- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്നോവയിലെ യാത്ര മതിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ; ഇനി 33.31 ലക്ഷം വിലയുള്ള കിയാ കാർണിവൽ; കാറിൽ തീപിടിക്കാത്ത സംവിധാനങ്ങളും; പൊലീസിന് കറുപ്പ് കണ്ട് ഹാലിളകിയെങ്കിലും, പിണറായിക്ക് പ്രിയം കറുത്ത കാറിനോട്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി കഴിഞ്ഞ ഡിസംബർ അവസാനം വാങ്ങിയ കറുത്ത ഇന്നോവ ഉപേക്ഷിച്ച് പുതുപുത്തൻ കിയാ കാർണിവൽ ( KIA Carnival 8AT Limousine plus 7) കാറിലാണ് ഇനി മുഖ്യമന്ത്രി സഞ്ചരിക്കുക. ഇതിന് 33,31,000 രൂപ വിലവരും. കറുത്ത നിറത്തിലെ കാറായിരിക്കും ഇത്. ബുള്ളറ്റ് പ്രൂഫ് സംവിധാനങ്ങളുള്ള അത്യാധുനിക കാർ ഉടൻ മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി തിരുവനന്തപുരത്ത് എത്തിക്കും. ഇതു കൂടാതെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ പൈലറ്റ്, എസ്‌കോർട്ട് ചുമതലയുള്ള ഇന്നോവകളെല്ലാം കറുത്ത നിറത്തിലുള്ളതാക്കും. മുഖ്യമന്ത്രിയുടെ പൊതുപരിപാടികളിൽ കറുത്ത വേഷവും മാസ്‌കും പോലും അഴിച്ചുമാറ്റിയത് അടുത്തിടെ വിവാദമായിരുന്നു. എന്നിട്ടാണ് മുഖ്യമന്ത്രിയും സുരക്ഷാ സംഘവും കറുത്ത കാറുകളിൽ പറപറക്കുന്നത്.
മുഖ്യമന്ത്രിക്ക് പുതിയ കാർ വാങ്ങാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ടി.കെ.ജോസ് ഇറക്കിയ ഉത്തരവിൽ പറയുന്നത് ഇങ്ങനെ: മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് , പൈലറ്റ് ഡ്യൂട്ടിക്കായി ടൊയോട്ടയുടെ മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ 62.46 ലക്ഷം രൂപ മുടക്കി വാങ്ങാൻ കഴിഞ്ഞ സെപ്റ്റംബറിൽ അനുമതി നൽകിയിരുന്നു. സർക്കാരിനുള്ള പ്രത്യേക നിരക്കിൽ 23,17,739 രൂപയ്ക്ക് ഇന്നോവ ക്രിസ്റ്റയും 32,21,750 രൂപയ്ക്ക് രണ്ട് ഇന്നോവ ക്രിസ്റ്റ ജി പ്ലസും വാങ്ങാൻ 55,39,309 രൂപ ചെലവഴിച്ചു.
മുഖ്യമന്ത്രിക്കായി വാങ്ങാനുദ്ദേശിച്ച ടാറ്റാ ഹാരിയറിന് പകരം പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കിയാ കാർണിവൽ ( KIA Carnival 8AT Limousine plus 7) വാങ്ങുന്നതാണ് അഭികാമ്യമെന്ന് പൊലീസ് മേധാവി അനിൽകാന്ത് ശുപാർശ ചെയ്തു. ഇത് അംഗീകരിച്ച് മുഖ്യമന്ത്രിയുടെ എസ്‌കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി കറുത്ത നിറത്തിലെ മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഒരു കിയാ കാർണിവലും ഉൾപ്പെടെ നാല് വാഹനങ്ങൾ 88,69,841 രൂപയ്ക്ക് വാങ്ങാൻ ഡി.ജി.പി അനുമതി തേടി.
നിലവിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന KL-01 CD 4857, KL-01 CD 4764 നമ്പറുകളിലുള്ള ഇന്നോവ ക്രിസ്റ്റ വാഹനങ്ങൾ ആഭ്യന്തര വകുപ്പിന്റെ ആവശ്യത്തിന് വിനിയോഗിക്കാമെന്നായിരുന്നു നേരത്തേയുള്ള ഉത്തരവ്. എന്നാൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയുടെ പ്രാധാന്യം കണക്കിലെടുത്ത് ഈ വാഹനങ്ങൾ പൈലറ്റ്, എസ്‌കോർട്ട് ഡ്യൂട്ടിക്ക് തന്നെ നിലനിർത്താൻ തീരുമാനിച്ചു. എസ്‌കോർട്ട് ഡ്യൂട്ടിക്കായി ഈ വാഹനങ്ങൾ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയിൽ നിലനിർത്തും. ഇവയുടെ ശരിയായ സംരക്ഷണത്തിന് കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ വടക്കൻ ജില്ലകളിൽ എസ്‌കോർട്ട് ഡ്യൂട്ടിക്കായി ഉപയോഗിക്കുന്നതിന് അനുമതി നൽകണമെന്നും ഡിജിപി അനിൽകാന്ത് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഡി.ജി.പിയുടെ ശുപാർശ വിശദമായി പരിശോധിച്ച സർക്കാർ, മുഖ്യമന്ത്രിയുടെ പൈലറ്റ്, എസ്‌കോർട്ട് ഡ്യൂട്ടിക്കായി കറുത്ത നിറത്തിലെ മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഒരു കിയാ കാർണിവലും ഉൾപ്പെടെ നാല് വാഹനങ്ങൾ 88,69,841 രൂപയ്ക്ക് വാങ്ങാൻ പുതുക്കിയ അനുമതി നൽകി. കിയാ കാർണിവൽ ( KIA Carnival 8AT Limousine plus 7) വാഹനത്തിന് മാത്രം 33,31,000 രൂപയാണ് ചെലവ്. എസ്‌കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി നിലവിലുള്ള KL-01 CD 4857, KL-01 CD 4764 നമ്പറുകളിലുള്ള ഇന്നോവ ക്രിസ്റ്റ വാഹനങ്ങൾ വടക്കൻ ജില്ലകളിലെ എസ്‌കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയിൽ നിലനിർത്തിയും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ് ഉത്തരവിറക്കി.
