റിയാദ്: പ്രവാസികൾ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് തൊഴിൽ സ്ഥലത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ. ഇവ അധികാരികളെ അറിയിക്കുക എന്നത് പലപ്പോഴും പ്രാവർത്തികമാകാറുമില്ല. കാരണം ഇതുവരെ തൊഴിൽ പ്രശ്‌നങ്ങൾ അറിയിക്കാനായി മന്ത്രാലയത്തിൽ നേരിട്ടെത്തേണ്ടിയിരുന്നു. എന്നാൽ ഇനി തൊഴിൽ തർക്കം സംബന്ധിച്ച കേസുകൾ പറയാൻ ഒരു ഫോൺ കോൾ മതി. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാനായി ,തൊഴിൽ മന്ത്രാലയം വിവിധ മേഖലകളിൽ കോൾ സെന്ററുകൾ ആരംഭിച്ചിരിക്കുകയാണ്.

മക്ക, റിയാദ്,അരാർ, ഹെയ്ൽ, നജ്രാൻ, ജാസൻ എന്നിവിടങ്ങളിലാണ് കോൾ സെന്ററുകൾ തുടങ്ങിയിരിക്കുന്നത്. വൈകാതെ മറ്റ്മേ ഖലകളിലും ഇത്തരം കേന്ദ്രങ്ങൾ തുടങ്ങുമെന്ന് മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. തൊഴിലാളികൾക്ക്‌കേസുകൾ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളുമായി അവരുടെ ഓഫീസുകളിൽ ചെല്ലാതെ തന്നെ ആശയവിനിമയം സാധ്യമാകും.

കോൾ സെന്ററുകളിൽ വിളിച്ച് കേസുകളുടെ പുരോഗതിയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും അറിയാൻ കഴിയും. കോൾ സെന്ററുകൾ കേസുകളെ കുറിച്ചുള്ള വിവരങ്ങൾ അതാത് സമയത്ത് ശേഖരിക്കുകയും തൊഴിലാളികൾക്ക് അത് സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറുകയും ചെയ്യും. കേസുമായി ബന്ധപ്പെട്ട്പ്രധാന കൂടിക്കാഴ്ചകൾ സംബന്ധിച്ചുള്ള വിവരങ്ങളും കാൾ സെന്ററുകൾ വഴി അറിയാൻ സാധിക്കും