ചെന്നൈ: വാർധ കൊടുങ്കാറ്റിൽ ഇന്ത്യയുടെ ഡിജിറ്റൽ ലോകം സ്തംഭിച്ചു. രാജ്യത്ത് മിക്ക സ്ഥലങ്ങളിലും ഇപ്പോഴും ഇന്റർനെറ്റ് സേവനം പൂർവ്വ സ്ഥിതിയിലായിട്ടില്ല. കറൻസികൾ പിൻവലിച്ച് രാജ്യം ക്യാഷ്ലെസ് എക്കണോമി എന്ന സ്വപ്നത്തിലേക്ക് നീങ്ങുന്ന രാജ്യത്തിന് ചില ചോദ്യങ്ങളാണ് കൊടുങ്കാറ്റ് സമ്മാനിച്ചത്.

കറൻസി നോട്ടുകളുടെ ക്ഷാമം നേരിടുന്ന അവസരത്തിൽ തന്നെ ഓൺലൈൻ ഇടപാടുകൾ നടത്താനാകാത്ത സ്ഥിതിയാണ് വാർധ സൃഷ്ടിച്ചത്. രാജ്യത്തെ രണ്ടു പ്രധാന ഇന്റർനെറ്റ് ഗേറ്റ്‌വേകൾ മുംബൈ, ചെന്നൈ ആണ്. ഇതിൽ ചെന്നൈ ഗേറ്റ്‌വെ പണിമുടക്കിയതോടെയാണ് രാജ്യത്തെ ക്യാഷ്ലെസ് ഇടപാടുകളും പണിമുടക്കിയത്.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ മുഴുവൻ ഇന്റർനെറ്റ് സർവീസുകളും തകർന്നിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ഡിജിറ്റൽ ഇന്ത്യയ്ക്ക് ആകുമോ എന്നതാണ് ഉയരുന്ന ചോദ്യം. കൊടുങ്കാറ്റിൽ രാജ്യത്തെ മൊത്തം ഇന്റർനെറ്റ് മേഖലയും തകർന്നു. ഇതോടെ ഓൺലൈൻ ബാങ്കിങും കാർഡ് സ്വൈപ്പിങും നടത്താൻ കഴിയാതെ വന്നു.

ചെന്നൈ ദുരന്തത്തിൽ നെറ്റ്‌വർക്ക് തകർന്നതായി ടെലികോം സേവനദാതാക്കളെല്ലാം ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ഓൺൈലൻ ഇടപാടുകൾ സ്തംഭിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ ബാങ്കുകളിൽ വൻ തിരക്കനുഭവപ്പെട്ടു. എടിഎമ്മുകൾക്ക് മുന്നിൽ നീണ്ട വരിയായിരുന്നു. എന്നാൽ മികച്ച നെറ്റ്‌വർക്ക് സേവനം ലഭിക്കാതെ മിക്ക എടിഎമ്മുകളും പണിമുടക്കി.

ചെന്നൈ വഴി പോകുന്ന നിരവധി ഫൈബർ കേബിളുകൾ മുറിഞ്ഞുപോയതാണ് ഇന്റർനെറ്റ് സർവീസുകളെ ബാധിച്ചത്. ഇത് പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും. മൊബൈൽ ടെലികോം സേവനദാതാക്കൾക്ക് വരെ മികച്ച ഇന്റർനെറ്റ് സേവനം നൽകാൻ ഇപ്പോഴും കഴിയുന്നില്ല. ഇന്റർനെറ്റ് ലഭ്യമല്ലാതെ വന്നതോടെ ഇടപാടുകൾ കുത്തനെ കുറഞ്ഞു. മിക്കവർക്കും മൊബൈൽ റീചാർജ് വരെ മുടങ്ങി.

പ്രധാന ബാങ്കുകളുടെ പിഒഎസ് മെഷീനുകളെയും ചെന്നൈ ദുരന്തം ബാധിച്ചു. ഡൽഹി, കൊൽക്കത്ത, കേരളം എന്നിവിടങ്ങളിലെ ഓൺലൈൻ ഇടപാടുകളെ ചെന്നൈ കൊടുങ്കാറ്റ് ബാധിച്ചതായി ട്വീറ്റുകളിൽ നിന്നു വ്യക്തമാണ്.