രവാദ പ്രചാരണത്തേയും തടയാനാകുമെന്നാണ് പ്രതീക്ഷ.