തിരുവനന്തപുരം: പിണറായി സർക്കാറിന്റെ പിൻവാതിൽ നിയമനങ്ങൾ കേരളത്തിൽ നിരവധി തവണ ചർച്ചയായതാണ്. എന്നാൽ, ഇപ്പോൾ വീണ്ടും മറ്റൊരു പിൻവാതിൽ നിയമന നീക്കവും വിവാദമാകുന്നു. സർക്കാരിന്റെ പദ്ധതികൾക്കു മേൽനോട്ടം വഹിക്കാൻ വേണ്ടി വർഷം രണ്ട് കോടിയിലേറെ ചെലവിട്ട് പുതിയ നിയമന നീക്കമാണ് നടക്കുന്നത്.

വർഷം 2.14 കോടി രൂപ ശമ്പളം നൽകി കരാർ അടിസ്ഥാനത്തിൽ 16 പേരെയാണ് നിയമിക്കുന്നു. സെക്രട്ടേറിയറ്റിലും സർക്കാർ വകുപ്പുകളിലും ആവശ്യത്തിലേറെ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കെ ഈ പിൻവാതിൽ നിയമനം ചില വേണ്ടപ്പെട്ടവരെ ഉദ്ദേശിച്ചാണെന്ന് ആക്ഷേപം ഉയർന്നു. പാർട്ടിക്കാരും അനുഭാവികളുമായവരെ തിരുകി കയറ്റുക എന്നതാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽലെന്ന് വ്യക്തമാണ്.

രണ്ടാം പിണറായി സർക്കാർ രൂപീകരിച്ച 'പദ്ധതി നടത്തിപ്പും വിലയിരുത്തലും' എന്ന വകുപ്പിലാണു കരാർ നിയമത്തിനു വഴിയൊരുങ്ങുന്നത്. മാസം 1.3 ലക്ഷം രൂപ ശമ്പളത്തിൽ 6 പ്രോജക്ട് കോ ഓർഡിനേറ്റർമാരുടെയും ഒരു ലക്ഷം രൂപ ശമ്പളത്തിൽ 10 ജൂനിയർ റിസോഴ്‌സ് പഴ്‌സന്റെയും തസ്തിക സൃഷ്ടിച്ചു കഴിഞ്ഞു. സംസ്ഥാന തലത്തിൽ കാര്യങ്ങൾ ഏകോപിപ്പിക്കാനാണു പ്രോജക്ട് കോ ഓർഡിനേറ്റർമാർ.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ കാര്യങ്ങൾ ഏകോപിപ്പിക്കുകയാണ് ജൂനിയർ റിസോഴ്‌സ് പഴ്‌സന്റെ ജോലി. നിയമിക്കപ്പെടുന്നവരുടെ യോഗ്യതയോ പ്രവർത്തന പരിചയമോ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാർ, ജീവനക്കാരുടെ ശമ്പളത്തിനു പണം കണ്ടെത്താൻ പോലുമാകാതെ പാടുപെടുമ്പോഴാണു നിലവിലുള്ളവരെ മാറ്റിനിയമിക്കുന്നതിനു പകരം കൂടുതൽ തസ്തിക സൃഷ്ടിക്കുന്നത്. സ്ഥിരം തസ്തികയാണെങ്കിൽ പിഎസ്‌സി വഴി നിയമനം നടത്തേണ്ടി വരും. കരാർ നിയമനം ആകുമ്പോൾ താൽപര്യമുള്ളവരെ തിരുകിക്കയറ്റാം.

അടിസ്ഥാന സൗകര്യത്തിനും വികസന പദ്ധതികൾക്കും സർക്കാർ കൂടുതൽ പണം നീക്കിവച്ച സാഹചര്യത്തിൽ വിവിധ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഏകോപനത്തിലൂടെ പദ്ധതി നടത്തിപ്പു മെച്ചപ്പെടുത്തണമെന്ന് ഉത്തരവിൽ പറയുന്നു.