തിരുവനന്തപുരം: നവകേരള നിർമ്മാണത്തിന് പണം കണ്ടെത്തുള്ള തീവ്രപരിശ്രമത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സർക്കാറും. കേന്ദ്രസർക്കാറിന്റെ ഇടപെടൽ മൂലം കേരള പുനർനിർമ്മാണത്തിന് വേണ്ട പണം കണ്ടെത്താൻ സാധിക്കാത്ത അവസ്ഥ മുഖ്യമന്ത്രി തന്നെ എടുത്തു പറയുന്നുണ്ട്. കടുത്ത സാമ്പത്തിക ഞെരുക്കത്തിന് ഇടയിലാണെങ്കിലും സർക്കാർ ഖജനാവ് ധൂർത്തടിക്കുന്ന കാര്യത്തിൽ ഒരിക്കലും പിന്നോട്ടില്ല. സർക്കാരിനായി പുതിയ വാഹനങ്ങൾ വാങ്ങാനും ഏറ്റെടുക്കാനും നിയമസഭയിൽ ഉപധനാഭ്യർത്ഥനയുമായി ധനമന്ത്രി ടി എം തോമസ് ഐസക്ക് രംഗത്തെത്തി.

10 ലക്ഷത്തിനു മേൽ വിലയുള്ള 9 വാഹനങ്ങൾ പുതുതായി വാങ്ങാനും എൽബിഎസ് സെന്ററിന്റെ കൈവശമുള്ള ബിഎംഡബ്ല്യു കാർ ടൂറിസം വകുപ്പിനു വേണ്ടി 12 ലക്ഷം രൂപയ്ക്ക് ഏറ്റെടുക്കാനുമാണ് കഴിഞ്ഞ ദിവസം ധനമന്ത്രി ഉപധനാഭ്യർത്ഥന നടത്തിയത്. എന്നാൽ വാഹന വില അടക്കമുള്ള വിശദാംശങ്ങൾ ഉപധനാഭ്യർഥനയിൽ വ്യക്തമാക്കിയിട്ടില്ലെന്നും പകരം വാഹനം വാങ്ങാനായി പുറത്തിറക്കിയ ഉത്തരവുകളുടെ നമ്പർ മാത്രമാണ് ധനാഭ്യർഥനയിൽ ഉദ്ധരിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. എല്ലാ വാഹനങ്ങൾക്കും ടോക്കൺ തുകയാണ് ധനാഭ്യർഥനയിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും അതേസമയം കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനു വേണ്ടി 14 ലക്ഷം രൂപയുടെ വാഹനങ്ങൾ വാങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.

ലോട്ടറി ഡയറക്ടർ, കെൽപാം, പ്രിന്റിങ് ഡയറക്ടർ, കോട്ടയം എൻക്വയറി കമ്മിഷണർ ആൻഡ് സ്‌പെഷൽ ജഡ്ജ്, സഹകരണ ആർബിട്രേഷൻ കോടതി എന്നിവർക്കുവേണ്ടി ഓരോ വാഹനവും കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനും ലോകായുക്ത അന്വേഷണ സംഘത്തിനും രണ്ടു വീതം വാഹനങ്ങളുമാണ് സർക്കാർ വാങ്ങാനൊരുങ്ങുന്നത്. ഈ ഉപധനാഭ്യർത്ഥനയിന്മേലുള്ള നിയമസഭാ ചർച്ച 10ന് നടക്കും. ഈ ചർച്ചയിൽ പ്രതിപക്ഷം എതിർപ്പുയർത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന.

പ്രളയാനന്തരം ചെലവുചുരുക്കൽ നടപടികൾ നടക്കുമ്പോഴും കാറുകൾ പരമാവധി വാടകയ്‌ക്കെടുത്ത് ഉപയോഗിക്കണമെന്ന ധനവകുപ്പിന്റെ തന്നെ ഈ വർഷത്തെ സർക്കുലർ നിലവിലിരിക്കുമ്പോഴുമൊക്കെയാണ് പുതിയ ഉപധനാഭ്യർത്ഥനയെന്നതാണ് എല്ലാവരിലും ആശ്ചര്യം ഉണർത്തിയത്. പ്രളയത്തിന്റെ പേരിൽ സർക്കാർ പല പരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കയാണ്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിനായുള്ള ധൂർത്തുകളെല്ലാം ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചത് പ്രളയത്തിന്റെ പേരിലാണ്.

