സൈബർ ലോകത്ത് ഫേസ്‌ബുക്ക് എന്ന സോഷ്യൽ നെറ്റ്‌വർക്ക് വെബ്‌സൈറ്റ് പടർന്നു പന്തലിച്ചപ്പോൾ കടപുഴകി വീണതാണ് ആദ്യം ഈ മേഖലയിൽ എത്തിയ ഓർക്കൂട്ട് പോലുള്ള വെബ്‌സൈറ്റുകൾ. ഓർക്കൂട്ട് തകർന്നുവീണപ്പോൾ പിന്നീടുള്ള ചർച്ചകൾ ഫേസ്‌ബുക്ക് എത്രകാലം പിടിച്ചുനിൽക്കുമെന്നായിരുന്നു.

പുതിയ പുതിയ മാറ്റങ്ങൾ വരുത്തി ഉപയോക്താക്കളെ പിടിച്ചുനിർത്താൻ എപ്പോഴും ഫേസ്‌ബുക്ക് ശ്രദ്ധിച്ചിരുന്നു. പക്ഷേ, ഫേസ്‌ബുക്കിന്റെയും അടിത്തറ ഇളകിത്തുടങ്ങിയോ? സംശയിക്കേണ്ടിയിരിക്കുന്നു. പുതിയൊരു സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റ് രംഗപ്രവേശം ചെയ്തപ്പോൾ അതിൽ അൽപ്പം പേടി ഫേസ്‌ബുക്കിനുണ്ടെന്നാണ് അവരുടെ ചെയ്തികൾ സൂചിപ്പിക്കുന്നത്.

tsu.co എന്ന പുതിയ സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റാണു സുക്കർബർഗിനെ പേടിപ്പിച്ചിരിക്കുന്നത്. Tsu.co എന്നു കണ്ടാൽ അപ്പോൾതന്നെ മെൻഷനിങ് ബ്ലോക്ക് ചെയ്യുന്ന സംവിധാനം ഫേസ്‌ബുക്കിലും ഫേസ്‌ബുക്കിന്റെ ഫൊട്ടോ ഷെയറിങ് സൈറ്റായ ഇൻസ്റ്റാഗ്രാമിലും നടപ്പാക്കിയത് ഒത്ത എതിരാളിയാണിവരെന്ന തിരിച്ചറിവിൽ ആണോ എന്ന ചോദ്യമാണ് ഉയരുന്നത്.

കഴിഞ്ഞവർഷമാണ് സു.കോ ആരംഭിച്ചത്. നാലരലക്ഷം ഉപയോക്താക്കളാണ് ഇതിൽ ഉള്ളത്. പരസ്യവരുമാനം ഉപയോക്താക്കൾക്ക് വീതിച്ചുനൽകുന്നതിനും സൈറ്റിനു പദ്ധതിയുണ്ട്. കഴിഞ്ഞ വർഷം ആരംഭിച്ച ഈ സൈറ്റിനെ സുക്കർബർഗിന്റെ ഫേസ്‌ബുക്ക് ബ്ലോക്കു ചെയ്യാൻ തുടങ്ങിയത് സെപ്റ്റംബർ 25 മുതലാണ്. ഫേസ്‌ബുക്കിന്റെ സുരക്ഷാ കാരണങ്ങളാൽ ഈ മെൻഷനിങ് സാധ്യമല്ലെന്നാണ് മറുപടി ലഭിക്കുന്നത്.

എന്നാൽ, ഫേസ്‌ബുക്കിന്റെ നടപടിക്കെതിരെ സു ഡോട്ട് കോയുടെ സ്ഥാപകൻ രംഗത്തെത്തിയിരുന്നു. പോൺസൈറ്റിന്റെ ലിങ്കുകൾ അടക്കം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യാൻ അനുവദിക്കുന്നുണ്ട്. പിന്നെന്തുകൊണ്ടാണ് തങ്ങളുടെ സൈറ്റിന്റെ മെൻഷനിങ് തടഞ്ഞിരിക്കുന്നതെന്നും സൈറ്റ് സ്ഥാപകനായ സെബാസ്റ്റ്യൻ സോബ്‌സൈക്ക് ചോദിച്ചു.

മുമ്പു ഫേസ്‌ബുക്കിൽ സു ഡോട്ട് കോമിനെക്കുറിച്ചു പോസ്റ്റ് ചെയ്ത പത്തുലക്ഷത്തിലേറെ പോസ്റ്റുകൾ ഫേസ്‌ബുക്ക് ഡിലീറ്റ് ചെയ്തു. യൂ ട്യൂബിന്റെ മാതൃകയിൽ പോസ്റ്റുകളിൽ പരസ്യം നൽകി വരുമാനമുണ്ടാക്കാവുന്ന മാതൃകയാണ് ടിഎസ്‌യു ഡോട് കോയിലുള്ളത്. ഇൻവിറ്റേഷനിലൂടെ മാത്രം അംഗമാകാൻ സൗകര്യമുണ്ടായിരുന്ന സൈറ്റ്, ഫേസ്‌ബുക്കിന്റെ നിരോധനത്തെത്തുടർന്ന് ഓപ്പൺ ലോഗിൻ ആക്കാൻ തീരുമാനിച്ചിരിക്കുകയാണ്.