- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തികച്ചും സ്വതന്ത്രമായ തദ്ദേശ ഭരണകൂടം; നികുതി പിരിവ് മുതൽ നിയമപാലനം വരെ ഈ ഭരണകൂടത്തിനു കീഴിൽ; എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള സ്വകാര്യ സ്മാർട്ട് സിറ്റികൾ; മുതലാളിത്ത വ്യവസ്ഥയിൽ പുതിയ കാൽചുവടുമായി അമേരിക്കയിലെ നെവാഡ സംസ്ഥാനം; കോർപ്പറേറ്റുകളുടെ സ്വന്തം നഗരങ്ങൾ നിലവിൽ വരുമ്പോൾ
നെവാഡ: കിഴക്കമ്പലം പഞ്ചായത്തിൽ കിറ്റെക്‌സ് പിന്തുണയുള്ള ട്വെന്റി ട്വെന്റി ഭരണത്തിൽ എത്തിയപ്പോൾ എന്തെല്ലാം വിമർശനങ്ങളായിരുന്നു മലയാളികൾ ഉയർത്തിയത്. സി എസ് ആർ ഫണ്ട് ഉപയോഗിച്ച് ജനാധിപത്യം വിലയ്ക്ക് വാങ്ങി എന്നതുമുതൽ, രാഷ്ട്രീയ കേരളത്തിന് ലജ്ജാകരമായ ഒരു സംഭവമായി വരെ പലരും അതിനെ വിമർശിച്ചു. പുതിയ മാറ്റങ്ങളോട് എന്നും വൈകി മാത്രം ഇണങ്ങിപ്പോകുവാൻ മനസ്സുകാണിക്കുന്ന മലയാളിയുടെ യാഥാസ്ഥികത്വ ചിന്തതന്നെയാണ് ഇത്തരം ഘട്ടങ്ങളിൽ മുന്നിട്ട് നിൽക്കാറുള്ളത്. ട്രാക്ടർ മുതൽ കമ്പ്യുട്ടർ വരെ വന്നപ്പോഴും നമ്മൾ കണ്ടത് ഇതേ യാഥാസ്ഥിതികത്വമായിരുന്നു.
എന്നാൽ, എല്ലാവരും മാറ്റത്തിനെതിരെ മുഖം തിരിച്ചു നിൽക്കുന്നവരല്ല, പ്രത്യേകിച്ച് പാശ്ചാത്യർ. എന്നും പുതുമയാർന്ന പരീക്ഷണങ്ങളിലൂടെ കൂടുതൽ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ഒരുക്കുവാൻ അവർ കഠിനമായി, സ്ഥിരതയോടെ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അമേരിക്കൻ സംസ്ഥാനമായ നെവാഡയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ നിയമം. വൈവിധ്യമാർന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കുവാനായി പ്രത്യേക ഇന്നോവേറ്റീവ് സോണുകൾ രൂപീകരിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ പുതിയ നിയമം.
സർ തോമസ് മൂർ സ്വപ്നം കണ്ട ഉട്ടോപ്യയിൽ, മനുഷ്യജീവിതത്തിന് എത്തിപ്പെടാവുന്ന ഏറ്റവും ഉയർന്ന ജീവിതനിലവാരം ഉണ്ടായിരുന്നു. അതിനെ അനുസ്മരിപ്പിക്കുന്നവിധത്തിലാണ് നെവാഡയിൽ ക്രിപ്‌റ്റോകറൻസിയിലൂടെ ശതകോടീശ്വരനായ ജെഫ്രി ബേൺസിന്റെ ബ്ലൊക്ക്‌ചെയിൻ പുതിയ പദ്ധതിയുമായി എത്തിയിരിക്കുന്നത്. നെവാഡയിലെ വരണ്ട മരുഭൂമിയിലെ 67,000 ഏക്കർ സ്ഥലം സ്വന്തമാക്കിയാണ് ജെഫ്രിയും കൂട്ടരും ഇവിടെ ഒരു സ്മാർട്ട് സിറ്റി രൂപീകരിക്കാൻ പോകുന്നത്. 170 മില്ല്യൺ ഡോളറിനാണ് ഈ ഭൂമി വാങ്ങുന്നത്.
