തിരുവനന്തപുരം: പൊതുമരാമത്തു സെക്രട്ടറി ടി ഒ സൂരജിന്റെ വീട്ടിലെ റെയ്ഡിലെ വിവരങ്ങൾ വിജിലൻസിനെപ്പോലും അക്ഷരാർഥത്തിൽ ഞെട്ടിച്ചെന്നത് സത്യം. എന്നാൽ, ഇക്കാര്യത്തിൽ ശരിക്കും ഞെട്ടിയത് സംസ്ഥാന മന്ത്രിസഭയിലെ പ്രധാനികൾ തന്നെയാണ്. മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും അറിയാതെയാണ് ഇത്രയും വലിയ റെയ്ഡു നടന്നതെന്നത് കേരള രാഷ്ട്രീയത്തിൽ വലിയൊരു കോളിളക്കം തന്നെ സൃഷ്ടിക്കുമെന്നത് ഉറപ്പാണ്.

വീടുകളും സ്ഥാപനങ്ങളും റെയ്ഡുചെയ്യാൻ കോടതി ഉത്തരവുവരെ ലഭിച്ചിട്ടും മുഖ്യമന്ത്രിയോ വകുപ്പുമന്ത്രിയോ ഇക്കാര്യം അറിയാത്തത് എന്താണെന്ന കാര്യം പരിശോധിക്കുമ്പോഴാണ് തിരശീലയ്ക്കുപിന്നിലെ കളികൾ എന്തൊക്കെയാണെന്നത് ചർച്ചയാകുന്നത്.

റെയ്ഡുനടക്കുന്ന വിവരം വിജിലൻസ് ഉദ്യോഗസ്ഥർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അറിയിച്ചിരുന്നു. മന്ത്രിയുടെ അനുമതിയോടെ തന്നെയാണ് വിജിലൻസ് തിരുവനന്തപുരത്തും കൊച്ചിയിലുമെല്ലാം ഒരേസമയം റെയ്ഡ് നടത്തിയത്. ആഭ്യന്തരമന്ത്രി സംഭവം അറിഞ്ഞിട്ടും മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ അറിയാത്തത് ഇതിനകം രാഷ്ട്രീയകേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്. റെയ്ഡിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനാണ് ഇതെന്ന വാദം ചില കോണിൽ നിന്നുവരുന്നുണ്ടെങ്കിലും കൃത്യമായ രാഷ്ട്രീയ അജൻഡയുടെ ഭാഗമാണ് ചെന്നിത്തലയുടെ നീക്കമെന്നാണ് സൂചനകൾ. അതീവ ശ്രദ്ധയോടെയാണ് റെയ്ഡിന്റെ കാര്യത്തിൽ രമേശ് ചെന്നിത്തല കൈക്കൊണ്ടത്.

കടുത്ത എതിർപ്പാണ് റെയ്ഡിന്റെ കാര്യത്തിൽ മുസ്ലിം ലീഗ് മന്ത്രിമാരിൽ നിന്ന് ഉയരുന്നത്. ലീഗ് മന്ത്രിമാരെല്ലാം ഇക്കാര്യത്തിൽ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയാകട്ടെ എന്തുപറയണമെന്ന് അറിയാത്ത അവസ്ഥയിലുമാണ്. പ്രതിരോധിക്കാൻ പല ന്യായങ്ങളും മുഖ്യമന്ത്രി നിരത്തുമെങ്കിലും സംഭവത്തിനു പിന്നിലെ കരുനീക്കങ്ങളിൽ മുഖ്യമന്ത്രി അസ്വസ്ഥനാണെന്നാണ് സൂചന.

അതിനിടെ, താൻ അറിഞ്ഞിട്ടാണ് റെയ്ഡ് നടന്നതെന്നു പൊതുമരാമത്തു മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് പ്രസ്താവനയിറക്കി. എന്നാൽ, യഥാർഥ വസ്തുതകൾ എല്ലാവർക്കും അറിയാമെന്നിരിക്കെ ജനപിന്തുണ നേടാൻ നടത്തിയ പ്രസ്താവന മന്ത്രിയെ പരിഹാസ്യനാക്കിയിരിക്കുകയാണ്. മന്ത്രി അറിയാതെ സ്വന്തം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ നടത്തിയ റെയ്ഡിൽ ലീഗ് കേന്ദ്രങ്ങളിൽനിന്നു മന്ത്രിക്കെതിരെ വിമർശനം ഉയർന്നിരുന്നു. ജനങ്ങളുടെ മുന്നിലെങ്കിലും 'താനിത് അറിഞ്ഞതാ' എന്നുവരുത്താൻ നടത്തിയ ശ്രമം പക്ഷേ, ദുരന്തത്തിലാണ് കലാശിച്ചത്.

മന്ത്രിമാർക്കു പുറമെ ഉദ്യോഗസ്ഥവൃന്ദത്തിനും റെയ്ഡിൽ അമർഷമുണ്ടെന്നു തന്നെയാണ് ഇന്നലെ നടന്ന സംഭവങ്ങൾ തെളിയിക്കുന്നത്. ചീഫ് സെക്രട്ടറിക്കുപോലും റെയ്ഡിൽ അതൃപ്തിയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. സെക്രട്ടറിയറ്റിൽ റെയ്ഡിനെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരെ തടഞ്ഞത് ഇതിന്റെ ഭാഗമായാണ്. വിജിലൻസ് ഉദ്യോഗസ്ഥർക്കു നിയന്ത്രണമേതുമില്ലാതെ റെയ്ഡു നടത്താനുള്ള അവകാശമുണ്ടെന്നിരിക്കെ രണ്ടുമണിക്കൂറോളമാണ് സെക്രട്ടറിയറ്റിൽ ഇവരെ തടഞ്ഞുവച്ചത്. മുകളിൽ നിന്നുള്ള കർശന നിർദ്ദേശത്തിന്റെ ഭാഗമായാണ് ഇതെന്നത് പകൽപോലെ വ്യക്തമാണ്.

എന്തായാലും ലീഗിന്റെ കടുത്ത എതിർപ്പാണ് റെയ്ഡിന്റെ കാര്യത്തിൽ ആഭ്യന്തരമന്ത്രിക്കെതിരെ ഉയർന്നിട്ടുള്ളത്. മനഃപൂർവമുള്ള നടപടിയാണിതെന്നാണ് ലീഗിലെ പല നേതാക്കളും പറയുന്നത്. ഇതിനിടെയാണ് സ്വയം പരിഹാസ്യനായി മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ പ്രസ്താവനയും വന്നത്.