തിരുവനന്തപുരം: നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയത് കസ്റ്റംസ് പിടികൂടിയ ശേഷം, രണ്ടുവർഷത്തോളമായി മേധാവിയില്ലാതിരുന്ന തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിന് പുതിയ മേധാവിയെ നിയമിച്ച് യു.എ.ഇ ഭരണകൂടം. സ്വർണക്കടത്തിന് ഒത്താശ ചെയ്ത കോൺസുൽ ജനറലായിരുന്ന അൽ- സാബിയെ തിരിച്ചുവിളിച്ച ശേഷം, ഇതാദ്യമായാണ് കോൺസുൽ ജനറലിനെ നിയമിക്കുന്നത്. ഒബൈദ് ഖലീഫ ബഖീദ് അബ്ദുള്ള അൽ-കാബിയാണ് പുതിയ കോൺസുൽ ജനറൽ. ഒരു വർഷമായി കോൺസുലേറ്റിൽ ചാർജ് ഡി അഫയേഴ്സ് പദവിയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് കോൺസുൽ ജനറലായി നിയമിച്ചത്. ഇക്കാര്യം പ്രോട്ടോക്കോൾ ഓഫീസറെ യു.എ.ഇ സർക്കാർ രേഖാമൂലം അറിയിച്ചു.

സ്വർണക്കടത്ത് വിവാദത്തെ തുടർന്ന് കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിയെ യു.എ.ഇ തിരിച്ചുവിളിച്ചിരുന്നു. കോൺസുലേറ്റിലെ അറ്റാഷെ റഷീദ് ഖമീസ് അലി മുസൈയ്ഖരി അൽ-ഷമീലി അടക്കമുള്ള ഉദ്യോഗസ്ഥരെയും യു.എ.ഇയിലേക്ക് രഹസ്യമായി യു.എ.ഇയിൽ എത്തിച്ചിരുന്നു. തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നിവയുടെ ചുമതലയുള്ള കോൺസുലേറ്റ് അടച്ചുപൂട്ടുന്നതായി നേരത്തേ അഭ്യൂഹമുണ്ടായിരുന്നു.

പുതിയ കോൺസുൽ ജനറൽ ഒബൈദ് ഖലീഫ ബഖീദ് അബ്ദുള്ള അൽ-കാബി പ്രശ്നക്കാരനല്ലെന്നാണ് കോൺസുലേറ്റ് വൃത്തങ്ങൾ നൽകുന്ന സൂചന. മലയാളികളോട് ഏറെ അനുഭാവമുള്ള ആളുമാണ്. സ്വർണക്കടത്തിനെത്തുടർന്നുള്ള വിവാദങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലെ താത്കാലിക ജീവനക്കാരെയെല്ലാം പുറത്താക്കിയിരുന്നു. ഡിപ്ലോമാറ്റിക് വിഭാഗത്തിൽപ്പെടാത്ത കരാർ ജീവനക്കാരെയാണ് പുറത്താക്കിയത്. സ്വർണക്കടത്ത് പ്രതി സ്വപ്നയുടെ ശുപാർശയിലായിരുന്നു താത്കാലിക ജീവനക്കാരിൽ മിക്കവരെയും നിയമിച്ചിരുന്നത്. കോൺസുലേറ്റിലെ ഡിപ്ലോമാറ്റിക് വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗസ്ഥരിൽ ചിലരെ യു.എ.ഇ സ്ഥലം മാറ്റിയിട്ടുണ്ട്.

കോൺസുൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽസാബിയെ മറ്റൊരു ചുമതലയിലേക്ക് മാറ്റിയിട്ടുണ്ട്. സ്വർണക്കടത്ത് പിടികൂടും മുൻപേ യു.എ.ഇയിലേക്ക് പോയ അൽ-സാബിയെ യു.എ.ഇ പിന്നീട് ഇന്ത്യയിലേക്ക് തിരികെ അയച്ചിട്ടില്ല. ഡിപ്ലോമാറ്റിക് വിഭാഗത്തിലുള്ളവരെ നിയമിക്കുന്നത് യുഎഇയുടെ വിദേശകാര്യ മന്ത്റാലയമാണ്. മറ്റ് വിഭാഗങ്ങളിലുള്ളവരെയും ഇനിമുതൽ നേരിട്ട് നിയമിക്കാനാണ് യു.എ.ഇയുടെ തീരുമാനം.

