ഡൽഹി: ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം കൂടുതൽ വെല്ലുവിളി ഉയർത്തുന്നതാണ് എന്ന ആശങ്കയ്ക്ക് ശാസ്ത്രീയ തെളിവില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി(ഐജിഐബി) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വിനോദ് സ്‌കറിയ. ഇന്ത്യയിൽ കണ്ടെത്തിയ വൈറസ് വകഭേദങ്ങളുമായുള്ള താരതമ്യത്തിൽ ബ്രിട്ടനിൽ നിന്നുള്ള വൈറസുകൾ കൂടുതൽ അപകടകാരിയാണ് എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ആശങ്കയുടെ കാര്യമില്ല.

കോവിഡ് ബാധയുടെ തീവ്രത വർധിപ്പിക്കുക, ആശുപത്രിയിൽ കഴിയേണ്ട അവസ്ഥ കൂട്ടുക, മരണനിരക്കു വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ നേരത്തെയുള്ളതിനെക്കാൾ കൂടുതൽ വെല്ലുവിളി ബ്രിട്ടനിൽ കണ്ടെത്തിയ വൈറസ് വകഭേദത്തിന് ഇല്ലെന്നാണ് ഏറ്റവും പുതിയ വിവരം. അതേസമയം, ജാഗ്രത കൈവിടാനും പാടില്ല. കൂടുതൽ പേരിലേക്ക് എത്താൻ ശേഷിയുണ്ടെന്നും പെട്ടെന്നു വൈറസ് പടരുമെന്നുമെല്ലാം ചില അനുമാനങ്ങളുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുതയെന്നും മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.

കൊറോണ വൈറസിനെ മനുഷ്യകോശത്തിലേക്കു നുഴഞ്ഞുകയറാൻ സഹായിക്കുന്നത് സ്‌പൈക്ക് പ്രോട്ടീനാണ്. പുതിയ വകഭേദത്തിലെ പ്രധാന മാറ്റങ്ങൾ ഈ സ്‌പൈക്ക് പ്രോട്ടീനിലാണ്. ഈ മാറ്റം വൈറസിന് കൂടുതൽ പേരിൽ അനായാസം എത്തിപ്പെടാൻ സഹായിക്കുമോയെന്ന ആശങ്കയ്ക്ക് ഇതു കാരണമാകുന്നു. അതിനാലാണ് ഇപ്പോൾ കൂടുതൽ ജാഗ്രത തുടരുന്നത്. വൈറസ് വ്യാപനമുണ്ടാകുന്നതു പ്രധാനമായും മനുഷ്യ ഇടപെടലുകളിലെ ജാഗ്രതക്കുറവു കൊണ്ടാണ്. മുൻകരുതലുകൾ ഇല്ലാതെ കൂട്ടംകൂടുന്നതും മറ്റും കൊണ്ട്. അതേസമയം, ജനിതക വ്യതിയാനം കൊണ്ടുമാകാം. അതിനെ മറികടക്കാൻ പോലും സാമൂഹിക അകലം പോലുള്ളവ കൊണ്ടു കഴിയും.

ഓണത്തിനു ശേഷം കേരളത്തിൽ കേസുകൾ കൂടി, അതേസമയം അവിടെ ഒരു വൈറസ് വകഭേദം കണ്ടെത്തിയിരുന്നെങ്കിൽ അതായിരുന്നു കാരണമെന്നു നാം പറയുംപോലെയാണത്. വൈറസ് വകഭേദം മാത്രമായിരിക്കും കേസുകൾ കൂടാൻ കാരണമെന്നു മാത്രം പറയാനാകില്ല. വൈറസിനെ നേരിടുമ്പോൾ ജനിതക ശ്രേണീകരണം പരമപ്രധാനമാണ്. ഇത് ഊർജിതമാക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങിക്കഴിഞ്ഞു. കേരളം ഇക്കാര്യത്തിൽ തുടക്കം മുതൽ ജാഗ്രത കാട്ടി. വളരെ നേരത്തെ തന്നെ ജനിതക ശ്രേണീകരണം ആസൂത്രണം ചെയ്യുകയും അതിനുള്ള നടപടികൾക്കു തുടക്കമിടുകയും ചെയ്തതു ഗുണം ചെയ്യും.

നേരത്തെ കൊറോണ വൈറസിനെതിരെ നാമെന്തെല്ലാം ചെയ്‌തോ അത് കുറച്ചു കൂടി ജാഗ്രതയോടെ ചെയ്യുകയെന്നതു മാത്രമാണ് പരിഹാരം. കൈ ഇടവിട്ടു കഴുക, മാസ്‌ക്ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ മാത്രമാണ് നിലവിൽ കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗമെന്നും ഡോ. വിനോദ് സ്‌കറിയ വ്യക്തമാക്കി.