- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഡ് ഉടമകളുടെ വിവരങ്ങൾ സേവനദാതാക്കളുടെ സെർവറിൽ സൂക്ഷിക്കുന്നത് വിലക്ക്; പുതിയ ഡെബിറ്റ് കാർഡ് ചട്ടം ജൂലൈ ഒന്നിന് പ്രാബല്യത്തിൽ; പുതിയ ചട്ടത്തിലെ മാറ്റങ്ങൾ അറിയാം
ന്യൂഡൽഹി: ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകളുടെ വിവരങ്ങൾ സേവനദാതാക്കളുടെ സെർവറിൽ സൂക്ഷിക്കുന്നത് വിലക്കി റിസർവ് ബാങ്ക് കൊണ്ടുവന്ന ചട്ടം ജൂലൈ ഒന്നിന് പ്രാബല്യത്തിൽ. ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവർഷമാണ് റിസർവ് ബാങ്ക് ചട്ടത്തിന് രൂപം നൽകിയത്. ജനുവരിക്കുള്ളിൽ വ്യവസ്ഥ പാലിക്കണമെന്നായിരുന്നു റിസർവ് ബാങ്കിന്റെ മുൻ ഉത്തരവ്. ഇത് പിന്നീട് ജൂലൈ ഒന്നുവരെ നീട്ടുകയായിരുന്നു.
ടോക്കണൈസേഷൻ ചട്ടം നിലവിൽ വരുന്നതോടെ, ഇടപാടുകാരുടെ യഥാർഥ കാർഡ് വിവരങ്ങൾക്ക് പകരം പ്രത്യേക കോഡ് വഴിയാണ് ഇടപാട് നടക്കുക. ടോക്കൺ എന്ന് വിളിക്കുന്ന ഈ കോഡ് ഒരേ സമയം ഒരു ഓൺലൈൻ സേവനദാതാക്കളുമായി ബന്ധപ്പെട്ട് മാത്രമാണ് സേവ് ആകുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ ഇടപാട് നടത്താൻ അനുവദിക്കുന്നതാണ് ടോക്കണൈസേഷൻ സംവിധാനം.
ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ, ഇതുവരെ സൂക്ഷിച്ചുവച്ചിരുന്ന ഇടപാടുകാരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഓൺലൈൻ സേവനദാതാക്കൾ നീക്കം ചെയ്യണം. കാർഡ് വിവരങ്ങൾ നീക്കം ചെയ്ത് എൻക്രിപ്റ്റ് ചെയ്ത ഡിജിറ്റൽ ടോക്കണിലേക്ക് നീങ്ങണമെന്നാണ് റിസർവ് ബാങ്ക് മാർഗനിർദേശത്തിൽ പറയുന്നത്.
ഇടപാടുകാരനെ സംബന്ധിച്ച് കാർഡ് ടോക്കണൈസേഷൻ നിർബന്ധമല്ല. ടോക്കണൈസേഷന് അനുമതി നൽകിയില്ലെങ്കിൽ ഇടപാട് നടത്താൻ കാർഡിലെ മുഴുവൻ വിവരങ്ങളും കാർഡുടമകൾ നൽകണം. സിവിവി മാത്രം നൽകി ഇടപാട് നടത്തുന്ന പതിവ് രീതിക്ക് പകരമാണ് മുഴുവൻ വിവരങ്ങളും നൽകേണ്ടി വരിക.
ടോക്കണൈസേഷന് അനുമതി നൽകിയാൽ ഇടപാട് പൂർത്തിയാക്കാൻ സിവിവിയും ഒടിടിയും മാത്രം നൽകിയാൽ മതി. ടോക്കണൈസേഷൻ സംവിധാനം മുഴുവനായി സൗജന്യമാണ്. സ്വകാര്യ വിവരങ്ങൾ നഷ്ടപ്പെടാതെ തന്നെ വേഗത്തിൽ ഇടപാട് പൂർത്തിയാക്കാൻ സാധിക്കും എന്നതാണ് ടോക്കണൈസേഷന്റെ പ്രത്യേകത.
മറുനാടന് മലയാളി ബ്യൂറോ