കുവൈത്തിലെത്തി ലൈസൻസ് സമ്പാദിക്കാമെന്ന മോഹം ഇനി അതിമോഹമാണെന്ന് പറയേണ്ടി വരും. കാരണം കടുത്ത നിബന്ധനകളുമായി നിയമത്തിൽ പുതിയ മാറ്റങ്ങൾ വരുത്തി ആഭ്യന്തര മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചു.  രാജ്യത്തെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി പുറപ്പെടുവിച്ച ഉത്തരവിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള

കുറഞ്ഞ ശമ്പള പരിധി 400 ദിനാറിൽ നിന്നും 600 ദിനാറായി ഉയർത്തിയതാണ് സാധാരണക്കാരായ പ്രവാസികളെ ഏറെ ബാധിക്കുന്ന കാര്യം.കൂടാതെ അപേക്ഷകർ യൂണിവേഴ്‌സിറ്റി ബിരുദധാരികളും കുവൈത്തിൽ 2 വർഷം താമസം പൂർത്തിയാക്കിയവരും ആയിരിക്കണം. ഡ്രൈവർ ,സ്ഥാപനങ്ങളുടെ സെയിൽ റെപ്രസന്റീവ്, ഷൂൺ,എമിഗ്രേഷൻ പ്രതിനിധി എന്നീ തസ്തികകളിൽ ഉള്ളവരെ പുതിയ ശമ്പള പരിധി നിയമത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

എന്നാൽ നിലവിൽ ഈ തസ്തികകളിൽ ഡ്രൈവിങ് ലൈസൻസ് ലഭിച്ചവർ മറ്റ് പദവികളിലേക്ക് മാറുന്നതോടെ ലൈസൻസ് റദ്ദ് ചെയ്യപ്പെടുന്നതാണെന്നും മന്ത്രിയുടെ ഉത്തരവിൽ പറയുന്നു. യോഗ്യരായവർക്ക് പിന്നീട് 2 വർഷത്തിനു ശെഷം മാത്രമേ നിബന്ധനകൾ പൂർത്തിയാക്കി പുതിയ ലൈസൻസിനു അപേക്ഷിക്കാൻ പാടുള്ളൂവെന്നും ഉത്തരവിൽ പറയുന്നു. ഇഖാമ പുതുക്കുമ്പോൾ ലൈസൻസിന് അർഹമാകുന്ന ഉദ്യോഗമല്ല രേഖപ്പെടുത്തിയിട്ടുള്ളതെങ്കിൽ ലൈസൻസ് നഷ്ടമാവുകയും ചെയ്യും.