- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങളിലെ പരാതി സിഐ കൈകാര്യം ചെയ്യണം; രാത്രിയിൽ കസ്റ്റഡിയിൽ എടുക്കുന്നവരുടെ വിവരം ഡിവൈഎസ്‌പിമാർ അറിയണം; പരാതി നൽകുന്നവരെ കൊണ്ട് സാധനങ്ങൾ വാങ്ങിപ്പിക്കരുത്: പുതിയ ഡിജിപി അനിൽകാന്ത് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ
തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ ആക്രമണങ്ങളെ കുറിച്ചുള്ള പരാതി സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കൈകാര്യം ചെയ്യണമെന്ന് പൊലീസ് മേധാവി. രാത്രിയിൽ കസ്റ്റഡിയിൽ എടുക്കുന്നവരുടെ വിവരം ഡിവൈഎസ്‌പിമാർ അറിയണം. സമൂഹമാധ്യമങ്ങളിലെ രാഷ്ട്രീയാഭിപ്രായം നിയന്ത്രിക്കണമെന്ന് ഡിജിപി പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.
അനിൽ കാന്ത് ഡിജിപി ആയതിന് ശേഷം പൊലീസുകാർക്കായി ഇറക്കുന്ന ആദ്യമാർഗനിർദ്ദേശമാണിത്. സ്ത്രീകൾക്കെതിരായ പരാതികളിൽ വളരെ വേഗത്തിൽ തന്നെ പരിഹാരം കണ്ടെത്താൻ കഴിയണം. സിഐ തന്നെ നേരിട്ട് പരാതി കേട്ട് എഴുതിയെടുക്കണം. രാത്രിയിൽ ലോക്കപ്പിൽ നിർത്തുന്നവരെയും കസ്റ്റഡിയിൽ എടുക്കുന്നവരുടെയും വിവരം അതാത് ഡിവൈഎസ്‌പിമാരെ അറിയിച്ചിരിക്കണം. അതിന്റെ ഉത്തരവാദിത്വം ഡിവൈഎസ്‌പിമാർക്കായിരിക്കും.
ഷാഡോ പൊലീസ് കസ്റ്റഡിയിലെടുക്കുന്നവരെ ചോദ്യം ചെയ്യേണ്ടത് സിഐ മാരായിരിക്കണം. സ്റ്റേഷന്റെ പൂർണഉത്തരവാദിത്വം സിഐക്കായിരിക്കും. സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങുമ്പോൾ സ്വന്തം സ്ഥാനപ്പേരോ ഔദ്യോഗിക മേൽവിലാസമോ നൽകരുത് ഔദ്യോഗിക നമ്പറോ നൽകരുതെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു
മറ്റു നിർദ്ദേശങ്ങൾ ഇങ്ങനെ
പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് ഓരോ ദിവസവും നൽകുന്ന ഡ്യൂട്ടി അവരുടെ നോട്ട്ബുക്കിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ അല്ലെങ്കിൽ പ്രിൻസിപ്പൽ എസ്‌ഐ രേഖപ്പെടുത്തി നൽകണം. പൊലീസ് പിടികൂടി സ്റ്റേഷനിൽ കൊണ്ടുവരുന്നവർ മദ്യമോ ലഹരിപദാർത്ഥങ്ങളോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവരെ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി നിയമനടപടികൾ സ്വീകരിക്കണം.
ഓരോ സ്റ്റേഷനിലും ക്രൈം കേസുകളിൽ അറസ്റ്റിലാകുന്നവരുടെയും രാത്രി പൊലീസ് സ്റ്റേഷനുകളിൽ കഴിയുന്നവരുടെയും പൂർണ്ണവിവരങ്ങൾ അതത് സബ് ഡിവിഷൻ പൊലീസ് ഓഫീസർമാർക്ക് അറിവുണ്ടായിരിക്കണം. അനധികൃതമായി ആരും കസ്റ്റഡിയിൽ ഇല്ലെന്ന് ഉറപ്പാക്കുന്നതിനാണ് ഇത്.