ഇതാദ്യമായല്ല സർക്കാർപ്രളയക്കെടുതിക്കിടയിലും ധൂർത്ത് നടത്തുന്നു എന്ന ആരോഫണം ഉയയരുന്നത്. പുനർനിർമ്മാണത്തിന്റെ പേരിൽ പ്രവാസി കേരളാവകുപ്പിന്റെ വെബ് പോർട്ടൽ പുനർരൂപകല്പന ചെയ്യാനുള്ള ഉപദേശം കിട്ടാൻ മാത്രം പിണറായി സർക്കാർ കൊടുത്തത് 66 ലക്ഷം രൂപയാണ്. കേരളത്തിന് വൈബ് സൈറ്റ് നിർമ്മിക്കാനും ഉപദേശം നൽകാനും സ്വന്തമായി വകുപ്പ് തന്നെയുണ്ട്. ഐടി വകുപ്പെന്നാണ് ഇതിന്റെ പേര്. ഐടി മിഷൻ കേരള പോലുള്ള മറ്റ് പ്രസ്ഥാനങ്ങൾ. എന്നിട്ടും കെപിഎംജിയെ ഇതിന്റെ ചുമതല നല്കിയത് കടുത്ത എതിർപ്പ് ക്ഷണിച്ചു വരുത്തിയിരുന്നു.

വിദേശത്തെ തൊഴിലവസരങ്ങൾ അറിയിക്കുന്നതിനും റിക്രൂട്ട്‌മെന്റ് നടപടികൾക്കുമായി നോർക്കാ വകുപ്പ് നടത്തുന്നതിനുമുൾപ്പെടെ വെബ് പോർട്ടൽ പുതിയ രൂപഭാവങ്ങളോടെയാക്കുന്നതിനുള്ള സാങ്കേതിക സഹായമാണ് കെ.പി.എം.ജി. അഡൈ്വസറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ലഭ്യമാക്കുക. ഇതിന്റെ ഭാഗമായി മൊബൈൽ ആപ്പ് തയ്യാറാക്കും. സി-ഡിറ്റാണ് നോർക്ക ജോബ് പോർട്ടൽ തയ്യാറാക്കിയതും ഇതേവരെ സാങ്കേതികസഹായം നൽകിയതും. സിഡിറ്റിന് ഇക്കാര്യത്തിൽ മതിയായ പരിചയവും ഉണ്ട്. ഇതെല്ലാം ഉണ്ടായിരിക്കെയാണ് 66 ലക്ഷത്തിന്റെ ഉപദേശക കരാർ നൽകുന്നത്. കേരളം പ്രളയക്കെടുതിയിൽ അരമുറുക്കിയാണ് മുന്നോട്ട് പോകുന്നത്. ഈ പദ്ധതിയിൽ സൗജന്യ ഉപദേശ വാഗ്ദാനവുമായി കെപിഎംജി എത്തിയിരുന്നു. ഇത് സർക്കാർ സ്വീകരിക്കുകയും ചെയ്തു. ഇതിനിടെയാണ് ഒരു ലക്ഷത്തിൽ താഴെ ചെലവ് വരുന്ന പ്രവർത്തി 66 ലക്ഷം രൂപ കൊടുത്ത് കെപിഎംജിയെ സർക്കാർ ഏൽപ്പിച്ച കാര്യം പുറത്താകുന്നത്.

നോർക്കയുടെ പോർട്ടൽ നവീകരിക്കുന്നതിന് കൺസൾട്ടൻസിയെ കണ്ടെത്താൻ കെ.എസ്ഐ.ഡി.സി.യെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇ-ഗവേണൻസുമായി ബന്ധപ്പെട്ട സാങ്കേതിക സഹായങ്ങൾക്ക് ആശ്രയിക്കാവുന്ന ഏജൻസിയായി എൻ.ഐ.സി. എംപാനൽ ചെയ്ത സ്ഥാപനമെന്ന നിലയിലാണ് കെ.പി.എം.ജി.യെ ശുപാർശചെയ്തത്. കേരളത്തിൽ തന്നെ വെബ് പോർട്ടലുകൾ കുറഞ്ഞ ചെലവിൽ അത്യാധുനിക സംവിധാനങ്ങളോടെ ഉണ്ടാക്കി നൽകുന്ന നിരവധി സ്ഥാപനങ്ങളുണ്ട്.

ലക്ഷത്തിൽ താഴ തുകയ്ക്ക് പോലും ചെയ്യുന്ന ഈ കമ്പനികളെ കൊണ്ടാണ് വിദേശ രാജ്യങ്ങളിലെ വെബ് സൈറ്റ് നിർമ്മാണം പോലും ചെയ്യുന്നത്. ഇതിനിടെയാണ് നെതർലാൻഡ് ആസ്ഥാനമായ കമ്പനിക്ക് ഇത്രയും ചെറിയ പണിക്ക് 66 ലക്ഷം രൂപ പിണറായി സർക്കാർ വെറുതെ നൽകുന്നത്. പ്രളയ പുനരുദ്ധാരണത്തിൽ കെപിഎംജിയെ സൗജന്യ കൺസെൾട്ടന്റായി അവതരിപ്പിച്ചതിൽ പ്രതിപക്ഷം ഉയർത്തിയ സംശങ്ങൾ ശരിവയ്ക്കുന്നതാണ് നോർക്കയിലെ പോർട്ടൽ നിർമ്മാണം.