ന്യൂഡൽഹി: സ്‌കൂളിന്റെ സൽപേരിന് കോട്ടം തട്ടുമെന്ന് ചൂണ്ടിക്കാട്ടി പീഡനത്തിനിരയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയോട് ഇനി ക്ലാസിൽ വരേണ്ടെന്ന് സ്‌കൂൾ അധികൃതരുടെ നിർദേശിച്ചതായി പരാതി. ഡൽഹിയിലെ ഒരു പ്രധാന സ്വകാര്യ സ്‌കൂൾ അധികൃതരിൽ നിന്നാണ് വിദ്യാർത്ഥിനിക്ക് ഇങ്ങനെയൊരു ദുരനുഭവമുണ്ടായത്.

തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം വാഹനത്തിൽ നിന്നും വിദ്യാർത്ഥിനിയെ അക്രമികൾ പുറത്തേക്കെറിയുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം വിദ്യാർത്ഥിനി സ്‌കൂളിൽ തിരിച്ചെത്തിയെങ്കിലും മറ്റ് കുട്ടികൾ തന്റെയടുത്ത് ഇരിക്കുന്നതിന് അദ്ധ്യാപകർ സമ്മതിച്ചിരുന്നില്ലെന്ന് കുട്ടി ആരോപിക്കുന്നു.

കൂടാതെ സ്‌കൂൾ അധികൃതർ തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായും കുട്ടി പറയുന്നു. സ്‌കൂൾ ബസ് ഉപയോഗിക്കുന്നതിനും കുട്ടിക്ക് വിലക്കുള്ളതായി രക്ഷിതാക്കൾ പറയുന്നുണ്ട് .

ക്ലാസിൽ വരാതിരുന്നാൽ പത്താം ക്ലാസ് പരീക്ഷയിൽ വിജയിപ്പിക്കാമെന്നും അടുത്ത അധ്യയന വർഷം മറ്റൊരു സ്‌കൂളിൽ ചേർന്നുകൊള്ളാനുമാണ് രക്ഷിതാക്കളോട് സ്‌കൂൾ അധികൃതർ പറഞ്ഞത്
രക്ഷിതാക്കളുടെ പരാതിയിൽ വനിതാ കമ്മിഷൻ തെളിവെടുപ്പ് നടത്തുകയും വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്.