തെരേസ മെയ്‌ മുന്നോട്ടുവെച്ച ബ്രെക്‌സിറ്റ് പദ്ധതി യൂറോപ്യൻ യൂണിയൻ നേതാക്കൾ തള്ളിയതോടെ, വ്യാപാരക്കരാറുകളിൽ ഏർപ്പെട്ടുകൊണ്ടുള്ള വേർപിരിയൽ ഏറെക്കുറെ അസാധ്യമായി. സാൽസ്ബർഗിൽ നടന്ന ചർച്ചയിൽ തെരേസ മുന്നോട്ടുവെച്ച പദ്ധതി പ്രായോഗികമല്ലെന്ന നിലപാടാണ് യൂറോപ്യൻ യൂണിയൻ കൈക്കൊണ്ടത്. നോർത്തേൺ അയർലൻഡിനായി പ്രത്യേക ഇളന് അനുവദിക്കാമെന്നും കരാറിലേർപ്പെടാമെന്നുതന്നെയാണ് തന്റെ വിശ്വാസമെന്നും തെരേസ അഭിപ്രായപ്പെട്ടെങ്കിലും, ചർച്ചകൾ വഴിമുട്ടിയെന്ന് തെളിയിക്കുന്നതായിരുന്നു അവരുടെ ശരീരഭാഷ.

തെരേസ കൊണ്ടുവന്ന 'ചെക്കേഴ്‌സ് ഡീൽ' പ്രായോഗികമല്ലെന്ന കാര്യത്തിൽ യൂണിയനിലെ മറ്റ് 27 രാജ്യങ്ങൾക്കും ഏകാഭിപ്രായമാണെന്ന് യൂറോപ്യൻ യൂണിയൻ തലവൻ ഡൊണാൾഡ് ടസ്‌ക് പറഞ്ഞു. ഇതോടെയാണ് കരാറില്ലാതെതന്നെ ബ്രിട്ടന് യൂറോപ്പിനോട് വിടപറയേണ്ടിവരുമെന്ന സൂചന തെരേസയ്ക്ക് നൽകേണ്ടിവന്നത്. താനും ടസ്‌കുമായി നടന്നത് തുറന്ന ചർച്ചയായിരുന്നുവെന്നും അവർ പിന്നീട പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇനിയും കൂടുതൽ കാത്തിരിക്കാൻ ബ്രിട്ടനാവില്ലെന്ന് തെരേസ മെയ്‌ തുറന്നടിച്ചു. ആ്‌രും സംശയിക്കേണ്ട. യൂറോപ്യൻ യൂണിയനുമായി കരാറൊന്നുമില്ലാതെ വേർപിരിയേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഈ അവസ്ഥയെ നേരിടാനുള്ള ആത്മവിശ്വാസം ബ്രിട്ടീഷ് ജനതയ്ക്കുണ്ട്. യൂറോപ്യൻ യൂണിയനിൽനിന്നുള്ള വേർപിരിയൽ വിജയകരമായി പൂർത്തിയാക്കുന്നുതിനുള്ള മുൻകരുതലുകളും ബ്രിട്ടൻ സ്വീകരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

സ്വന്തം പാർട്ടിക്കുള്ളിൽനിന്നുതന്നെ ബ്രെക്‌സിറ്റ് പദ്ധതികളെച്ചൊല്ലി തെരേസ വിമർശനം നേരിടുന്നതിനിടെയാണ് ഈ സംഭവവികാസങ്ങൾ. എന്നാൽ, പാർട്ടിയുടെ മുൻ നേതാവ് ഡങ്കൺ സ്മിത്ത് തെരേസയുടെ സഹായത്തിനായെത്തി. യൂറോപ്യൻ യൂണിയൻ ബ്രിട്ടനെ അവഗണിക്കുകയാണെന്നും ഇത് വകവെച്ചുകൊടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അയർലൻഡ് അതിർത്തിയെച്ചൊല്ലി തർക്കമുണ്ടെന്ന് ഭാവിക്കുകയും ബ്രിട്ടനുമേൽ സമ്മർദം ചെലുത്തി കാര്യങ്ങൾ സാധിക്കുകയുമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ബ്രെക്‌സിറ്റ് പദ്ധതിക്ക് സ്വീകാര്യത കിട്ടുമെന്ന പ്രതീക്ഷയിലാണ് ഓ്‌സ്ട്രിയയിൽ നടന്ന സമ്മേളനത്തിന് തെരേസ എത്തിയത്. എന്നാൽ നിരാശാജനകമായ സമീപനമാണ് യൂറോപ്യൻ യൂണിയനിലെ മറ്റു നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായതെന്ന് തെരേസ വ്യക്തമാക്കി. കൂടുതൽ ഇളവുകൾ നേടിയെടുക്കുകയെന്ന സമ്മർദതന്ത്രത്തിന്റെ ഭാഗമായാണ് ചെക്കേഴ്‌സ് പ്ലാൻ യൂറോപ്യൻ യൂണിയൻ തള്ളിയത്. ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോണും ജർമൻ ചാൻസലർ ആംഗല മെർക്കലും കൂടുതൽ കടുത്ത നിലപാട് സ്വീകരിച്ച് ബ്രിട്ടനെ സമ്മർദത്തിലാഴ്‌ത്തണമെന്ന് ഡൊണാൾഡ് ടസ്‌കിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ബ്രിട്ടനിൽ വീണ്ടുമൊരു ഹിതപരിശോധന നടത്തി ബ്രെക്‌സിറ്റ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കണമെന്ന ആശയവും ചില യൂറോപ്യൻ രാജ്യങ്ങൾ മു്‌ന്നോട്ടുവെച്ചിരുന്നു. അല്പം ദേഷ്യത്തോടെ തന്നെ തെരേസ ഇത് തള്ളുകയും ചെയ്തു. മാൾട്ടയുടെയും ചെ്ക്ക് റിപ്പബ്ലിക്കിന്റെയും പ്രധാനമന്ത്രിമാരാണ് രണ്ടാം ഹിതപരിശോധനയെന്ന ആശയവുമായി മുന്നോട്ടുവന്നത്. സ്ഥിതിഗതികൾ ഈ രീതിയിലായതോടെ, നവംബറിൽ ചേരാനിരുന്ന പ്രത്യേക ബ്രെക്‌സിറ്റ് ഉച്ചകോടി നടക്കാനുള്ള സാധ്യതയും മങ്ങി.