ഡിജിപിയായിരിക്കെ ലോക്നാഥ് ബെഹറയാണ് പൈലറ്റ് വാഹനങ്ങളുടെ നിറം മാറ്റാൻ ശുപാർശ ചെയ്തത്. പൈലറ്റ്, എസ്‌കോർട്ട് കാറുകൾ വാങ്ങാൻ പൊലീസിന് പ്രത്യേക ഫണ്ടിൽ നിന്ന് 62.46ലക്ഷം രൂപ അനുവദിച്ചിരുന്നു. നാല് വർഷം പഴക്കമുള്ള രണ്ട് കാറുകൾ വാഹനവ്യൂഹത്തിൽ നിന്ന് മാറ്റുകയായിരുന്നു ലക്ഷ്യം. വെള്ള ഇന്നോവ ക്രിസ്റ്റ കാറിൽനിന്ന് കറുത്ത ഇന്നോവയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര മാറ്റിയിട്ട് ഏറെക്കാലമായില്ല. കെ.എൽ.01 സി.ടി 6683 രജിസ്‌ട്രേഷനിലെ ഫുൾ ഓപ്ഷൻ ക്രിസ്റ്റൽ ഷൈൻ ബ്ലാക്ക് ക്രിസ്റ്റയിലായിരുന്നു മുഖ്യമന്ത്രി യാത്ര ചെയ്തിരുന്നത്. ഇതുവരെയുള്ള മുഖ്യമന്ത്രിമാരെല്ലാം വെള്ള നിറമുള്ള കാറുകളിലാണ് യാത്രചെയ്തിരുന്നത്. ആദ്യമായാണ് കറുത്ത ഒന്നാംനമ്പർ സ്റ്റേറ്റ് കാർ സെക്രട്ടേറിയറ്റിന്റെ നോർത്ത് ബ്ലോക്കിനു മുന്നിൽ ഗമയോടെ കിടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള കറുത്ത മേഴ്സിഡീസ് മെയ്ബാ എസ്-650 കാറിലേക്ക് യാത്ര മാറ്റിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും കറുത്ത കാറിലേക്ക് ഔദ്യോഗിക യാത്രകൾ മാറ്റിയത്.
വാഹനവ്യൂഹത്തിലെ പൈലറ്റ്, അകമ്പടി ഉൾപ്പടെ വി.വി.ഐപി സെക്യൂരിറ്റി ബോക്സിൽപെട്ട വാഹനങ്ങളെല്ലാം കറുത്ത നിറത്തിലേക്ക് മാറും. രാത്രി സുരക്ഷയ്ക്ക് മികച്ചത് കറുപ്പ് നിറമാണ് എന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രി പിണറായി വിജയന് കറുത്ത കാർ വേണമെന്ന് പൊലീസ് ശുപാർശ ചെയ്തത്. രാത്രി ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാൻ കറുത്ത വാഹനങ്ങൾ സഹായിക്കും എന്ന വിലയിരുത്തലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പല രാഷ്ട്രത്തലവന്മാരും ഇത്തരം കാറുകളാണ് ഉപയോഗിക്കുന്നത്. ഫുൾ ഓപ്ഷൻ ക്രിസ്റ്റൽ ഷൈൻ ബ്ളാക്ക് ഇന്നോവ ക്രിസ്റ്റയാണ് മുഖ്യമന്ത്രിയുടേത്. അംബാസിഡർ കാറുകളാണ് മുമ്പ് മന്ത്രിമാർ ഉപയോഗിച്ചിരുന്നത്. സ്ഥാനമേറ്റ് ആദ്യദിനങ്ങളിൽ അംബാസിഡറിൽ യാത്രചെയ്‌തെങ്കിലും ഉമ്മൻ ചാണ്ടി പിന്നീട് ഇന്നോവയിലേക്കു മാറി. പിണറായി വിജയൻ ആദ്യം മുതൽ ഇന്നോവയാണ് ഉപയോഗിച്ചിരുന്നത്. ഭൂരിഭാഗം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇന്നോവ ക്രിസ്റ്റയാണ് ഉപയോഗിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്