- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോന്തുരുത്തിയിൽ നിന്ന് ഫൈബർ വഞ്ചിയിൽ വന്ന എബിനും പ്രവീണും മടക്കയാത്രയിൽ സഹോദരങ്ങളെയും ഒപ്പം കൂട്ടി; കൊച്ചി: ബർത്ത്ഡേ കേക്കുമായി പോകുന്നതിനിടെ വള്ളം മറിഞ്ഞ് മരിച്ചത് സഹോദരങ്ങളും കൂട്ടുകാരനും; നെട്ടൂരിനെ കണ്ണീരിലാക്കി കബറടക്കം
കൊച്ചി: ബർത്ത്ഡേ കേക്കുമായി പോകുന്നതിനിടെ വള്ളം മറിഞ്ഞ് മരിച്ച അഷ്ന(22), ആദിൽ(18), എബിൻ പോൾ(20) എന്നിവരുടെ സംസ്‌ക്കാരം നടത്തി. നെട്ടൂർ മൗലാന റോഡിൽ പെരിങ്ങാട്ടുപറമ്പിൽ ബീന മൻസിലിൽ നവാസ്-ഷാമില ദമ്പതികളുടെ മക്കളാണ് അഷ്നയും ആദിലും. എബിൻ കോന്തുരുത്തി മണലിൽ പോൾ-ഹണി ദമ്പതികളുടെ മകനാണ്.
മൃതദേഹങ്ങൾ നെട്ടൂർ മഹല്ല് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വച്ചു. അന്ത്യാഞ്ജലി അർപ്പിക്കാൻ സ്ത്രീകളടക്കം വൻ ജനാവലി എത്തിയിരുന്നു. അഞ്ചരയോടെ കബറടക്കി. എബിൻ പോളിന്റെ സംസ്‌കാരം പകൽ മൂന്നരയോടെ തേവര സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ നടത്തി. ഇതിനിടയിൽ അഷ്നയുടെയും ആദിലിന്റെയും മൃതദേഹങ്ങൾ കണ്ട് മാതാവ് ഷാമില ബോധ രഹിതയായി വീണു. ഷാമിലയെ ആശുപത്രിയിലേക്ക് കൊണ്ടു പോയ വാഹനം അപകടത്തിൽപ്പെട്ടെങ്കിലും ആർക്കും പരിക്കു പറ്റിയില്ല.
കഴിഞ്ഞ ദിവസമാണ് തേവര കായലിൽ വഞ്ചി മറിഞ്ഞ് സഹോദരങ്ങളടക്കം മൂന്നു വിദ്യാർത്ഥികൾ മുങ്ങി മരിച്ചത്. ഒരാൾ നീന്തി രക്ഷപ്പെട്ടു. എബിന്റെ കൂട്ടുകാരൻ കോന്തുരുത്തി കളത്തിപ്പറമ്പിൽ ജൂഡ് ദേവുസിന്റെ മകൻ പ്രവീൺ (22)ആണ് രക്ഷപ്പെട്ടത്. വൈകുന്നേരം അഞ്ചു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. അഷ്‌നയും ആദിലും വീട്ടിൽ കേക്ക് ഉണ്ടാക്കി വിൽപ്പന നടത്തുന്നവരായിരുന്നു.
എബിന്റെ ആവശ്യപ്രകാരം അവരുടെ വീട്ടിലെ പിറന്നാൾ ആഘോഷത്തിനായി തയ്യാറാക്കിയ കേക്കുമായുള്ള യാത്രയാണ് അന്ത്യയാത്രയായത്. കോന്തുരുത്തിയിൽ നിന്ന് ഫൈബർ വഞ്ചിയിൽ വന്ന എബിനും പ്രവീണും മടക്കയാത്രയിൽ സഹോദരങ്ങളെയും ഒപ്പം കൂട്ടുകയായിരുന്നു. വ്യവസായ മേഖലയിലേക്ക് ബാർജുകൾ പോകുന്ന ദേശീയ ജലപാത-3ന്റെ ഭാഗമായ ആഴമേറിയ ഭാഗത്ത് എത്തും മുമ്പു തന്നെ വഞ്ചി മറിഞ്ഞു.
വീടിനു മുന്നിൽ നിൽക്കുകയായിരുന്ന നെട്ടൂർ പടന്നക്കൽ പൗലോസാണ് കരച്ചിൽ കേട്ട് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. കരയിലേക്ക് നീന്തിയ പ്രവീണിനെ പൗലോസ് നീന്തിച്ചെന്ന് വലിച്ച് കരയിലെത്തിക്കുകയായിരുന്നു. മറ്റുള്ളവർ അപ്പോഴേക്കും മുങ്ങിത്താണു. അപകടവിവരം അറിഞ്ഞയുടൻ തന്നെ പൊലീസും മുങ്ങൽ വിദഗ്ദ്ധരും സ്ഥലത്തെത്തി തെരച്ചിൽ തുടങ്ങി.
മരട് നഗരസഭയുടെ നാല് ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിന് എത്തി. ഒന്നര മണിക്കൂറിനു ശേഷം ആഷ്‌നയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പിന്നാലെ മറ്റു രണ്ടു പേരുടെയും മൃതദേഹങ്ങൾ ലഭിച്ചു. ഒഴുക്ക് ഇല്ലാത്ത ഭാഗത്തായതിൽ മൃതദേഹങ്ങൾ പെട്ടെന്നു തന്നെ കണ്ടെത്താനായി. എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
ആഷ്ന പെരുമ്പാവൂർ നാഷണൽ കോളേജിലെ ബി.എഡ് വിദ്യാർത്ഥിനിയാണ്. ആദിൽ തൃപ്പൂണിത്തുറ ഗവ.സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്. കളമശേരി സെന്റ് പോൾസ് കോളേജിലെ ഒന്നാം വർഷ ബി.എ.ഇംഗ്ളീഷ് വിദ്യാർത്ഥിയാണ് എബിൻ. എബിന്റെ പിതാവ് പോൾ ഷിപ്പ്യാർഡിലെയും അമ്മ ഹണി പോസ്റ്റ്ഓഫീസിലെയും ജീവനക്കാരാണ്. സഹോദരൻ: ആൽബിൻ.