കൊച്ചി: സീറോ മലബാർ സഭയ്ക്ക് പുതിയ മൂന്ന് മെത്രാന്മാരെ മേജർ ആർച്ച് ബിഷപ്പ് കർദിനാർ മാർ ജോർജ് ആലഞ്ചേരി പ്രഖ്യാപിച്ചു. സീറാ മലബാർ സഭാ കൂരിയയിൽ റവ. ഡോ.സെബാസ്റ്റ്യൻ വാണിയപുരയ്ക്കലിനെയും തലശേരിയിൽ അതിരൂപത സഹായമെത്രാനായി റവ. ഡോ. ജോസഫ് പാംബ്ലാനിയെയും തൃശൂർ അതിരൂപതാ സഹായ മെത്രാനായി റവ.ഡോ.ടോണി നീലങ്കാവിലിനെയുമാണ് പ്രഖ്യാപിച്ചത്. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉച്ചകഴിഞ്ഞ് 3.30-നായിരുന്നു പ്രഖ്യാപനം.

ഒരാഴ്ച നീണ്ട സഭാ സിനഡിന്റെ സമാപനത്തോട് അനുബന്ധിച്ചായിരുന്നു മാർപാപ്പയുടെ അനുമതിയോടെ സഭയ്ക്ക് പുതിയ മെത്രാന്മാരെ പ്രഖ്യാപിച്ചത്. മാർ ബോസ്‌കോ പുത്തൂർ ഓസ്‌ട്രേലിയയിലെ മെൽബൺ ബിഷപ്പായി നിയമിതനായതിനെ തുടർന്ന് കൂരിയ ബിഷപ്പിന്റെ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു.

നിലവിൽ സിറോ മലബാർ സഭയിൽ 61 മെത്രാന്മാരാണുള്ളത്. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സമാപിച്ച സിറോ മലബാർസഭ'സിനഡിലായിരുന്നു തെരഞ്ഞെടുപ്പ്. ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച റോമൻസമയം പകൽ 12ന് വത്തിക്കാനിലും ഇന്ത്യൻസമയം പകൽ 3.30ന് കാക്കനാട് സിറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയയിലും പ്രസിദ്ധപ്പെടുത്തി.

മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട്, കാഞ്ഞിരപ്പിള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ എന്നിവർ ചേർന്ന് നിയുക്ത മെത്രാന്മാരെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് സംസാരിച്ചു. സിറോ മലബാർസഭാ സിനഡിലെ എല്ലാ മെത്രാന്മാരും പങ്കെടുത്തു.

നീലങ്കാവിൽ ഷെവലിയർ എൻ എ ഔസേപ്പിന്റെയും ടി ജെ മേരിയുടെയും മൂത്തമകനായി 1967 ജൂലൈ 23ന് ജനിച്ച ഫാ. ടോണി തൃശൂർ ലൂർദ്ദ് കത്തീഡ്രൽ ഇടവകാംഗമാണ്. 1993 ഡിസംബർ 27ന് പൗരോഹിത്യം സ്വീകരിച്ചു. ഒല്ലൂർ, പാലയൂർ പള്ളികളിൽ അസിസ്റ്റന്റ് വികാരിയായി പ്രവർത്തിച്ചു. ബൽജിയത്തിലെ ലുവൈൻ കാത്തലിക് യൂണിവേഴ്‌സിറ്റിയിൽനിന്ന് ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടി. 2002ൽ തൃശൂർ മേരിമാതാ സെമിനാരിയിൽ ആനിമേറ്ററായും ആത്മീയപിതാവായും അദ്ധ്യാപകനായും ഡീൻ ഓഫ് സ്റ്റഡീസ് ആയും പ്രവർത്തിച്ചശേഷം 2017 മാർച്ചിലാണ് റെക്ടറായി നിയമിക്കപ്പെട്ടത്.

പാംബ്‌ളാനിയിൽ തോമസ്-മേരി ദമ്പതികളുടെ മകനായി 1969 ഡിസംബർ മൂന്നിനു ജനിച്ച ഫാ. ജോസഫ് തലശേരി അതിരൂപതയിലെ ചരൽ ഇടവകാംഗമാണ്. 1997 ഡിസംബർ 30ന് പൗരോഹിത്യം സ്വീകരിച്ചു. പേരാവൂർ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായും ദീപഗിരി ഇടവകയിൽ വികാരിയായും പ്രവർത്തിച്ചു. ലുവൈൻ കാത്തലിക് യൂണിവേഴ്‌സിറ്റിയിൽനിന്ന് ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടിയശേഷം തലശേരി ബൈബിൾ അപ്പസ്െറ്റാലേറ്റായി. ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ ഇദ്ദേഹം ആലുവ, വടവാതൂർ, കുന്നോത്ത്, ബംഗളൂരു സെന്റ് പീറ്റേഴ്‌സ് സെമിനാരികളിൽ വിസിറ്റിങ് പ്രൊഫസറാണ്.

പെരുവന്താനം വാണിയപ്പുരയ്ക്കൽ വി എം തോമസിന്റെയും പരേതയായ ഏലിയാമ്മയുടെയും മകനായി 1967 മാർച്ച് 29ന് ജനിച്ച ഫാ. സെബാസ്റ്റ്യൻ കാഞ്ഞിരപ്പിള്ളി രൂപതയിലെ നിർമലഗിരി ഇടവകാംഗമാണ്. 1992 ഡിസംബർ 30ന് പൗരോഹിത്യം സ്വീകരിച്ചു. കട്ടപ്പന സെന്റ് ജോർജ് ഫെറോനാ പള്ളി അസിസ്റ്റന്റ് വികാരി, കാഞ്ഞിരപ്പിള്ളി രൂപത യുവദീപ്തി ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചു. റോമിലെ ഹോളി ക്രോസ് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടി. കാഞ്ഞിരപ്പിള്ളി രൂപത ജുഡീഷ്യൽ വികാരിയായിരുന്നു. കൊരട്ടി, പൂമറ്റം, ചെന്നാക്കുന്ന്, മുളങ്കുന്ന് പള്ളികളിലെ വികാരി എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ സിറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ വൈസ് ചാൻസലറാണ്. സിറോ മലബാർ സഭയിലെ രണ്ടാമത്തെ കൂരിയ മെത്രാനാണ് ഫാ. സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ.