കണ്ണൂർ: അഴീക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി നികേഷ് കുമാറിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ലഘുലേഖകൾ മണ്ഡലത്തിൽ വ്യാപകമായി വിതരണം ചെയ്യുന്നു. നികേഷിന്റെ പര്യടന വാഹനം കടന്നു പോകുമ്പോഴാണു പാഞ്ഞുപോയ പൾസറിൽ നിന്നു തെറിച്ചു വീണ ലഘുലേഖകൾ സ്ഥാനാർത്ഥി ഉൾപ്പെടെ ഉള്ളവരുടെ ശ്രദ്ധയിൽ പതിഞ്ഞത്.

പിന്നാലെ പാഞ്ഞ സ്ഥാനാർത്ഥിയുടെ വാഹനം ലഘുലേഖകൾ വിതരണം ചെയ്തവരുടെ ദൃശ്യം പകർത്തുകയും ചെയ്തു. പാൻ കാർഡ് വിവാദത്തിനു പിന്നാലെ മറ്റൊരു വിവാദത്തിനാണ് അഴീക്കോടു മണ്ഡലം സാക്ഷ്യം വഹിക്കുന്നത്.

അഴീക്കോട് എൽഡിഎഫ് സ്ഥാനാർത്ഥി എം വി നികേഷ്‌കുമാറിനെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന നോട്ടീസുകൾ ബൈക്കുകളിലെത്തിയ സംഘമാണ് മണ്ഡലത്തിൽ വ്യാപകമായി വിതരണം നടത്തിയത്. ഇതേ നോട്ടീസുകൾ യുഡിഎഫ് സംഘം വീടുകളിൽ നേരിട്ട് എത്തി വിതരണം നടത്തുകയും ചെയ്തു. എന്നാൽ ബൈക്കിലെത്തിയതിൽ രണ്ട് പേർ അലവിൽ ഭാഗത്ത് വച്ച് കാമറയിൽ കുടുങ്ങുകയായിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി തന്നെയാണ് ഇവരുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തിയതും.

ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്ന് വലിയ പേപ്പർ കെട്ട് താഴെ വീഴുന്നത് കണ്ട് പര്യടന വാഹനം നിർത്തി പരിശോധിച്ചപ്പോഴാണ് അപകീർത്തികരമായ നോട്ടീസുകളാണ് ഇതിൽ എന്ന് കണ്ടെത്തിയത്. തുടർന്ന് ബൈക്കിലെത്തിയ സംഘത്തെ പിൻതുടർന്ന് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന നോട്ടീസ് സംബന്ധിച്ച് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. നോട്ടീസ് വിതരണം ചെയ്ത രണ്ടു പേരുടെ ചിത്രങ്ങളും അവർ സഞ്ചരിച്ച ബൈക്കിന്റെ വിശദാംശങ്ങളുമുൾപ്പടെ നൽകിയിട്ടുണ്ട്. കെഎൽ 13 ഇസഡ് 4226 നമ്പറിലുള്ള കറുത്ത പൾസർ ബൈക്കിലാണ് ആളുകൾ എത്തിയിരുന്നത്. അപമാനകരമായ പരാമർശങ്ങൾ പ്രസിദ്ധീകരിച്ചത് മുസ്ലിം ലീഗ് നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണെന്ന് നോട്ടീസിൽ നിന്ന് വ്യക്തമാണ്.

ഇക്കാര്യത്തിൽ എതിർ സ്ഥാനാർത്ഥിയുടേതുൾപ്പടെ വൻ ഗൂഢാലോചന വ്യക്തമാണെന്നും എൽഡിഎഫ് മണ്ഡലം കമ്മറ്റി അറിയിച്ചു. രഹസ്യ പാൻകാർഡ് സൂക്ഷിച്ചതിന്റേയും വസ്തു വില വെട്ടിപ്പു നടത്തിയതിന്റേയും വിശദാംശങ്ങൾ പുറത്തു വന്നതിന്റെ ജാള്യത മറക്കാനാണ് വ്യക്തിഹത്യ നടത്തുന്നത്. പരാജയഭീതിയിൽ എന്തും ചെയ്യും എന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നതെന്നും മണ്ഡലം കമ്മറ്റി കൺവീനർ വ്യക്തമാക്കി.