- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. മാത്യൂസ് മാർ സേവേറിയോസ് ഓർത്തഡോക്‌സ് സഭാ പരമാധ്യക്ഷൻ; തിരഞ്ഞെടുത്തത് പരുമലയിൽ ചേർന്ന മലങ്കര അസോസിയേഷൻ യോഗത്തിൽ; കാതോലിക്ക ആയുള്ള സ്ഥാനാരോഹണം പരുമലയിൽ
തിരുവല്ല: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായി ഡോ. മാത്യൂസ് മാർ സേവേറിയോസിനെ തിരഞ്ഞെടുത്തു. പരുമല സെമിനാരി അങ്കണത്തിൽ ചേർന്ന മലങ്കര അസോസിയേഷൻ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
നേരത്തേ, മാർ സേവേറിയോസിനെ പുതിയ കാതോലിക്കാ ബാവായായി സുന്നഹദോസ് നിർദ്ദേശിച്ചിരുന്നു. ഇതിന് മലങ്കര അസോസിയേഷൻ ഇന്ന് ഔദ്യോഗിക അംഗീകാരം നൽകുകയായിരുന്നു. അടുത്തദിവസം തന്നെ വാഴിക്കലിനു നടപടികളുമുണ്ടാവും.
പരുമല പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നഗറിലേക്ക് ഘോഷയാത്രയ്ക്കു ശേഷം പ്രത്യേകം തയാറാക്കിയ അസോസിയേഷൻ നഗരിയിൽ എല്ലാ പ്രതിനിധികളും പ്രവേശിച്ച് യോഗവും തിരഞ്ഞെടുപ്പും നടത്തുകയായിരുന്നു.
തിരഞ്ഞെടുപ്പ് ഫലം അസോസിയേഷൻ പ്രസിഡന്റ് കുര്യാക്കോസ് മാർ ക്ലിമ്മീസാണ് പ്രഖ്യാപിച്ചത്. തീരുമാനം അസോസിയേഷൻ അംഗങ്ങൾ കയ്യടിയോടെ പാസ്സാക്കുകയും ആചാര വെടി മുഴക്കുകയും ചെയ്തു. തുടർന്ന് ഔദ്യോഗിക വേഷവും സ്ഥാന ചിഹ്നങ്ങളും നൽകി. സഭാധ്യക്ഷന്റെ പുതിയ പേര് വാഴിക്കൽ ചടങ്ങിൽ പ്രഖ്യാപിക്കും. അഭിഷേക ചടങ്ങുകൾ തീരുമാനിക്കാൻ ഇന്നു വൈകിട്ട് അഞ്ചിന് സുന്നഹദോസ് ചേരും. നാളെ രാവിലെ പരുമലയിൽ തന്നെ സ്ഥാനാരോണ ശുശ്രൂഷകൾ തുടങ്ങുമെന്നാണ് വിവരം.
പരുമലയിൽ ചേർന്ന മലങ്കര അസോസിയേഷൻ യോഗത്തിലാണ് മാത്യൂസ് മാർ സേവേറിയോസിനെ സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുത്തത്. 22-മത് മലങ്കര മെത്രാപ്പൊലീത്ത ആയും 9-ാമത് കാതോലിക്കയുമായാണ് അദ്ദേഹത്തിന്റെ ആഗമനം. കഴിഞ്ഞ 40 വർഷത്തിലേറെയായി വൈദിക അദ്ധ്യാപകന രംഗത്ത് അദ്ദേഹം സജീവമായി പ്രവർത്തിച്ചു വരികയാണ്.
ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്താ മാത്രമാണ് കാതോലിക്കാ സ്ഥാനത്തേക്ക് നാമനിർദ്ദേശപത്രിക നൽകിയിരുന്നത്. അതിനാൽ, മാർ സേവേറിയോസ് കാതോലിക്കാ ബാവായായി തിരഞ്ഞെടുക്കപ്പെടുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. നേരത്തെ സഭാ എപ്പിസ്‌കോപ്പൽ സുന്നഹദോസിൽ മാർ സേവേറിയോസ് മെത്രാപ്പൊലീത്തായെ കാതോലിക്കാ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