നയതന്ത്ര പരിരക്ഷയുള്ള മൂന്ന് ഉദ്യോഗസ്ഥരാണ് തിരുവനന്തപുരത്തെ കോൺസുലേറ്റിലുള്ളത്. കോൺസുൽ ജനറലും രണ്ട് അഡ്‌മിനിസ്ട്രേറ്റീവ് അറ്റാഷെമാരും. നയതന്ത്ര പരിരക്ഷയുള്ള ഇവരെ ചോദ്യംചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ കഴിയില്ല. ചോദ്യംചെയ്യാൻ യു.എ.ഇയുടെ അനുമതി വേണം. ഇവരെ ഇന്ത്യയിലെ കോടതികളിൽ ഹാജരാക്കാനാവില്ല. നയതന്ത്ര ഉദ്യോഗസ്ഥരെ പ്രതിയാക്കിയാലും മാതൃരാജ്യത്തിന് കൈമാറണമെന്നാണാ രാജ്യാന്തരചട്ടം. ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉപയോഗിച്ചുള്ള ഇവരുടെ യാത്ര വിലക്കാനുമാവില്ല.

ഇന്ത്യയിൽ വച്ചുള്ള ചോദ്യംചെയ്യൽ ഒഴിവാക്കാൻ അറ്റാഷെയെയും കോൺസുൽ ജനറലിനെയും യു.എ.ഇ തിരികെ വിളിച്ചതായിരുന്നു. അതിനാലാണ് മടങ്ങിയെത്താത്തത്. അറ്റാഷെയെ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസികൾ നൽകിയ രണ്ട് അപേക്ഷകൾ അവഗണിച്ചാണ് യു.എ.ഇ അദ്ദേഹത്തെ തിരിച്ചുവിളിച്ചത്. യു.എ.ഇ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തുന്നതിനാൽ അറ്റാഷെയെയും കോൺസുൽ ജനറലിനെയും ചോദ്യംചെയ്യാൻ അനുമതി കിട്ടിയതുമില്ല.

നേരത്തെ യു.എ.ഇ അധികൃതരുമായി സംസാരിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തിന് ഉലച്ചിൽ തട്ടാത്ത വിധം അന്വേഷണം നടത്തുമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ അറ്റാഷെയിലേക്കും കോൺസുൽ ജനറലിലേക്കും അന്വേഷണം നീളുമെന്നായതോടെ നാണക്കേട് ഒഴിവാക്കാൻ തിരിച്ചു വിളിച്ചെന്നാണ് നിഗമനം.

ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ) കസ്റ്റംസും ചോദ്യം ചെയ്യാനിരിക്കെയാണ് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലെ അഡ്‌മിനിസ്ട്രേറ്റീവ് അറ്റാഷെ റഷീദ് ഖമീസ് അലി മുസൈയ്ഖരി അൽ-ഷമീലി രാജ്യംവിട്ടത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലെത്തി, അവിടെ നിന്നാണ് ദുബായിലേക്ക് പോയത്. നയതന്ത്ര പരിരക്ഷയുള്ളതിനാൽ അദ്ദേഹത്തിന്റെ യാത്ര തടയാൻ കേന്ദ്രസർക്കാരിന് കഴിയുമായിരുന്നില്ല. ഇന്ത്യയിൽ കോവിഡ് വ്യാപനത്തെതുടർന്ന് കോൺസുൽ ജനറൽ ജമാൽ ഹുസൈൻ റഹ്മാഹുസൈൻ അൽ-സഅബി യു.എ.ഇയിലേക്ക് പോയതിനെത്തുടർന്ന് കോൺസുൽ ജനറലിന്റെ ചുമതല റഷീദ് ഖമീസിനായിരുന്നു.

യു.എ.ഇയുടെ ഔദ്യോഗിക സീലും ഡിപ്ലോമാറ്റിക് ബാഗെന്ന സ്റ്റിക്കറും പതിച്ച്, ഫൈസൽ ഫരീദ്, പി.ഒ ബോക്സ് 31456, വില്ല-നമ്പർ 5, അൽറാഷിദ, ദുബായ് എന്ന മേൽവിലാസത്തിൽ നിന്ന് യു.എ.ഇ കോൺസുലേറ്റ് ജനറൽ റഷീദ് ഖമീസ് അലി മുസൈയ്ഖരി അൽ-ഷമീരിയുടെ പേരിലേക്ക് 15കിലോ സ്വർണമടങ്ങിയ കാർഗോ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. കാർഗോയുടെ എയർവേ ബില്ലിൽ ഡിപ്ലോമാറ്റ് ബാഗേജ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. സംശയം തോന്നി കസ്റ്റംസ് ബാഗ് തടഞ്ഞുവച്ചപ്പോൾ, കേസിലെ ഒന്നാംപ്രതി സരിത്തിനൊപ്പം വിമാനത്താവളത്തിലെത്തിയതും അറ്റാഷെയായിരുന്നു. കാർഗോ ദുബായിലേക്ക് തിരിച്ചയപ്പിക്കാൻ അറ്റാഷെ ശ്രമിച്ചു.