മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണം അഞ്ചും ആറും ഘുട്ടങ്ങൾ പിന്നിട്ടപ്പോഴാണ് സ്ഥാനാർത്ഥികൾ സ്വതന്ത്രനാണോ പാർട്ടിക്കാരനാണോ എന്നെല്ലാമുള്ള വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്നത്. മലപ്പുറം ജില്ലയിലെ താനൂർ, തിരൂർ നിയോജക മണ്ഡലങ്ങളിലെ ഇടതുമുന്നണി സ്ഥാനാർത്ഥികളെ ചൊല്ലിയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. നാമ നിർദേശ പത്രിക സമർപ്പിച്ചതു മുതലാണ് എതിരാളികൾ ഇടത് സ്ഥാനാർത്ഥികൾക്കെതിരെ വിവാദം പ്രചാരണായുധമാക്കി രംഗത്തു വന്നിരിക്കുന്നത്.

ഇതോടെ മണ്ഡലങ്ങളിലെ വോട്ടർമാരും അങ്കലാപ്പിലായിരിക്കുകയാണ്. സാധാരണക്കാരായ വോട്ടർമാർ എന്നുമാത്രമല്ല, പാർട്ടിക്കാർ പോലും സ്വന്തം സ്ഥാനാർത്ഥി യഥാർത്ഥത്തിൽ ഏതു പാർട്ടിക്കാരാണെന്ന് ചോദിക്കേണ്ട അവസ്ഥയിലാണുള്ളത്. മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറം ജില്ലയിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന താനൂർ, തിരൂർ മണ്ഡലങ്ങളിലാണ് വിവാദമെന്നതും ശ്രദ്ധേയമാണ്. ഇടതുമുന്നണി ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലം കൂടിയാണ് താനൂരും തിരൂരും. എന്നാൽ നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ എഴുതിയ പാർട്ടിയുടെ പേരാണ് ഇരു സ്ഥാനാർത്ഥികളെയും വിവാദക്കുരുക്കിൽ അകപ്പെടുത്തിയിരിക്കുന്നത്.

മലപ്പുറം ജില്ലയിൽ പരക്കെ സ്വതന്ത്രരെ ഇറക്കി ഇക്കുറി അട്ടിമറി പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ഇടതു മുന്നണി നേതാക്കൾ. എന്നാൽ ഇതിനിടയിൽ ഇടതു പക്ഷ സ്വതന്ത്രരായി താനൂരിലും തിരൂരിലും മത്സരിക്കുന്ന സ്ഥാനാർത്ഥികൾ സത്യവാങ് മൂലത്തിൽ ഒരു പാർട്ടിയുടെ പേരു ചേർത്തു എന്നതാണ് വിവാദത്തിന് ആധാരമായിരിക്കുന്നത്. മുൻ കെപിസിസി അംഗവും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നിന്നും ഇടതു സ്വതന്ത്രനായി മത്സരിക്കുകയും ചെയ്ത വ്യവസായിയായ വി അബ്ദുറഹിമാനാണ് താനൂരിലെ ഇടതു മുന്നണി സ്ഥാനാർത്ഥി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരൂർ നഗരസഭ മുസ്ലിംലീഗിൽ നിന്നും പിടിച്ചെടുക്കാൻ നിർണായക ശക്തിയായി സിപിഎമ്മിനോടൊപ്പം പ്രവർത്തിച്ച ടി.ഡി.എഫി( തിരൂർ ഡവലപ്പ്‌മെന്റ് ഫോറം)ന്റെ ജനറൽ കൺവീനറും വ്യവസായിയുമായ ഗഫൂർ പി ലില്ലീസ് ആണ് തിരൂരിലെ ഇടത് സ്ഥാനാർത്ഥി.

ഇരു സ്ഥാനാർത്ഥികളും നേരത്തെ പ്രചാരണ രംഗത്ത് സജീവമായിരുന്നു. താനൂരിൽ വി അബ്ദുറഹിമാന്റെ സ്ഥാനാർത്ഥിത്വം നേരത്തെ ഉറപ്പാക്കി ഒരുപടി മുമ്പേ ഗോദയിലിറങ്ങിയിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം മുതലേ സ്വതന്ത്ര സ്ഥാനാർത്ഥികളായിട്ടായിരുന്നു പ്രചാരണം പൊടിപൊടിച്ചതും ഇപ്പോൾ പ്രചാരണം തുടർന്നുകൊണ്ടിരിക്കുന്നതും. എന്നാൽ നാമനിർദേശപത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വതന്ത്രൻ എന്നു വെട്ടി ഇടതുമുന്നണിയോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന പി.ടി.എ റഹീമിന്റെ പാർട്ടിയായ നാഷണൽ സെക്കുലർ കോൺഫറൻസ് എന്നാണ് എഴുതി ചേർത്തിട്ടുള്ളത്.

