2013 ലെ ഡൽഹി തെരഞ്ഞെടുപ്പിലെപ്പോലെത്തന്നെ കെജ്രിവാളാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിലും തലസ്ഥാനത്ത് താരമായി ഉദിച്ചുയർന്നിരിക്കുന്നത്. ഉജ്ജ്വല വിജയത്തോടെ അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ പ്രതിഛായയ്ക്ക് മുന്നിൽ കെജരിവാൾ നിഷ്പ്രഭനാകുമെന്ന ചില രാഷ്ട്രീയനിരീക്ഷകരുടെ പ്രവചനം അസ്ഥാനത്താക്കിയ അദ്ദേഹം ഇന്ദ്രപ്രസ്ഥത്തിൽ രണ്ടാംവട്ടവും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ദേശീയരാഷ്ട്രീയം ഡൽഹി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും അതിനാൽ മോദി എഫക്ടിന് ഡൽഹിയെ തൊടാൻ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് തന്നെ കെജ്രിവാൾ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചിരുന്നു. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനിടയിൽ തനിക്ക് പ്രിയപ്പെട്ടതെല്ലാം വലിച്ചെറിഞ്ഞ ചരിത്രമാണ് കെജ്രിവാളിനുള്ളത്. അഴിമതിയിൽ മനംനൊന്ത് സിവിൽ സർവീ്‌സ് പുല്ലുപോലെ വലിച്ചെറിഞ്ഞ് അഴിമതിക്കെതിരെ സന്ധിയില്ലാ സമരത്തിനിറങ്ങിയ ഈ രാഷ്ട്രീയനേതാവ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ന്യൂജനറേഷൻ സൂപ്പർസ്റ്റാറാണ്.

ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിൽ കെജ്രിവാളിനെ അത്ര നിസ്സാരനാക്കി തള്ളരുതെന്ന് മുഖ്യ എതിരാളിയായ ബിജെപി ആദ്യമേ മനസ്സിലാക്കിയിരുന്നു. അക്കാരണത്താലാണ് കിരൺ ബേദിയെത്തന്നെ എതിർസ്ഥാനാർത്ഥിയാക്കി നിർത്താൻ പാർട്ടി മുന്നിട്ടിറങ്ങിയത്. ബേദിയുടെ അതുല്യമായ പ്രതിഛായയിലൂടെ ആം ആദ്മി നേതാവിനെ പിടിച്ച് കെട്ടാമെന്നത് ബിജെപിയുടെ വെറും വ്യാമോഹമായിരുന്നു. പ്രതീക്ഷിച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിയാതെ പോയ ബേദിക്ക് കെജ്രിവാളിന്റെ പ്രതിഛായയ്ക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ലെന്നതോ പോകട്ടെ അവർ ബിജെപിക്ക് ഒരു ബാധ്യതയായിത്തീരുകയും ചെയ്തു. എന്നാലും ആം ആദ്മിക്കെതിരെ ഇഞ്ചോടിഞ്ച് പോരാടാൻ ബിജെപി അരയും തലയും മുറുക്കിയാണ് ഡൽഹിയിൽ പ്രചാരണത്തിനിറങ്ങിയത്.

ഡൽഹി സംസ്ഥാനതെരഞ്ഞെടുപ്പിൽ ഇതാദ്യമായി പ്രധാനമന്ത്രി അഞ്ച് തെരഞ്ഞെടുപ്പ് റാലികൾ നടത്തിയതും ഇതിന്റെ ഭാഗമായാണ്. 120 എംപിമാരെ രംഗത്തിറക്കിയ ബിജെപി കെജ്രിവാളിനെ തളയ്ക്കാൻ കേന്ദ്രമന്ത്രിമാരെയെല്ലാം തെരഞ്ഞെടുപ്പ് ഗോദയിൽ ഇറക്കി ഭാഗ്യം പരീക്ഷിക്കാനും മറന്നില്ല. എന്നാൽ ഡൽഹിയിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി തന്ത്രപൂർവം മുന്നേറിയ കെജ്രിവാളിന് മുന്നിൽ ബിജെപിയുടെ തന്ത്രങ്ങളും പ്രതിഛായയും ഒരു വേള നിഷ്ഫലമായിത്തീർന്നു. ഡൽഹിയെ നന്നാക്കാൻ ഒരു അവസരം കൂടി നൽകണമെന്ന കെജ്രിവാളിന്റ അഭ്യർത്ഥനയ്ക്ക് വൻ ജനപിന്തുണയാണ് ലഭിച്ചത്. ബിജെപിയെയും കോൺഗ്രസിനെയും വെള്ളംകുടിപ്പിച്ച് ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രണ്ടാംവട്ടവും ഉജ്വല പ്രകടനം നടത്തിയ ആം ആദ്മി പാർട്ടിയുടെ അമരക്കാരനായ ഈ മുൻ ഐ.ആർ.എസുകാരൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ അപൂർവ പ്രതിഭാസമാണ്. 2013ൽ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ സ്വന്തം തട്ടകത്തിൽ നിർഭയനായി മൽസരിച്ച് വിജയിച്ച ഈ ജനനേതാവ് ഇപ്പോൾ വീണ്ടും തരംഗമാവുകയാണ്.