പെയിന്റഡ് റോക്ക് എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ സമർത്ഥ നഗരത്തിൽ, ഒരു നഗരത്തിനുവേണ്ട എല്ലാ സൗകര്യങ്ങളുമുണ്ടാകും. സ്‌കൂളുകൾ, ആശുപത്രികൾ, ഷോപ്പിങ് മാളുകൾ എന്നിങ്ങനെ എല്ലാം ഇവിടെയുണ്ടാകും. സമ്പൂർണ്ണ കാർബൺ രഹിത നഗരം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുവാൻ, പെട്രോൾ-ഡീസൽ വാഹനങ്ങൾക്ക് ഇവിടെ അനുമതി ഉണ്ടായിരിക്കുന്നതല്ല. മറിച്ച് സ്വകാര്യ വാഹനങ്ങളും പൊതുഗതാഗത സംവിധാനവും ഇലക്ട്രിക്‌സിറ്റിയായിരിക്കും ഇന്ധനമായി ഉപയോഗിക്കുക. 15,000 വീടുകളാണ് ഈ നഗരത്തിൽ ഉണ്ടാവുക.അതായത് ഏകദേശം 36,000 ത്തോളം പേർ ഇവിടെ അധിവസിക്കും. 11 മില്ല്യൺ ചതുരശ്ര അടിയുടെ വാണിജ്യകേന്ദ്രങ്ങളും ഉണ്ടാകും.
ഇതെല്ലാം ഒരു സാധാരണ നഗരത്തിലെ കാഴ്‌ച്ചകളായി തോന്നാം, എന്നാൽ, ഈ നഗരത്തിന്റെ കാര്യത്തിലുള്ള പ്രധാന വ്യത്യാസം ഇത് തികച്ചും ഒരു സ്വയം ഭരണ പ്രദേശമായിരിക്കും എന്നതാണ്. നികുതി പിരിക്കുന്നതുമുതൽ നിയമം നടപ്പിലാക്കുന്നതും, പൊതുസേവങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, പൊതുഗതാഗതം എന്നിവയൊക്കെ ഈ ഭരണകൂടത്തിന്റെ ചുമതലയിലായിരിക്കും. മറ്റൊരു പ്രത്യേകത, ഇവിടത്തെ എല്ലാ സേവനങ്ങൾക്കും മറ്റും ജനങ്ങൾ പണം നൽകുന്നത് ബ്ലോക്ക് ചെയിൻ എന്ന ഡാറ്റാബേസ് സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ക്രിപ്‌റ്റോകറൻസിയിലൂടെയായിരിക്കും.
പ്രതിവർഷം 4.6 ബില്ല്യൺ ഡോളറിന്റെ വരുമാനമാണ് ഈ നഗരത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഒരു ഭാഗം നെവേഡ സംസ്ഥാനത്തിനും നൽകും. ഡെമൊക്രാറ്റിക് നേതാവായ നെവേഡ ഗവർണർ സ്റ്റീവ് സിസോലാക് ഈ പദ്ധതിയെ നെഞ്ചിലേറ്റിക്കഴിഞ്ഞു. ബ്ലോക്ക് ചെയിനിനും താത്പര്യമുള്ള മറ്റ് കോർപ്പറേറ്റ് കമ്പനികൾക്കും ഇത്തരത്തിലുള്ള സ്മാർട്ട് സിറ്റികൾ നിർമ്മിക്കുന്നതിന് സഹായകരമാം വിധം നിയമം പരിഷ്‌കരിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം.
