- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഫ്യൂ ആകാം, ലോക്ഡൗൺ പാടില്ല; യാത്രകൾക്ക് നിയന്ത്രണമില്ല; ചരക്ക് ഗതാഗതവും നിയന്ത്രിക്കാൻ പാടില്ല; സിനിമാ ഹാളുകളും തീയേറ്ററുകളും 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം; പരിപാടികൾ ഹാളിന്റെ 50 ശതമാനം ശേഷി മാത്രം ഉപയോഗപ്പെടുത്തി നടത്താം; അടച്ച ഹാളുകളിൽ 200 പേരെ മാത്രമെ പരമാവധി പങ്കെടുപ്പിക്കാവൂ; പുതിയ കോവിഡ് മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കോവിഡ് മഹാമാരി മാറ്റമില്ലാതെ തുടരവേ പുതിയ കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് സർക്കാർ. കർഫ്യൂ ആകാം, ലോക്ഡൗൺ പാടില്ല എന്ന് ഈ നിർദേശങ്ങളിൽ എടുത്തുപറയുന്നു. സംസ്ഥാനത്തിന് അകത്തുള്ള യാത്രകൾക്കും സംസ്ഥാനാന്തര യാത്രകൾക്കും യാതൊരു നിയന്ത്രണവും പാടില്ല. ചരക്ക് ഗതാഗതവും നിയന്ത്രിക്കാൻ പാടില്ല. അയൽരാജ്യങ്ങളുമായുള്ള വ്യാപാര ഉടമ്പടികൾ പ്രകാരമുള്ള ചരക്ക് നീക്കവും നിയന്ത്രിക്കാൻ പാടില്ല. യാത്രയ്ക്കോ ചരക്ക് നീക്കത്തിനോ പ്രത്യേക അനുമതിയോ ഇ-പെർമിറ്റോ ആവശ്യമില്ല.
ഡിസംബർ ഒന്നുമുതൽ വിവിധ സംസ്ഥാനങ്ങൾ പാലിക്കേണ്ട മാർഗനിർദേശങ്ങളും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. കൺടെയ്ന്മെന്റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, രോഗികളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുക, രോഗവ്യാപനം തടയുന്ന തരത്തിലുള്ള പെരുമാറ്റരീതികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. ഉത്സവ കാലത്ത് ചില സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം വർധിക്കുകയും തൊട്ടുപിന്നാലെ ശൈത്യകാലം തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം നൽകിയിട്ടുള്ള നിർദേശങ്ങൾ പാലിച്ചുകൊണ്ട് ജില്ലാ അധികാരികൾ കൺടെയ്ന്മെന്റ് സോണുകൾ കൃത്യമായി വേർതിരിക്കുന്നുവെന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉറപ്പാക്കണം. കൺടെയ്ന്മെന്റ് സോണുകളുടെ പട്ടിക ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കണം. പട്ടിക കേന്ദ്ര - ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കൈമാറുകയും വേണം. കൺടെയ്ന്മെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം.
അവശ്യ സേവനങ്ങൾ മാത്രമെ കൺടെയ്ന്മെന്റ് സോണുകളിൽ അനുവദിക്കാവൂ. പ്രോട്ടോകോൾ പ്രകാരമുള്ള കോവിഡ് പരിശോധനകൾ ഉറപ്പാക്കണം. വീടുവീടാന്തരം കയറി ഇറങ്ങിയുള്ള നിരീക്ഷണം ഏർപ്പെടുത്തണം. കോവിഡ് സ്ഥിരീകരിക്കുന്നവരെ ചികിത്സാ കേന്ദ്രത്തിലോ വീട്ടിലോ ഉടൻതന്നെ നിരീക്ഷണത്തിലാക്കണം. ചികിത്സാ കേന്ദ്രങ്ങളിലും ക്ലിനിക്കുകളിലും മൊബൈൽ യൂണിറ്റുകൾ പരിശോധന നടത്തണം.
രാജ്യാന്തര വിമാന യാത്രകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂ. സിനിമാ ഹാളുകളും തീയേറ്ററുകളും 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. നീന്തൽ കുളങ്ങൾ കായികതാരങ്ങളുടെ പരിശീലനത്തിനുവേണ്ടി മാത്രം ഉപയോഗിക്കാം. എക്സിബിഷൻ ഹാളുകൾ ബിസിനസ് ടു ബിസിനസ് ആവശ്യങ്ങൾക്ക് മാത്രമെ ഉപയോഗിക്കാവൂ. സാമൂഹ്യ, മത, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്കാരിക പരിപാടികൾ ഹാളിന്റെ 50 ശതമാനം ശേഷി മാത്രം ഉപയോഗപ്പെടുത്തി നടത്താം. അടച്ച ഹാളുകളിൽ 200 പേരെ മാത്രമെ പരമാവധി പങ്കെടുപ്പിക്കാവൂ. തുറസായ സ്ഥലങ്ങളിൽ സാഹചര്യത്തിന് അനുസരിച്ച് ആളുകളുടെ എണ്ണത്തിൽ മാറ്റം വരുത്താം. അടച്ച ഹാളുകളിൽ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് അനുവദനീയമായ ആളുകളുടെ എണ്ണം നൂറോ അതിൽ താഴേയായോ നിജപ്പെടുത്താം.
സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് രാത്രി കർഫ്യൂ പോലെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. എന്നാൽ കൺടെയ്ന്മെന്റ് സോണുകൾക്ക് പുറത്ത് സംസ്ഥാന തലത്തിലോ, ജില്ലാ തലത്തിലോ, സബ് ഡിവിഷൻ തലത്തിലോ, നഗര പ്രദേശങ്ങളിലോ കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ പ്രാദേശിക ലോക്ഡൗൺ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്കോ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കോ അധികാരം ഉണ്ടാവില്ല. ഓഫീസുകളിൽ സംസ്ഥാന സർക്കാരുകൾ സാമൂഹ്യ അകലം ഉറപ്പാക്കണം. പ്രതിവാര കേസ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ അധികമുള്ള നഗരങ്ങളിൽ ഓഫീസ് സമയം പുനഃക്രമീകരിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കണം.65 വയസിന് മുകളിൽ പ്രായമുള്ളവർ, രോഗങ്ങൾ ഉള്ളവർ, ഗർഭിണികൾ, പത്ത് വയസിൽ താഴെ പ്രായമുള്ള കുട്ടികൾ എന്നിവർ വീടിനുള്ളിൽതന്നെ കഴിയണം. ചികിത്സയ്ക്കോ അടിയന്തര ആവശ്യങ്ങൾക്കോ മാത്രമെ ഇവർ പുറത്തിറങ്ങാവൂ എന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
മറുനാടന് ഡെസ്ക്