കൊച്ചി: ദേശീയ തലത്തിൽ ഘർവാപ്പസിക്ക് കുറവ് വന്നെങ്കിലും കേരളത്തിൽ വരും ദിനങ്ങളിൽ ഹിന്ദു മതത്തിലേക്കുള്ള പരിവർത്തനം ശക്തമാക്കാൻ സംഘപരിവാർ സംഘടനകളുടെ പുതിയ നീക്കം. സംസ്ഥാനത്തെ സന്യാസി സമൂഹത്തെ അണി നരത്തി ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് തീരുമാനം. അതിനിടെ ബഹു ലാവോ,ബേട്ടി ബച്ചാവോ അഥവാ മരുമകളെ കൊണ്ടുവരൂ,മകളെ രക്ഷിക്കൂ എന്ന പുതിയ മുദ്രാവാക്യവും മതശക്തികൂട്ടാൻ കേരളത്തിൽ സംഘപരിവാർ അവതരിപ്പിച്ചു കഴിഞ്ഞു. ബജരംഗ്ദള്ളാണ് ഈ മുദ്രാവാക്യവുമായി സജീവമാകുന്നത്.

സംഘപരിവാർ സംഘടിപ്പിച്ച സംസ്ഥാന സന്യാസി സമ്മേളനത്തിൽ ഇതിനുള്ള മാർഗ്ഗ രേഖ തയ്യാറാക്കി കഴിഞ്ഞു. ഹിന്ദു ഐക്യവേദിയുടെ മുൻനിരയിൽ ചേങ്കോട്ടുകോണം ആശ്രമത്തിലെ ഭാർഗവറാം സജീവമാണ്. രാജ്യത്തെ മതപരിവർത്തനം വിവാദത്തിലായപ്പോൾ ആർഎസ്എസ് നേരിട്ടുള്ള പരിവർത്തനം ഒഴിവാക്കിയിരുന്നു. അതിന് ശേഷം ഭാർഗവറാമിന്റെ നേതൃത്വത്തിൽ ചെങ്കോട്ട്‌കോണം ആശ്രമത്തിന്റെ സംഘാടനത്തിലാണ് ഘർവാപ്പിസി കോട്ടയത്തും ഇടുക്കിയിലും എല്ലാം നടന്നത്. ഇത് സംസ്ഥാനത്തെ ഭൂരിഭാഗം ഹൈന്ദവ സന്യാസി ആചാര്യന്മാരേയും കൊണ്ട് നടപ്പാക്കാനാണ് ആർഎസ്എസ് നീക്കം.

കേന്ദ്രീയ മാർഗ്ഗദർശക് മണ്ഡലിന്റെ തീരുമാനമനുസരിച്ച് നടക്കുന്ന ഘർ വാപസിക്ക് കൊച്ചിയിൽ നടന്ന സന്യാസി സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞു. കലൂർ പാവക്കുളം ശ്രീമഹാദേവക്ഷേത്രം ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം സമാപിച്ച സംസ്ഥാന സന്യാസി സമ്മേളനം വിവിധ സാഹചര്യങ്ങളിൽ ഹിന്ദുധർമ്മാചരണത്തിൽ നിന്നും വ്യതിചലിച്ചുപോയവർ തിരികെ സ്വധർമ്മത്തിലേക്കു വരുന്നത് ശ്ലാഘനീയമാണെന്ന് പ്രമേയത്തിലൂടെ വ്യക്തമാക്കി. ലോകത്തിനു മുഴുവൻ മാർഗദീപമായ ഭഗവദ്ഗീതയെ ദേശീയഗ്രന്ഥമായി അംഗീകരിക്കണമെന്നും സന്യാസിസമ്മേളനം ആവശ്യപ്പെട്ടു. ആർഎസ്എസിന്റെ സംസ്ഥാനത്തെ മുൻ പ്രാന്ത പ്രചാരകും ദേശീയ തലത്തിലെ മുതിർന്ന നേതാവുമായ എ ഗോപാലകൃഷ്ണന്റെ മേൽനോട്ടത്തിലാണ് സന്യാസി സമ്മേളനം സംഘടിപ്പിച്ചത്. വിഎച്ച്പിയുടെ സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് ബി. ആർ. ബലരാമനും സജീവമായിരുന്നു.