ജാമ്യം ലഭിക്കാത്ത കേസുകളിൽ അറസ്റ്റിലാകുന്നവരുടെ വൈദ്യപരിശോധന പൂർത്തിയാക്കി നിശ്ചിത സമയത്തിനകം തന്നെ കോടതിയിൽ ഹാജരാക്കുന്നുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഉറപ്പുവരുത്തണം.മനുഷ്യാവകാശങ്ങളുടെ സംരക്ഷകർ ആകേണ്ട പൊലീസ് ഉദ്യോഗസ്ഥർ തന്നെ കുറ്റവാളികളെ നിയമവിരുദ്ധമായി തടഞ്ഞുവച്ചാൽ കർശന നടപടി സ്വീകരിക്കും.
കേസ് രജിസ്റ്റർ ചെയ്താലും ഇല്ലെങ്കിലും ഇൻസ്പെക്ഷൻ മെമോ തയ്യാറാക്കുന്നത് ശീലമാക്കണം. നാട്ടുകാർ പിടികൂടി ഏൽപ്പിക്കുന്ന കുറ്റവാളികളുടെ ദേഹപരിശോധന നടത്തി പരിക്കുകൾ കണ്ടെത്തിയാൽ അക്കാര്യം ഇൻസ്പെക്ഷൻ മെമോയിൽ രേഖപ്പെടുത്തണം. തുടർന്ന് വൈദ്യപരിശോധന നടത്തി തുടർനടപടി സ്വീകരിക്കണം.
പൊലീസ് സ്‌ക്വാഡ്, ഷാഡോ പൊലീസ് എന്നിവർ പിടികൂടുന്ന ക്രിമിനലുകളെ ചോദ്യം ചെയ്യാൻ ചില സ്റ്റേഷൻ ഹൗസ് ഓഫീസർമാർ മടിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിനെത്തുടർന്ന് ഷാഡോ ടീം തന്നെ അവരെ ചോദ്യം ചെയ്യുകയും അത് പലപ്പോഴും പീഡനങ്ങളിലേയ്ക്ക് എത്തുകയും ചെയ്യുന്നു. അന്വേഷണ ഉദ്യോഗസ്ഥന് കേസിന്റെ വിവരങ്ങൾ അറിയാത്തത് പ്രോസിക്യൂഷൻ നടപടികളെയും ബാധിക്കുന്നു. അതിനാൽ ക്രിമിനലുകളെ ചോദ്യം ചെയ്യുന്ന സമയത്ത് സ്റ്റേഷൻ ഹൗസ് ഓഫീസറുടെയും അന്വേഷണ ഉദ്യോഗസ്ഥന്റേയും സാന്നിധ്യം ആവശ്യമാണ്.
രാഷ്ട്രീയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ സാമൂഹ്യ മാധ്യമങ്ങളിൽ അഭിപ്രായം പറയുന്ന പ്രവണത നിയന്ത്രിക്കണം. സാമൂഹ്യമാധ്യമങ്ങളിൽ സ്വകാര്യ അക്കൗണ്ട് തുടങ്ങാൻ ഔദ്യോഗിക ഇമെയിൽ വിലാസവും ഫോൺ നമ്പറും ഉപയോഗിക്കാൻ പാടില്ല.
പരാതിയുമായി എത്തുന്നവരെ പൊലീസ് സ്റ്റേഷനുകളിൽ ആവശ്യമായ സ്റ്റേഷനറി സാധനങ്ങൾ വാങ്ങാൻ നിർബന്ധിക്കുന്ന പ്രവണത ഉടനടി അവസാനിപ്പിക്കണം. പൊലീസ് സ്റ്റേഷനുകൾക്ക് പെർമനന്റ് അഡ്വാൻസ് ആയി നൽകുന്ന തുക 5,000 രൂപയായി ഉയർത്തിയിട്ടുണ്ട്. ഈ തുക കാര്യക്ഷമമായി ചെലവഴിക്കുന്നു എന്ന് ജില്ലാ പൊലീസ് മേധാവിമാരും ഡിവൈഎസ്‌പിമാരും ഉറപ്പുവരുത്തണം.
പൊലീസ് സ്റ്റേഷനുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ വിലയിരുത്താനും തെറ്റുകൾ തിരുത്താനും സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാരും ജില്ലാ പൊലീസ് മേധാവിമാരും പ്രത്യേകം ശ്രദ്ധപുലർത്തും. രാവിലെയും വൈകിട്ടുമുള്ള സാറ്റ കോൺഫറൻസ്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർമാരുമായുള്ള സമ്പർക്കം എന്നിവ ഇതിനായി ഉപയോഗിക്കണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