പുതിയതായി കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നിയമമനുസരിച്ച് 5000 ഏക്കർ ഭൂമിയെങ്കിലും ഉള്ള വലിയ കോർപ്പറേറ്റുകൾക്ക് മാത്രമായിരിക്കും ഇത്തരത്തിലുള്ള സമർത്ഥ നഗരങ്ങൾക്കുള്ള അനുമതി ലഭിക്കുക. ഇന്നോവേറ്റീവ് സോണുകൾ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഇത്തരം നഗരങ്ങൾ ആരംഭകാലത്ത് സംസ്ഥാന ഗവർണർ നിയമിക്കുന്ന മൂന്ന് സൂപ്പർവൈസർമാരായിരിക്കും ഭരിക്കുക. 100 താസക്കാർ ഈ സോണിൽ താമസിക്കാൻ എത്തിയാൽ, സംസ്ഥാനത്തെ നിയമങ്ങൾക്ക് അനുസൃതമായ രീതിയിൽ ഇവിടെ തെരഞ്ഞെടുപ്പ് നടത്തും. ഈ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയായിരിക്കും പിന്നീട് ഈ നഗരം ഭരിക്കുക.
എന്താണ് ബ്ലോക്ക് ചെയിൻ?
വിവിധ കമ്പ്യുട്ടറുകൾ തമ്മിലുള്ള ഒരു നെറ്റ് വർക്കിൽവിവരങ്ങൾ സൂക്ഷിക്കുന്ന ഒരു ഡിജിറ്റൽ ഡാറ്റാബേസ് ടെക്‌നോളജിയാണ് ബ്ലോക്ക് ചെയിൻ എന്നത്. ഇതിലേക്ക് ആക്‌സസ് ഉള്ള ആർക്കും ഈ വിവരങ്ങൾ കാണുവാനാകുമെങ്കിലും അതിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കുകയില്ല. ബിറ്റ്‌കോയിൽ പോലുള്ള ക്രിപ്‌റ്റൊകറൻസികളുടെ ഇടപാടുകൾക്കായാണ് ബ്ലോക്ക് ചെയിൻ ആദ്യം രൂപ കല്പന ചെയ്തതെങ്കിലും ഇന്ന് ഇത് വിവിധ ഉദ്ദേശങ്ങൾക്കായി ഉപയോഗിക്കുന്നു. ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുക വഴി നഗരവാസികൾ ബാങ്ക് പോലുള്ള ഇടനിലക്കാരെ സാമ്പത്തിക ഇടപാടുകളിൽ നിന്നും ഒഴിവാക്കും. ജനാധിപത്യത്തെ കൂടുതൽ ജനാധിപത്യവത്ക്കരിക്കുന്ന, ജനങ്ങളുടെ എല്ലാ കാര്യങ്ങളും ജനങ്ങൾ തന്നെ തീരുമാനിക്കുന്ന ഒരു സംവിധാനമാണ് തന്റെ സ്വപ്നമെന്ന് ജെഫ്രി പറയുന്നു.
ഇതുപോലെ വ്യത്യസ്ത സാങ്കേതിക വിദ്യകളിൽ അടിസ്ഥിതമായ, അത്തരം സാങ്കേതിക വിദ്യകളെ കൂടുതൽ ജനോപകാരപ്രദമാക്കുവാനുള്ള മേഖലകളായിട്ടായിരിക്കും ഇത്തരത്തിലുള്ള ഇന്നോവേറ്റീവ് സോണുകൾ രൂപീകരിക്കുക എന്ന നെവാഡ ഗവർണർ സിസോലാക് പറഞ്ഞു. ചുരുങ്ങിയത് 50,000 ഏക്കർ ഭൂമി സ്വന്തമായുള്ള, അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി 1 ബില്ല്യൺ ഡോളർ ചെലവഴിക്കാൻ കഴിവുള്ള കമ്പനികൾക്കായിരിക്കും ഇത്തരത്തിലുള്ള സമർത്ഥ നഗരങ്ങൾ നിർമ്മിക്കാനുള്ള അനുമതി നൽകുക. ഒരു കൗണ്ടിക്കുള്ള എല്ലാ അധികാരങ്ങളും ഇവിടെയുള്ള തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് ഉണ്ടാകും.
മറുനാടന് ഡെസ്ക്