ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് ധീരദേശാഭിമാനികളുടെ എക്കാലത്തെയും ഹീറോയായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വേർപാടിന് ഇന്ന് 75 വർഷം. ജപ്പാനിലേക്കുള്ള യാത്രാമധ്യേ വിമാനം തകർന്നുവീണ് 1945 ഓഗസ്റ്റ് 18ന് ആണ് നേതാജി കൊല്ലപ്പെടുന്നത്. 1945 ഓഗസ്റ്റ് 18ന് ജാപ്പനീസ് എയർ ഫോഴ്സ് ബോംബർ വിമാനം വിയറ്റ്നാമിലെ ടൊറേനിൽനിന്നു പുറപ്പെട്ട് ഉച്ചയ്‌ക്ക് 2 മണിക്ക് ജപ്പാനിലെ തയ്‌ഹോക്കു വിമാനത്താവളത്തിലിറങ്ങി. ഇന്ധനം നിറച്ചു പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കുള്ളിൽ തകർന്നു വീഴുകയായിരുന്നു. അതേസമയം, അപകടം സംഭവിച്ചിട്ടില്ലെന്നും നേതാജി പിന്നെയും ഏറെക്കാലം അജ്ഞാതനായും വേഷപ്രച്ഛന്നനായും ജീവിച്ചെന്നും വാദങ്ങളുണ്ട്.

മൂന്നു കമ്മീഷനുകൾ അന്വേഷിച്ചിട്ടും തുമ്പില്ലാത്ത കേസ്

ഭാരതത്തിന്റെ അഭിമാനമായ നേതാജിയുടെ തിരോധാനം മൂന്നു കമ്മീഷനുകൾ ആണ് അന്വേഷിച്ചത്. നെഹ്‌റുവിന്റെ കാലത്ത് 1956ൽ ഷാനവാസ് കമ്മീഷൻ ആണ് സുഭാഷ് ചന്ദ്രബോസിന് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഇറങ്ങിത്തിരിച്ചത്. നേതാജി വിമാനാപകടത്തിൽ കൊല്ലപ്പെട്ടെന്ന് അന്വേഷണകമ്മീഷൻ വിധിയെഴുതി. പക്ഷേ ഇന്ത്യയിലെ ഭൂരിഭാഗം മനുഷ്യരും അത് വിശ്വസിച്ചില്ല. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ 1970 ൽ വീണ്ടും ഒരു കമ്മീഷനെ നിയോഗിച്ചു. ജി ഡി ഖോസ്ലെ കമ്മീഷന്റെ അന്വേഷണത്തിലും വിമാനാപകടത്തിൽ കൂടിയതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ , വാജ്പയി പ്രധാനമന്ത്രിയായിരുന്ന എൻഡിഎ സർക്കാർ നിയോഗിച്ച ജസ്റ്റിസ് മനോജ് മുഖർജി കമ്മീഷൻ അങ്ങനെയൊരു വിമാനപകടമേ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി. 1999ൽ ആയിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. 1945ൽ തായ്വാനിൽ വിമാനപകടം ഉണ്ടായിട്ടില്ലെന്നും അതിനാൽ തന്നെ നേതാജി കൊല്ലപ്പെട്ടിട്ടില്ലെന്നും ആയിരുന്നു മുഖർജി കമ്മീഷന്റെ കണ്ടെത്തൽ . ഈ വെളിപ്പെടുത്തൽ വന്നതോടെ നേതാജി എവിടെയാണെന്ന് ചോദ്യം ഉയർന്നു തുടങ്ങി. എന്നാൽ ചോദ്യകർത്താക്കളെ തൃപ്തിപ്പെടുത്തുന്ന ഒരു ഉത്തരവും ലഭിച്ചില്ല.

നേതാജിയുടെ 118ആം പിറന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ആയിരുന്നു ഇതു സംബന്ധിച്ച് ബി ജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി വിവാദപ്രസ്താവന നടത്തിയത്. നേതാജി വിമാനാപകടത്തിൽ കൊല്ലപ്പെട്ടതല്ല, സൈബീരിയൻ തടവറയിൽ വെച്ച് സോവിയറ്റ് ഏകാധിപതി ജോസഫ് സ്റ്റാലിൽ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നായിരുന്നു വെളിപ്പെടുത്തൽ .നേതാജിയെ നെഞ്ചിലേറ്റി നടക്കുന്ന ബംഗാളിൽ വച്ചായിരുന്നു സ്വാമിയുടെ ഈ പ്രസ്താവന.നേരത്തെ കോൺഗ്രസിന്റെ മുൻ എം പിയും നയതന്ത്രജ്ഞനുമായിരുന്ന സത്യനാരായണൻ സിൻഹ സമാനമായ കാര്യം പറഞ്ഞിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾക്ക് ആരും വലിയ വില കല്പിച്ചില്ല. സൈബീരിയൻ തടവറയിലെ 45ആം മുറിയിൽ നേതാജിയെ കണ്ടതായി സോവിയറ്റ് രഹസ്യപൊലീസ് ഏജന്റായ കോസ്ലോവ് തന്നോട് പറഞ്ഞിരുന്നു എന്നായിരുന്നു സിൻഹയുടെ മൊഴി. ഈ മൊഴിയെ മുൻ കമ്മീഷനുകൾ പരിഗണിക്കാതിരുന്നതിൽ മുഖർജി കമ്മീഷൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