സത്യവാങ്മൂലം പുറത്താവുകയും പ്രചാരണത്തിൽ ചർച്ചയാവുകയും ചെയ്തതോടെ ഇടത് സ്ഥാനാർത്ഥികളും മറുപടി പറയാൻ നിർബന്ധിതരാവുകയായിരുന്നു. യഥാർത്ഥത്തിൽ ഉദ്ദേശിച്ച ചിഹ്നം ലഭിക്കാനായിരുന്നു പിടിഎ റഹീമിന്റെ പാർട്ടിയുടെ പേര് എഴുതി ചേർത്തതെന്നാണ് വസ്തുത. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ മുസ്ലിം ലീഗിന്റെ ഇ.ടി മുഹമ്മദ് ബഷീറിനെതിരെ മത്സരിച്ച ഇടത് സ്ഥാനാർത്ഥി വി അബ്ദുറഹിമാൻ ശക്തമായ മത്സരം കാഴ്ചവെയ്ക്കുകയും യു.ഡി.എഫിന്റെ ഭൂരിപക്ഷം വലിയ തോതിൽ കുറയുകയും ചെയ്തിരുന്നു.

തുടർന്ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും തിരൂർ ഉൾപ്പടെയുള്ള മണ്ഡലത്തിൽ ഇടതുപക്ഷം വന്മുന്നേറ്റം നടത്തുകയും ചെയ്യുകയുണ്ടായി. ഈ തെരഞ്ഞെടുപ്പുകളിലെല്ലാം എൽ.ഡി.എഫ് ചിഹ്നമായി സ്വീകരിച്ചിരുന്നത് കപ്പും സോസറുമാണ്. ഇതേ ചിഹ്നവുമായി നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നതോടെ ജനങ്ങൾക്കിടയിൽ ചിഹ്നം പരിചയപ്പെടുത്തേണ്ടതില്ലെന്നായിരുന്നു എൽ.ഡി.എഫ് ധരിച്ചത്. ഇതോടെ എൽ.ഡി.എഫിന്റെ ഭാഗ്യ ചിഹ്നമായ കപ്പും സോസറും പിടിച്ചെടുക്കാനായി പി.ടി.എ റഹീമിന്റെ പാർട്ടിയുടെ പേര് സത്യവാങ്മൂലത്തിൽ എഴുതിച്ചേർക്കുകയായിരുന്നു.

എൽ.ഡി.എഫിന്റെ ഉദ്ദേശം ഇത്രയേ ഉണ്ടായിരുന്നുവെങ്കിലും എതിരാളികൾ പ്രചരണായുധമാക്കിയതോടെ എൽ.ഡി.എഫ് വെട്ടിലാവുകയായിരുന്നു. വ്യവസായികൾക്ക് സീറ്റ് നൽകുന്നതിനെതിരെ നേരത്തെ പാർട്ടിക്കുള്ളിൽ നിന്നുതന്നെ അപശബ്ദങ്ങൾ ഉയർന്നിരുന്നു. ഇതിനെയെല്ലാം മറികടന്ന് നേതാക്കൾ മുന്നേറുകയും ചെയ്യുകയുണ്ടായി. തിരൂരിലെ സ്ഥാനാർത്ഥി ഗഫൂർ പി ലില്ലീസ് എസ്.എഫ്.ഐയിലൂടെ വളർന്ന സിപിഐഎം പ്രവർത്തകനാണെന്ന് അണികൾക്കിടയിൽ ബോധ്യപ്പെടുത്തി പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് വീണ്ടും സ്ഥാനാർത്ഥികളുടെ പാർട്ടി ഏതെന്ന കാര്യത്തിൽ വിവാദം ഉയർന്നിരിക്കുന്നത്. സത്യവാങ്മൂലത്തിൽ ഒരു പാർട്ടിയുടെ പേരും പ്രചാരണത്തിൽ സ്വതന്ത്രനെന്നു പറയുന്നതും ജനങ്ങളോടുള്ള വഞ്ചനയും തെറ്റിദ്ധരിപ്പിക്കലുമാണെന്നാണ് മുസ്ലിംലീഗിന്റെ വാദം.

വിഷയം ചൂണ്ടിക്കാട്ടി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും സമർപ്പിച്ചിട്ടുണ്ട്. പരാതിന്മേൽ കമ്മീഷൻ എന്ത് നടപടി കൈകൊള്ളുമെന്ന് കണ്ടറിയണം. എന്നാൽ നാഷണൽ സെക്കുലർ കോൺഫറൻസിന്റെ പേരിൽ താനൂരിലും തിരൂരിലും വിവാദം നടക്കുമ്പോഴും ഈ പാർട്ടിയുടെ സ്ഥാപകനായ പി.ടി.എ റഹീം കുന്ദമംഗലത്ത് മത്സരിക്കുന്നതാകെട്ടെ സ്വതന്ത്രനായി രേഖപ്പെടുത്തി ഗ്ലാസ് ചിഹ്നത്തിലാണ് എന്നത് മറ്റൊരു വൈരുധ്യം മാത്രം.