തിരുവനന്തപുരം: പഴയ വീഞ്ഞു പുതിയ കുപ്പിയിലാക്കി വിൽക്കാനൊരുങ്ങുന്ന ഫേസ്‌ബുക്കിന്റെ ഫ്രീ ബേസിക്‌സ് ക്യാമ്പയിനെ പ്രതിരോധിച്ചു ട്രായിക്ക് സന്ദേശം അയക്കാൻ ഇനി അവശേഷിക്കുന്നത് ഒരു ദിവസം മാത്രം. നെറ്റ് ന്യൂട്രാലിറ്റിക്കു വേണ്ടി ട്രായിക്ക് മറുപടി അയക്കാനുള്ള അവസാന തീയതി ഡിസംബർ 30 ആണ്.

നെറ്റ് ന്യൂട്രാലിറ്റി സംരക്ഷിക്കാനായുള്ള സേവ് ദി ഇന്റർനെറ്റ് ക്യാമ്പയിനിലൂടെ വോട്ട് ചെയ്ത് ഉപയോക്താക്കൾക്കു ട്രായിയെ തങ്ങളുടെ അഭിപ്രായം അറിയിക്കാം. നേരത്തെ ഇൻർനെറ്റ് ഡോട്ട് ഓർഗ് എന്ന പേരിൽ ഫേസ്‌ബുക്ക് ഒരു കാമ്പെയ്ൻ കൊണ്ടുവന്നിരുന്നു. അതിന്റെ പുതിയ വകഭേദമാണു ഫ്രീ ബേസിക്‌സിലൂടെ കൊണ്ടുവന്നിട്ടുള്ളത്. ഇതിനെതിരായ ശക്തമായ ഇടപെടലാണു സോഷ്യൽ മീഡിയ നടത്തുന്നത്.

ഫേസ്‌ബുക്കിന്റെ കുരുക്കിൽ കുടുങ്ങിയവരുടെ വകയായി ട്രായിക്ക് 5.5 ലക്ഷം മെയിലുകൾ വന്നുവെന്നാണ് പറയുന്നത്. http://savetheinternet.in വഴി ഫ്രീബേസിക്‌സിനെതിരായ പ്രതിഷേധം തീർക്കാം. ഒന്നൊത്തുപിടിച്ചാൽ കൂടുതൽ ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്താമെന്നു സേവ് ദി ഇന്റർനെറ്റ് ക്യാമ്പയിൻ ഓർമപ്പെടുത്തുന്നു. ഇന്ത്യയിലെ ഇന്റർനെറ്റിന്റെ ഭാവി നിർണ്ണയിക്കേണ്ടത് ഇന്ത്യക്കാരാണോ അതോ ഒരു വിദേശകമ്പനിയുടെ സാമ്പത്തിക ശക്തിയാണോ എന്നുകൂടി തീരുമാനിക്കപ്പെടേണ്ട സമയമാണിത്.

ഫേസ്‌ബുക്ക് ഇന്ത്യയുടെ വരുമാനത്തിന്റെ മൂന്നിലൊന്നോളം (ഏകദേശം നൂറു കോടി രൂപയാണ്) ഫ്രീ ബേസിക്‌സിനെ രക്ഷിച്ചെടുക്കാനുള്ള പരസ്യങ്ങൾക്കായി ഫേസ്‌ബുക്ക് ചെലവാക്കുന്നത്. പത്രങ്ങളിൽ 2 പേജ് ഫുൾപേജ് പരസ്യങ്ങളായും ബിൽബോർഡുകളായും ടിവി സിനിമാ യൂട്യൂബ് പരസ്യങ്ങളായും ഗ്രാമപ്രദേശങ്ങളിൽ ഐസ്‌ക്രീം ട്രക്കുകളായും വരെ ഇന്റർനെറ്റ് ഡോട്ട് ഓർഗ് അവർക്കനുകൂലമായി പൊതുബോധ നിർമ്മാണത്തിനു ശ്രമിക്കുന്നുണ്ട്.

