ജിദ്ദ: പ്രവാസികൾക്ക് തിരിച്ചടി നൽകിക്കൊണ്ട് സൗദി ജനറൽ അതോറിറ്റ ിഓഫ് സിവിൽ ഏവിയേഷന്റെ ഉത്തരവ്. സൗദി എയർപോർട്ട് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്ന വിദേശ യാത്രികർക്ക് 87 റിയാൽ ഫീസ് ചുമത്താനാണ് തീരുമാനം. ജനുവരി ഒന്നു മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരും. ഇതേസമയം വിമാനത്താവളത്തിൽ ഇറങ്ങാതെ വിമാനത്തിൽ തന്നെ കഴിയുന്ന ട്രാൻസിറ്റ് യാത്രക്കാരെ ഈ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സൗദിയിൽ നിന്നു പോകുന്നതും സൗദിയിലേക്ക് വരുന്നതുമായ രാജ്യാന്തര വിമാനയാത്രക്കാർക്കാണ് പുതിയ ഉത്തരവ് ബാധമാകുക. വിമാനം മാറിക്കയറാൻ സൗദി എയർപോർട്ടിൽ ഇറങ്ങുന്നവർക്കും ഫീസ് നൽകേണ്ടതായുണ്ട്. കാരണം വിമാനത്താവളത്തിൽ വന്നിറങ്ങുന്നത് അറൈവൽ ആയാണ് കാണിക്കുക.

എയർടിക്കറ്റ് ചാർജിനൊപ്പമാണ് ഫീസ് അടയ്‌ക്കേണ്ടത്. പേയ്‌മെന്റ് അടയ്ക്കാൻ കാലതാമസമുണ്ടായാൽ,  എയർലൈനിൽ നിന്നും ഫീസ് ഈടാക്കാൻ ഏത് എയർപോർട്ടിനും അധികാരമുണ്ട്. ഓരോ മൂന്ന് വർഷം കൂടുമ്പോഴും ജിഎസിഎ ഫീസ് റിവ്യൂ ചെയ്യും. ഏതെങ്കിലും എയർലൈനുകൾ ഫീസ് അടയ്ക്കാതിരുന്നാൽ പിഴ നൽകേണ്ടിവരും. എല്ലാ അന്താരാഷ്ട്ര യാത്രക്കാരിൽ നിന്നും 50 സൗദി റിയാൽ ഫീസ് ആണ് ജിഎസിഎ ഈടാക്കിയിരുന്നത്. ജനുവരി 1 മുതൽ ഈ ഫീസ് പ്രത്യേകമായി വാങ്ങിക്കില്ല.