മുഖർജി കമ്മീഷന്റെ കണ്ടെത്തൽ വിവാദമായതോടെ റിപ്പോർട്ട് മന്മോഹൻ സിങ് ഗവൺമെന്റ് തള്ളിക്കളഞ്ഞു. ബോസിന്റേതെന്ന് ഗവൺമെന്റ് അവകാശപ്പെടുന്ന റെങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേത് അല്ലെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു. ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നും കമ്മീഷൻ സൂചിപ്പിച്ചിരുന്നു. അതേസമയം, നേതാജി എങ്ങനെ കൊല്ലപ്പെട്ടു എന്ന കാര്യത്തിൽ വ്യക്തമായ ഒരു ഉത്തരം മുഖർജി കമ്മീഷനും നല്കുന്നില്ല.ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രൊവിൻസിലെ കട്ടക്കിൽ 1897 ജനുവരി 23ന് ആണ് നേതാജി സുഭാഷ് ചന്ദ്രബോസ് ജനിച്ചത്. 1945 ഓഗസ്റ്റ് 18ന് നേതാജി മരിച്ചെന്നാണ് വിക്കിപീഡിയ അടക്കമുള്ള ഇന്റർനെറ്റ് വിജ്ഞാനശേഖരങ്ങൾ പറയുന്നത്.

എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം

ഒഡീഷയിലെ കട്ടക്കിൽ 1897 ജനുവരി 23നായിരുന്നു നേതാജിയുടെ ജനനം. 1919 ഒക്‌ടോബറിൽ കേംബ്രിജ് സർവകലാശാലയിൽ ഉപരിപഠനത്തിനു ചേർന്നു. 1920ൽ മികച്ച നിലയിൽ സിവിൽ സർവീസ് പരീക്ഷ പാസായെങ്കിലും പരിശീലനം പാതിവഴിക്ക് ഉപേക്ഷിച്ചു സ്വാതന്ത്ര്യസമരത്തിൽ അണിചേരാൻ 1921ൽ ഇന്ത്യയിൽ തിരിച്ചെത്തി. 1924 മുതൽ 1927 വരെ തടവിലായിരുന്നു. 1929ൽ നെഹ്റുവും ബോസും ഇന്ത്യ മുഴുവൻ സഞ്ചരിച്ച് യുവജനസമ്മേളനങ്ങളിൽ പ്രസംഗിച്ചു.

1938ൽ ഹരിപുര കോൺഗ്രസ് സമ്മേളനത്തിൽ അദ്ദേഹം കോൺഗ്രസ് പ്രസിഡന്റായി. 1939ൽ ത്രിപുര കോൺഗ്രസ് സമ്മേളനത്തിൽ വീണ്ടും മത്സരിച്ചു. ഗാന്ധിജിയുടെ പിന്തുണയോടെ ഡോ. പട്ടാഭി സീതാരാമയ്യ എതിരെ മത്സരിച്ചെങ്കിലും വിജയം നേതാജിക്കായിരുന്നു. പിന്നീട് ബോസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. 1939ൽ ഫോർവേഡ് ബ്ലോക്ക് രൂപീകരിച്ചു. രണ്ടാം ലോകയുദ്ധം ആരംഭിച്ചപ്പോൾ ബോസ് യുദ്ധവിരുദ്ധനയം സ്വീകരിച്ചതിനാൽ വീട്ടുതടങ്കലിലായി. 1941 ജനുവരിയിൽ അതിസാഹസികമായി രക്ഷപ്പെട്ടു ജർമനിയിലെത്തിയ അദ്ദേഹം, ഇന്ത്യൻ സ്വാതന്ത്യ്‌രപോരാട്ടത്തിനായി ഒരു ഇന്ത്യൻ സൈനികവിഭാഗത്തെ സംഘടിപ്പിച്ചു.

ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെയും ഇന്ത്യൻ നാഷനൽ ആർമിയുടെയും (െഎഎൻഎ) നേതൃത്വം ഏറ്റെടുക്കാനുള്ള റാഷ് ബിഹാരി ബോസിന്റെ ക്ഷണം സ്വീകരിച്ച നേതാജി സിംഗപ്പൂരിലെത്തി. 1943 ഒക്‌ടോബർ 21ന് സിംഗപ്പൂരിൽ വച്ച് നേതാജി തലവനായി ആസാദ് ഹിന്ദ് എന്ന താൽക്കാലിക ഗവൺമെന്റ് സ്‌ഥാപിച്ച് അമേരിക്കയോടും ബ്രിട്ടനോടും യുദ്ധം പ്രഖ്യാപിച്ചു. മലയയിൽ നിന്നു തായ്‌ലൻഡ് - ബർമ വഴി മുന്നേറിയ ഐഎൻഎ ഭടന്മാർ 1944ൽ ഇന്ത്യൻ അതിർത്തിയിൽ ആക്രമണം നടത്തി. എന്നാൽ, സഖ്യകക്ഷികളുടെ വിജയവും ജപ്പാന്റെ പതനവും ഐഎൻഎയെ പ്രതിസന്ധിയിലാക്കി. ജപ്പാൻ കീഴങ്ങിയതോടെ ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനാണ് നേതാജി അങ്ങോട്ടുപോയത്.

എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്നതായിരുന്നു ഇന്ത്യൻ ജനതയോട് നേതാജിയുടെ ആഹ്വാനം. ഐ.എൻ.എയുടെ രൂപവത്കരണത്തിലും പ്രവർത്തനത്തിലും പങ്കുവഹിച്ച നിരവധി മലയാളികളുണ്ട്. ക്യാപ്റ്റൻ ലക്ഷ്മി, എൻ. രാഘവൻ,എ.സി.എൻ നമ്പ്യാർ, കണ്ണേമ്പിള്ളി കരുണാകരമേനോൻ, വക്കം അബ്ദുൾഖാദർ, എൻ.പി. നായർ തുടങ്ങി കുറെ മലയാളികൾ. പോരാട്ടത്തിനിടെ യുദ്ധഭൂമിയിൽ മരിച്ചുവീണവരും ബ്രിട്ടീഷുകാർ തൂക്കിലേറ്റിയവരും അക്കൂട്ടത്തിലുണ്ട്. ഐ.എൻ.എയുടെ വനിതാവിഭാഗമായിരുന്ന ഝാൻസിറാണി റെജിമെന്റിന്റെ നേതൃത്വം വഹിച്ചിരുന്നത് ക്യാപ്റ്റൻ ലക്ഷ്മിയായിരുന്നു. 1943ൽ നേതാജി രൂപം കൊടുത്ത ആസാദ് ഹിന്ദ് ഗവണ്മെന്റിലെ ഏക വനിതാംഗവും അവരായിരുന്നു.

'രക്തം തലയിലേക്ക് ഇരച്ച് കയറുന്നു, എനിക്കൽപ്പം ഉറങ്ങണം'

നേതാജി വിമാന അപകടത്തിൽ കൊല്ലപ്പെട്ടിരുന്നില്ല എന്ന പ്രചാരണത്തിന് അന്ത്യമായത് അദ്ദേഹത്തിന്റെ സഖ്യകക്ഷിയായ ജപ്പാൻ 2016ൽ ചില രേഖകൾ പുറത്ത് വിട്ടതോടെയാണ്. ജപ്പാന്റെ രേഖകൾ പ്രകാരം അദ്ദേഹം വിമാന അപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കുന്നു. ഇതോടൊയാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ഗൂഢാലോചനാ തിയറിക്ക് അവസാനമായത്. നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട് ജാപ്പനീസ് സർക്കാർ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളടങ്ങിയ റിപ്പോർട്ടാണ് പുറത്തുവന്നത്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെബ്‌സൈറ്റാണ് റിപ്പോർട്ടിലെ രേഖകൾ സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

1956 ജനുവരിയിലാണ് അന്വേഷണ റിപ്പോർട്ട് പൂർത്തിയായതെന്നും ഇതു ടോക്കിയോയിലെ ഇന്ത്യൻ എംബസിക്കു ജാപ്പനീസ് സർക്കാർ നൽകിയതായും വെബ്‌സൈറ്റ് പറയുന്നു. രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ അടങ്ങിയതിനാലാണ് റിപ്പോർട്ട് ഇന്ത്യൻ സർക്കാർ പുറത്തുവിടാതിരുന്നത്. 1945 ഓഗസ്റ്റ് 18 നുണ്ടായ വിമാനാപകടത്തിലാണ് നേതാജി കൊല്ലപ്പെട്ടതെന്നു അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും വെബ്‌സൈറ്റ് പറയുന്നു.

