തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഡൽഹിയിലെ ഗുഡ്ഗാവ് സെന്റർ ക്രിസോസ്റ്റം ഭദ്രാസനത്തിന്റെ പുതിയ മെത്രാനായി തോമസ് മാർ അന്തോണിയോസ് മെത്രാപ്പൊലീത്തയെ ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചു. പുണെ കട്ക്കി സെന്റ് എഫ്രേം ഭദ്രാസനത്തിന്റെ മെത്രാനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.

സഭയുടെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയായുടെ മെത്രാനായി ഫാ.ഡോ. ആന്റണി കാക്കനാട്ടിനെ പരിശുദ്ധ സുന്നഹദോസ് തിരഞ്ഞെടുത്തു. മലങ്കര കത്തോലിക്കാ സഭയുടെ കാതോലിക്കറ്റ് സെന്ററിൽ സുവിശേഷ സംഘത്തിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടറായിരുന്നു. തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ സഹായ മെത്രാനായി മോൺ.ഡോ. മാത്യു മനക്കരക്കാവിൽ കോറെപ്പിസ്‌കോപ്പയെ തിരഞ്ഞെടുത്തു. തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ മുഖ്യ വികാരി ജനറലായിരുന്നു അദ്ദേഹം.

ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും പട്ടം സെന്റ് മേരീസ് കത്തീഡ്രലിലും നടന്നു. നിയുക്ത മെത്രാന്മാരെ കാതോലിക്കാ ബാവ സ്ഥാനിക ചിഹ്നങ്ങൾ അണിയിച്ചു. ഇവർ സ്ഥാനമേൽക്കുന്ന തീയതികൾ പിന്നീട് തീരുമാനിക്കും.