എന്നും ജനപക്ഷത്ത് നിന്ന ഈ രാഷ്രീയനേതാവിന്റെ ജീവിതം വ്യത്യസ്തമായ പാതകളിലൂടെയാണ് ഈ നിലയിലെത്തിയത്. 1968ൽ ഹരിയാനയിലെ ഹിസാറിൽ ഒരു ഇടത്തരം കുടുംബത്തിലാണ് കെജ്രിവാൾ ജനിച്ചത്. പിതാവ് ഗോവിന്ദ് കെജ്രിവാൾ. മാതാവ് ഗീതാദേവി. നാട്ടിലെ അതിസമ്പന്ന കുടുംബമായിരുന്നു കെജ്രിവാളിന്റെത്. മാതാപിതാക്കൾ വിദ്യാസമ്പന്നരുമായിരുന്നു. ഇദ്ദേഹത്തിന് ഒരു സഹോദരിയുമുണ്ട്. ഇലക്ട്രിക്കൽ എൻജിനീയറായിരുന്ന പിതാവിന്റെ ജോലി മാറ്റങ്ങൾക്കും സ്ഥലംമാറ്റങ്ങൾക്കും അടിസ്ഥാനമായി വിവിധ ഇടങ്ങളിലാണ് കെജ്രിവാൾ കുട്ടിക്കാലം ചെലവഴിച്ചത്. സോണെപ്പട്ട്, ഗസ്സിയാബാദ്, തുടങ്ങിയ ഇടങ്ങളിലായിരുന്നു ബാല്യകാലത്തിന്റെ ഭൂരിഭാഗവും ഇദ്ദേഹം കഴിഞ്ഞത്.

സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഇലക്ട്രിക്കൽ എൻജിനീയറായ അച്ഛന്റെ പാത പിന്തുടർന്ന് റൂർക്കി ഐഐടിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടി. ടാറ്റാ സ്‌റീൽ കമ്പനിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ആരെയും മോഹിപ്പിക്കുന്ന സ്വപ്നസമാനമായ ആ ജോലി 1992ൽ അദ്ദേഹം രാജിവച്ചു. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ വേണ്ടിയാണ് ടാറ്റസ്റ്റീലിലെ ജോലിയിൽ നിന്ന് ലീവെടുക്കുകയും പിന്നീട് രാജിവയ്ക്കുകയുമുണ്ടായത്. 1995ൽ സിവിൽ സർവീസ് പരീക്ഷയെഴുതി ഇന്ത്യൻ റവന്യൂസർവീസിൽ അംഗമായി. ആദായ നികുതി വകുപ്പിലായിരുന്നു നിയമനം.

1996 ൽ കെജ്രിവാൾ ഐ.ആർ.എസ് ആദായ നികുതി വകുപ്പിൽ ജോ.കമ്മീഷണറായി. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ സർക്കാർ ജീവിതത്തോടുള്ള വിരക്തി മൂലം രാജിവച്ച് 2006ൽ പൊതുപ്രവർത്തനത്തിന് ഇറങ്ങി. സർക്കാർ സർവീസിൽ അഴിമതിയും അനീതിയും നടമാടുന്നതിൽ മനം നൊന്തായിരുന്നു ഈ രാജി. അവിടെ നിന്ന് കെജ്രിവാളിന്റെ സമരജീവിതം ആരംഭിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം പരിവർത്തൻ എന്ന സംഘടനയ്ക്ക് രൂപം നൽകി. ആദായനികുതിവകുപ്പിലെ തന്നെ അഴിമതിക്കെതിരെയാണ് പരിവർത്തൻ പ്രവർത്തിച്ച് തുടങ്ങിയത്. പിന്നീട് സർക്കാരിലെ മറ്റു വകുപ്പുകളിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനും കെജ്രിവാൾ മുന്നിട്ടിറങ്ങി. രാഷ്ട്രീയപാർട്ടികളും കോർപ്പറേറ്റുകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് തുറന്ന് കാണിക്കുന്നതിലും കെജ്രിവാൾ വിജയിച്ചു. തുടർന്ന് മനീഷ് സിസോദിയ, അഭനന്ദൻ സെഖ്രി എന്നിവരുമായി ചേർന്ന് കെജ്രിവാൾ പബ്ലിക് കോസ് റിസർച്ച് ഫൗണ്ടേഷൻ ആരംഭിച്ചു. രാജ്യമുടനീളം വിവരാവകാശനിയമത്തെക്കുറിച്ച് പ്രചാരണം നടത്തി. തദ്ദേശഭരണത്തിൽ കാര്യക്ഷമത ഉറപ്പ് വരുത്തുക, വിവരാവകാശനിയമത്തിനായി പ്രചാരണം നടത്തുക എന്നിവയായിരുന്നു ഫൗണ്ടേഷന്റെ ദൗത്യങ്ങൾ.