അപകടത്തിൽ നേതാജിക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. വൈകിട്ട് മൂന്നിന് അദ്ദേഹത്തെ തായ്‌പെയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഏഴോടെ മരിച്ചു. ഓഗസ്റ്റ് 22 ന് തായ്‌പെയിലുള്ള മുൻസിപ്പിൽ ശ്മശാനത്തിൽ അദ്ദേഹത്തെ സംസ്‌കരിച്ചതായും വെബ്‌സൈറ്റ് പുറത്തുവിട്ട രേഖകളിലുണ്ട്.

നേരത്തെ ബ്രിട്ടീഷ് വെബ്‌സൈറ്റും സമാനമായ വെളിപ്പെടുത്തൽ നടത്തിയിരുന്നു. തായ്‌വാനിൽ നടന്ന വിമാനാപകടത്തിലാണ് ഗുരുതരമായ പരിക്കേറ്റ നേതാജി ആശുപത്രിയിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചതെന്നായിരുന്നു ബ്രിട്ടനിലെ ഒരു വെബ്‌സൈറ്റാണു വെളിപ്പെടുത്തൽ. സാക്ഷികളെ ഉദ്ധരിച്ചാണു www.bosefile.info എന്ന വെബ്‌സൈറ്റിന്റെ കണ്ടെത്തലുകൾ പുറത്തുവന്നിരിക്കുന്നത്.

നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടായിരുന്ന ദുരൂഹത അവസാനിപ്പിക്കുന്നുവെന്ന അവകാശവാദത്തോടെയാണ് വെബ്‌സൈറ്റ് വാർത്ത പുറത്തുവിട്ടത്. 1945ൽ തായ്‌വാനിൽ നടന്ന വിമാനാപകടത്തിൽ അദ്ദേഹം മരിക്കുന്നതിന് ദൃക്‌സാക്ഷികളായ അഞ്ച് പേരിൽ നിന്നാണ് തങ്ങൾക്ക് ഈ വിവരം ലഭിച്ചതെന്നും വെബ്‌സൈറ്റ് അവകാശപ്പെടുന്നു.

1945 ഓഗസ്റ്റ് 18നാണ് നേതാജി മരിച്ചത്. നേതാജിയോടൊപ്പം ഉണ്ടായിരുന്ന കേണൽ ഹബീബുൾ റഹ്മാൻ പുറത്തിറക്കിയ കുറിപ്പും പുറത്തുവിട്ടു. നേതാജി രൂപീകരിച്ച ഇന്ത്യൻ നാഷനൽ ആർമി കേണലായിരുന്നു ഹബീബുർ റഹ്മാൻ ഖാൻ. നേതാജിക്കൊപ്പം അദ്ദേഹത്തിനൊപ്പം വിമാനത്തിലുണ്ടായിരുന്നു. ഇരുവർക്കും അപകടത്തിൽ പരുക്കേറ്റിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നേതാജി മരണമടയുകയായിരുന്നുവെന്ന് ഖാൻ അറിയിച്ചിരുന്നെന്ന രേഖയാണ് വെബ്‌സൈറ്റ് പുറത്തുവിട്ടത്. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് വെബ്‌സൈറ്റ് രംഗത്ത് വന്നത്.

'രക്തം തലയിലേക്ക് ഇരച്ച് കയറുന്നു,? എനിക്കൽപ്പം ഉറങ്ങണം' എന്നാണു വിമാനാപകടത്തിൽ പരിക്കേറ്റ നേതാജി അവസാനം പറഞ്ഞ വാക്കുകളെന്നു വെബ്‌സൈറ്റിൽ പറയുന്നു. ലണ്ടനിൽ ജോലി ചെയ്യുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ ആശിഷ് റേയാണ് വിവരങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിച്ചത്. നാന്മൻ പട്ടാള ആശുപത്രിയിൽ അവസാനദിവസം ബോസിനെ പരിചരിച്ച ഡോ. തനേയോഷി യോഷിമിയാണ് അവസാനവാക്കുകൾ വെളിപ്പെടുത്തിയതെന്നും വെബ്‌സൈറ്റിൽ പറയുന്നു.

വിമാനാപകടം അതിജീവിച്ച നേതാജി ഏറെക്കാലം ജീവിച്ചിരുന്നെന്ന സംശയം ഉയരുന്നതിനിടെയാണ് ഇത്തരം വെളിപ്പെടുത്തൽ പുറത്തുവന്നത്. നേതാജിയുടെ മുറിവുകൾ എണ്ണയുപയോഗിച്ച് വൃത്തിയാക്കിയതും മരുന്ന് കെട്ടിവച്ചതും താനാണെന്ന ഡോ.യോഷിമിയുടെ വെളിപ്പെടുത്തൽ അടക്കം വെബ്‌സൈറ്റ് പുറത്തുവിട്ടിരുന്നു.