ദേശീയത എന്ന വികാരം മനസിൽ സൂക്ഷിക്കുന്നവർ ഇക്കാര്യത്തിനെതിരെ പ്രതിഷേധിക്കേണ്ടതുണ്ടെന്നും ക്യാമ്പയ്ൻ ഓർമപ്പെടുത്തുന്നു. ഒരു രാജ്യത്തിന്റെ നയങ്ങൾ തീരുമാനിക്കുന്നതിൽ ഒരു വിദേശകമ്പനിയുടെ റോൾ എന്താവണമെന്നുകൂടി തീരുമാനിക്കേണ്ട സമയമാണിത്. അമേരിക്കയിലോ ചൈനയിലോ ഗവൺമെന്റിന്റെ പോളിസി നിർമ്മാണത്തിൽ ഇടപെട്ട് ഇത്തരം ഒരു തെറ്റിദ്ധാരണ പരത്തൽ കാമ്പൈൻ ഒരു ഇന്ത്യൻ കമ്പനി ചെയ്യുന്നെങ്കിൽ അതിനോട് ഏതു തരത്തിലായിരിക്കും പ്രതികരിക്കുക എന്നുകൂടി ആലോചിക്കുക.

പ്രധാനമന്ത്രിയെ സൽക്കരിച്ചും ത്രിവർണ്ണ പ്രൊഫൈൽ പിക്ചർ മാറ്റിയും പരസ്യ പണമിറക്കിയും തെറ്റീദ്ധാരണാകാമ്പൈൻ വഴിയും ഇന്ത്യയുടെ ഭാവി ഇന്റർനെറ്റിനെക്കുറിച്ചുള്ള പോളിസി നിർമ്മാണം തങ്ങളുടെ ചൊൽപ്പടിയിലാക്കാമെന്നു ഒരു 300 ബില്യൺ ഡോളർ കമ്പനി കരുതുമ്പോൾ അതിനെ നിലക്കു നിർത്താനുള്ള കഴിവ് ഭരണകൂടത്തിനുണ്ടോ ഉണ്ടാവണമോ എന്നതു കൂടിയാണിപ്പോൾ വിഷയം.

ഇന്ത്യാ ഗവൺമെന്റും അതിന്റെ നയരൂപീകരണവും ഫേസ്‌ബുക്കിന്റെ ഈ ഡിസ്ഇൻഫർമേഷൻ കാമ്പൈനിനു മുന്നിൽ ഇപ്പോൾ തല കുനിച്ചാൽ ഇനി നമ്മൾ കാണാനിരിക്കുക ഗൂഗിളിനെതിരെ കോടതിവിധികളോ ഗവൺമെന്റ് നടപടികളോ വരികയാണെങ്കിൽ അപ്പോൾ അവർ ആൻഡ്രോയിഡ് ഉപഭോക്താക്കളെ ഗവൺമെന്റിനെതിരെ അണിനിരത്തുന്നതും മൈക്രോസോഫ്റ്റും പാർട്ണർമാരും സ്വതന്ത്രസോഫ്റ്റ്‌വെയർ പോളിസികൾക്കെതിരെ അവരുടെ ഉപഭോക്താക്കളെ അണിനിരത്തുന്നതും ഒക്കെയാണ്.

ഗവൺമെന്റ് എന്തു ചെയ്താലും ഇന്ത്യയിലെ ഇന്റർനെറ്റിന്റെ ഭാവി നിശ്ചയിക്കാൻ പണത്തിനു മേൽ പറക്കുന്ന ഒരു പൊതു അഭിപ്രായ രൂപീകരണം നമുക്കുണ്ടായേ തീരൂ. തെറ്റിദ്ധരിപ്പിച്ചു നേടുന്ന 5.5 ലക്ഷം സ്പാം ഈമെയിലുകളെക്കാൾ 1.65 ലക്ഷം വിഷയത്തിലൂന്നിയ മെയിലുകൾക്ക് വിലയുണ്ടെങ്കിലും എണ്ണത്തിൽ എങ്കിലും ഫേസ്‌ബുക്കിനെ ജനങ്ങളെ പറ്റിക്കുന്നവരാക്കി വിജയിക്കാൻ അനുവദിക്കണോ എന്ന ചോദ്യം ബാക്കിയാണ്. ഫേസ്‌ബുക്കിന്റെ ഇമെയിൽ ട്രായിയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമല്ല എന്ന കാര്യവും സേവ് ദി ഇന്റർനെറ്റ് ക്യാമ്പയിൻ ഓർമപ്പെടുത്തുന്നു.

http://savetheinternet.in ൽ ചെന്ന് Respond to TRAI now എന്നതിൽ ക്ലിക്ക് ചെയ്യുക. മുൻകൂർ തയ്യറാക്കിയ മറുപടി പ്രത്യക്ഷപ്പെടും. കമ്പ്യൂട്ടറിൽ നിന്നാണെങ്കിൽ വരുന്ന മറുപടി നിങ്ങളുടെ ഇമെയിലേയ്ക്ക് To CC അഡ്രസ്സുകൾ സഹിതം കോപ്പി പേസ്റ്റ് ചെയ്യുക (Done അടിച്ചതിനു ശേഷം gmail / yahoo / outlook ബട്ടണിൽ ക്ലിക്കിയാൽ To CC Subject ഒക്കെ തന്നെ പുതിയ മെയിൽ വിൻഡോയിൽ തുറന്നുവരും. മെസ്സേജ് മാത്രം കോപ്പി പേസ്റ്റ് ചെയ്താൽ മതിയാവും). മൊബൈലിൽ നിന്നാണെങ്കിൽ ഇതു നിങ്ങളുടെ ഇമെയിൽ ആപ്പിൽ തന്നെ തുറന്നു വരും. കോപ്പി പേസ്റ്റ് ചെയ്യേണ്ടതില്ല.

അതു വായിച്ചു നോക്കുക. തിരുത്തുകളുണ്ടെങ്കിൽ വരുത്തുക . നേരെ അയക്കുക. ഇത്രമാത്രമാണ് ചെയ്യേണ്ടത്. 10 ലക്ഷം കടക്കൽ മലയാളികൾ മാത്രം വിചാരിച്ചാൽ നടത്താവുന്നതേ ഉള്ളൂ. ഒരു വെബ്‌സൈറ്റ് ഉടമയാണെങ്കിൽ സേവ് ദ ഇന്റർനെറ്റ് ബാനറുകൾ ഉപയോഗിക്കാനും ആഹ്വാനമുണ്ട്. https://t.co/SgqChWMkGv

എത്രമാത്രം ഇമെയിലുകൾ അയച്ചുവെന്ന കണക്ക് ഓരോ അര മണിക്കൂറിലും ബുള്ളറ്റിൻ ബാബു എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ അറിയാനാകും. https://twitter.com/bulletinbabu

ഫേസ്‌ബുക്ക് നേരത്തെ ഇന്റർനെറ്റ് ഡോട്ട് ഓർഗ് ക്യാമ്പയ്ൻ കൊണ്ടുവന്നപ്പോൾ സോഷ്യൽ മീഡിയ വഴിയുള്ള ശക്തമായ ഇടപെടലിനെ തുടർന്ന് നെറ്റ് ഉപഭോക്താക്കൾ വോട്ടു ചെയ്തു പരാജയപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയൊരു പേരിൽ ഫേസ്‌ബുക്ക് വീണ്ടും കെണിയൊരുക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ ഇന്റർനെറ്റ് സമത്വം നിലനിർത്തണമെങ്കിൽ ഉപഭോക്താക്കൾ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഫേസ്‌ബുക്കിന്റെ നീക്കങ്ങളെ വോട്ടുകളിലൂടെ പരാജയപ്പെടുത്താനുള്ള അവസരമാണിത്.

ഇന്ത്യയിൽ ഫ്രീബേസിക്‌സ് അപകടത്തിലാണെന്നും ഇതിനെ രക്ഷിക്കാൻ ട്രായിക്ക് ഇമെയിൽ അയക്കാനുമുള്ള നോട്ടിഫിക്കേഷൻ എന്ന രീതിയിലാണ് ഫേസ്‌ബുക്ക് കെണിയൊരുക്കിയത്. ഇതിനെതിരെ ട്രായിക്ക് മെയിൽ അയക്കാനും ഫേസ്‌ബുക്ക് അഭ്യർത്ഥിച്ചു. ഇത് ഇന്റർനെറ്റിനെ സംരക്ഷിക്കാനുള്ളതാണെന്ന് തെറ്റിദ്ധരിച്ചാണു പലരും ഇതു പിന്തുടർന്നത്. അഞ്ചരലക്ഷത്തോളം പേർ ഈ കെണിയിൽപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇന്റർനെറ്റ് സമത്വത്തിനായി വോട്ടു ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...