കേരളത്തിന്റെ തെക്കൻ ജില്ലകളിലാണ് ഘർവാപ്പിസി ഇപ്പോൾ നടക്കുന്നത്. ഇത് മലബാർ മേഖലയിലേക്ക് സജീവമാക്കാനാണ് ആർഎസ്എസ് നീക്കം. ഇതിന്റെ ഭാഗമായാണ് സന്യാസി സമ്മേളനത്തിലെ തീരുമാനം. കോഴിക്കോട്, കണ്ണൂർ ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചിദാനന്ദപുരി സ്വാമിയുടെ സഹകരണമുണ്ടെങ്കിൽ ഇത് സാധ്യമാകുമെന്നാണ് വിലയിരുത്തൽ.മൂന്ന് ദിവസം കൊച്ചിയിൽ നടന്ന സന്യാസി സമ്മേളനം പ്രധാനമായും മതപരിവർത്തനം തന്നെയാണ് ചർച്ച ചെയ്തത്. ഹൈന്ദവ സമൂഹത്തെ ശക്തിപ്പെടുത്താൻ ഘർവാപ്പസി എന്ന മുദ്രാവാക്യത്തിലൂടെ കഴിയുമത്രേ. ആളുകളെ മതത്തിനോട് അടുപ്പിക്കുന്നതിന് അപ്പുറം ആരും മറ്റ് മതങ്ങളിലേക്ക് പോകാതിരിക്കാൻ ഇതിലൂടെ കഴിയുമെന്നും വിലയിരുത്തലുണ്ട്. അതിനാൽ സംസ്ഥാനത്തുടനീളം ഈ പരിവർത്തനം നടത്താനാണ് തീരുമാനം.

സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 നാണു കേരളത്തിൽ ബഹു ലാവോ,ബേട്ടി ബച്ചാവോ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ലൗ ജിഹാദ് തടയുകയും അതോടൊപ്പം ഹിന്ദു പെൺകുട്ടികൾ അന്യ മതസ്ഥരെ പ്രണയിക്കാതിരിക്കാൻ വേണ്ട മുൻകരുതൽ സ്വീകരിക്കാൻ മാർഗനിർദ്ദേശം നൽകലുമാണ് പ്രഥമ ലക്ഷ്യം. ഒപ്പം മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗത്തിൽ നിന്നുള്ള പെൺകുട്ടികളെ ഹിന്ദു കുടുംബങ്ങളിലേക്ക് വിവാഹം കഴിച്ചു കൊണ്ടുവരുന്നതിന് യുവാക്കളെ പ്രോത്സാഹിപ്പിക്കാനും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുവാനും തീരുമാനമായി. ഇതുവഴി ഹിന്ദു മതത്തിലേക്ക് കൂടുതൽ ആൾക്കാരെ കൊണ്ടുവരാൻ സാധിക്കും.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂൾ, കോളജുകൾ കേന്ദ്രീകരിച്ച് ലൗ ജിഹാദിനെതിരെ ബോധവൽക്കരണം സൃഷ്ടിക്കും. ഈ പദ്ധതിയിലൂടെ 7 പെൺകുട്ടികളാണു കേരളത്തിൽ സ്വധർമം സ്വീകരിച്ച് ഹിന്ദു യുവാക്കളെ വിവാഹം ചെയ്തുവെന്ന് ബജരംഗദൾ സംസ്ഥാന നേതൃത്വം അറിയിച്ചു. ഫലത്തിൽ ലൗ ജിഹാദിനെ കുറ്റം പറഞ്ഞവർ മറ്റ് മതങ്ങളിൽ നിന്ന് മനപ്പൂർവ്വം പെൺകുട്ടികളെ വശീകരിച്ച് സ്വന്തം മതത്തിന്റെ ഭാഗമാക്കുന്നു. ഇവിടെ വിവാദങ്ങൾ ഒഴിവാക്കാൻ പരസ്യമായി അത് പ്രചരിപ്പിക്കുയും ചെയ്യുന്നു. ഇതിലൂടെ ഹിന്ദു യുവതികൾ മറ്റ് മതസ്ഥരെ പ്രണയിക്കുന്നതിനും ജാതിവിട്ട് കല്ല്യാണം കഴിക്കുന്നതിനും അവസാനമാകുമെന്നാണ് സംഘപരിവാറിന്റെ പ്രതീക്ഷ.

അതായത് യുവാവ് ഹിന്ദുവും യുവതി അന്യ മതസ്ഥയുമാകുന്ന പ്രേമവിവാഹങ്ങൾക്ക് സംഘപരിവാർ എല്ലാ പിന്തുണയും നൽകും. പക്ഷേ കല്ല്യാണത്തിന് ശേഷം പെൺകുട്ടി ഹിന്ദുമതസ്ഥയാകണം. ഈ പദ്ധതിക്കും ഹൈന്ദവ ആചാര്യന്മാരുടെ പിന്തുണ സംഘപരിവാർ ഉറപ്പാക്കിയിട്ടുണ്ട്.