ഇതിനിടയിലാണ് അണ്ണാഹസാരെ ന്യൂഡൽഹിയിൽ അഴിമതിക്കെതിരെ ലോക്പാൽ ബിൽ എന്ന ആവശ്യമുന്നയിച്ച് സമരം ആരംഭിച്ചത്. കെജ്രിവാളായിരുന്നു ഹസാരെയ്‌ക്കൊപ്പം സമരത്തിനൊപ്പം നേതൃത്ത്വം നൽകാനുണ്ടായിരുന്നത്. ഭരണത്തെ പിടിച്ചുലച്ച് ജന്തർ മന്തറിലും രാജ്ഘട്ടിലും രാംലീലാമൈതാനത്തും ഇന്ത്യാഗേറ്റിലുമൊക്കെ നടന്ന സമരപരമ്പരകൾ രാജ്യത്തു തന്നെ പുതിയൊരു വഴിത്തിരിവുണ്ടാക്കി. കെജ്രിവാൾ ഹസാരെക്കൊപ്പം ചേർന്ന് ഡൽഹിയിൽ നടത്തിയ ഈ സമരത്തിന് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി. അതിന് വിവരാവകാശ നിയമത്തിന് വേണ്ടി നടത്തിയ സമരം വിജയം കണ്ടു. സമരത്തിന് ലഭിച്ച ജനപിന്തുണയെ ഒരു രാഷ്ട്രീയ പാർട്ടിക്ക് കീഴിൽ അണിനിരത്തുക എന്ന കെജ്രിവാളിന്റെ ലക്ഷ്യമാണ് ആംആത്മി പാർട്ടിയുടെ പിറവിക്ക് വഴിയൊരുക്കിയത്.

ഒരു സംഘനടനയായായി നിന്നതുകൊണ്ട് മാത്രം അഴിമതി വിരുദ്ധ പോരാട്ടത്തിൽ ഒരു മുന്നേറ്റവും ഉണ്ടാക്കാൻ സാധിക്കില്ലെന്ന വ്യക്തമായ കെജ്രിവാൾ പാർട്ടീ രൂപീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പാർട്ടി രൂപീകരണത്തോടെ കെജ്രിവാൾ ഹസാരെയുമായി വേർപിരിയുകയായിരുന്നു. 2012 നവംബർമാസത്തിൽ രൂപീകരിച്ച പാർട്ടി സാധാരണക്കാരനെ ഏറ്റവും അധികം ബാധിച്ച വൈദ്യുതി നിരക്ക് വർദ്ധനയാണ് ഏറ്റെടുത്തത്. ബില്ലടക്കാതെ ജനങ്ങളെ അണിനിരത്തി നടത്തിയ പ്രക്ഷോഭം ഡൽഹി സർക്കാരിനെ വിറപ്പിച്ചു. ഇതോടെ കെജ്രിവാളിന് പിന്നിൽ ഡൽഹിയിലെ ചേരികളും, സാധാരണക്കാരും അണിനിരന്നു.

മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുമായി നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു തുടക്കം മുതലെ ആം ആദ്മിയുടെ ലക്ഷ്യം. ഡൽഹിയിൽ പാരാമെഡിക്കൽ വിദ്യാർത്ഥിനി ബസിനുള്ളിൽ ക്രൂരമാനംഭംഗത്തിനിരയായപ്പോൾ സമരവും പ്രക്ഷോഭവുമായി രംഗത്തെത്തിയതും ആം ആദ്മിയായിരുന്നു. എല്ലാം തൂത്ത് വൃത്തിയാക്കുന്ന ചൂൽ ചിഹ്നമായി സ്വീകരിച്ച പാർട്ടിക്ക് പുറകിൽ ഡൽഹിയിലെ ചേരിനിവാസികളും സാധാരണക്കാരും അണിനിരക്കുകയായിരുന്നു. ഒരു കൊല്ലം കൊണ്ട് മികച്ച് വോളണ്ടിയർ സേന ഉണ്ടാക്കാനും സുതാര്യമായ രീതിയിൽ പല ഉറവിടങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും ഫണ്ട് സ്വരൂപിക്കാനും പാർട്ടിക്ക് സാധിച്ചു. ഓൺലൈനിലൂടെ അംഗങ്ങളെ ചേർക്കുന്ന പുതിയ പരിപാടി ആദ്യമായി ആവിഷ്‌കരിച്ച് വിജയകരമായി നടപ്പിലാക്കിയതും ആം ആദ്മിയാണ്. അങ്ങനെ പുതിയ പാർട്ടിയെ ബിജെപിക്കും കോൺഗ്രസിനും മുമ്പെ തന്നെ 2013ലെ ഡൽഹി നിയമസഭാതെരഞ്ഞെടുപ്പിൽ സജ്ജമാക്കാനും കെജ്രിവാളിന് സാധിച്ചു. അഴിമതിയില്ലാത്തവരെ തെരഞ്ഞ് പിടിച്ച് വളരെ നേരത്തെ തന്നെ സ്ഥാനാർത്ഥികളാക്കി ഗോദയിലിറക്കുകയും ചെയ്തു. അന്ന് ഡൽഹി തെരഞ്ഞെടുപ്പിലെ ഏറ്റവും മികച്ച് പ്രചാരണം ആം ആദ്മിയുടേതായിരുന്നു.

യുവതലമുറയുടെ വോട്ടും പരമ്പരാഗത കോൺഗ്രസ് വോട്ടുകളും ലക്ഷ്യമിട്ട കെജ്രിവാൾ അതിൽ വിജയിക്കുകയും ചെയ്തു. മൂന്നാം വട്ടം ഡൽഹി ഭരിക്കുകയായിരുന്ന കോൺഗ്രസിനെ തൂത്തെറിഞ്ഞ് ആം ആദ്മി ഡൽഹിയിൽ തങ്ങളുടെ വരവറിയിക്കാനും പിന്നീട് താമസമുണ്ടായില്ല. രൂപീകരണത്തിന് ശേഷം ഒരു കൊല്ലത്തിനകം അധികാരത്തിലെത്തിയ പാർട്ടിയെന്ന ബഹുമതിയും ആം ആദ്മി അന്ന് നേടിയെടുക്കുകയായിരുന്നു. 45ാം വയസ്സിൽ ഡൽഹിയുടെ ഏറ്റവും ചെറുപ്പക്കാരനായ മുഖ്യമന്ത്രിയായാണ് കെജ്രിവാൾ ആദ്യം മുഖ്യമന്ത്രിയായത്. തന്റെ ആദ്യതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഷീലാദീക്ഷിത്തിനെ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നും 22,000ത്തിലേറെ വോട്ടുകൾക്ക് തോൽപിച്ച് കൊണ്ടായിരുന്നു കെജ്രിവാൾ നിയമസഭയിലെത്തിയത്. അധികാരമേറ്റ് ദിവസങ്ങൾക്കകം ലോക്പാൽ ബിൽ പാസാക്കാൻ സാധിക്കാത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത കെജ്രിവാൾ രാജിവയ്ക്കുകയായിരുന്നു. അതിന്റെ പേരിലും അദ്ദേഹം ഏറെ കുരിശേററപ്പെട്ടിരുന്നു. പക്വതയില്ലാത്ത തീരുമാനമെന്നാണ് അതിനെ പലരും വിശേഷിപ്പിച്ചിരുന്നത്. എന്നാൽ കെജ്രിവാളിന്റെത് പക്വതയുള്ള തീരുമാനമായിരുന്നുവെന്നാണ് ഇപ്പോഴും അദ്ദേഹത്തിന് ലഭിച്ച് കൊണ്ടിരിക്കുന്ന ജനപിന്തുണയിലൂടെ വെളിവാകുന്നത്. തേച്ചുമിനുക്കിയ ഖദർ കുപ്പായമില്ലാതെ, സാധാരണക്കാരന്റെ വേഷവും ഭാഷയുമായാണ് 47 കാരനായ കെജ്രിവാൾ ഈ തെരഞ്ഞെടുപ്പിലും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയത്. ഇതുതന്നെയാണ് ഡൽഹിയിലെ മുഖ്യധാരാ രാഷ്ട്രീയക്കാരെ വിറപ്പിച്ച കെജ്രിവാൾ ഇഫക്റ്റിന്റെ പ്രഭവകേന്ദ്രവും.