ഭൂമി തന്നെയാണ് സ്വർഗമെന്ന് ഇനിയുള്ള കാലത്ത് പറയാൻ കഴിയുന്നത് ഐടി പ്രഫഷണലുകൾക്കായിരിക്കും. സാധാരണ പ്രൊഫഷണലുകൾ പത്ത് ആയുസ്സ് കഠിനാധ്വാനം ചെയ്താലും സമ്പാദിക്കാനാവാത്ത തുകയാണ് ഐടി പ്രൊഫഷണലുകൾക്കായി ന്യൂജനറേഷൻ ഐടി കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്. ദേവ്ഫാക്ടറി, എക്‌സ്‌പോനെൻഷ്യൽ, ഇൻഫോർമാറ്റിക്ക തുടങ്ങിയ കമ്പനികൾ 20 ലക്ഷം മുതൽ 40 ലക്ഷം വരെയാണത്രെ പുതിയ ജീവനക്കാർക്കും മിഡ്‌ലെവൽ പ്രോഗ്രാമർമാർക്കും ഇപ്പോൾ നൽകുന്നത്. ഇന്ന് വലിയ ഐടി കമ്പനികൾ പോലും മിടുക്കരായ പ്രൊഫഷണലുകൾക്ക് മൂന്നര ലക്ഷം മുതൽ ആറര ലക്ഷം വരെ നൽകുന്ന സാഹചര്യത്തിലാണ് അവരെയെല്ലാം കടത്തി വെട്ടിക്കൊണ്ട് ന്യൂജനറേഷൻ ഐടി കമ്പനികൾ അത്യത്ഭുതം സൃഷ്ടിക്കുന്നത്.

24 ലക്ഷം രൂപ ഫ്രഷേർസിന് വാർഷിക ശമ്പളമായി ദേവ്ഫാക്ടറി നൽകുന്നുണ്ട്. ഒരു ലക്ഷം രൂപയാണ് ജോയിനിങ് ബോണസായി കമ്പനി ഓഫർ ചെയ്യുന്നത്. തുടക്കത്തിൽ ഇത്രയും തുക കിട്ടുകയെന്നത് അസാധാരണമാണ്.കുറഞ്ഞ ആളുകളിലൂടെ ഉയർന്ന നിലവാരത്തിലുള്ള സോഫ്‌റ്റ്‌വെയറുകളാണ് കമ്പനി നിർമിക്കുന്നത്. ഉന്നതമായ നിലയിൽ ട്രയിൻ ചെയ്യപ്പെട്ട പ്രൊഫഷണലുകളെ ഉപയോഗിച്ചാണ് ദേവ്ഫാക്ടറി മികച്ച സേവനം കാഴ്ച വയ്ക്കുന്നത്. മികച്ച കഴിവ് പ്രകടിപ്പിക്കുന്ന ഐടി വിദ്യാർത്ഥികളെ മികച്ച ടെക്‌പ്രൊഫഷണലുകളാക്കി മാറ്റാനായി ഒരു ലക്ഷം രൂപ മുടക്കി ഉദ്യോഗാർഥികളെ ദുബായിൽ പ്രത്യേക ട്രയിനിംഗിനയക്കാനും കമ്പനി മുൻകൈയെടുക്കുന്നുണ്ട്. യുഎസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ മീഡിയ സൊല്യൂഷനായ എക്‌സ്‌പൊനെൻഷ്യൽ, സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് ഫേമായ ഇൻഫോർമാറ്റിക്ക, അമേരിക്കൻ എക്‌സ്പ്രസ്, റോൾസ് റോയ്‌സ്, ജിഇ തുടങ്ങിയ ഐടി കമ്പനികളും ഇത്തരം പാക്കേജുകൾ ഓഫർ ചെയ്യുന്നുണ്ടെന്നാണ് ഹാക്കർഎർത്തിന്റെ മാർക്കറ്റ് റിസർച്ച് ചൂണ്ടിക്കാട്ടുന്നത്. പ്രോഗ്രാമർമാരുടെ കോഡിങ് സ്‌കില്ലുകൾ ടെസ്റ്റ് ചെയ്യുന്ന ഒരു ഓൺലൈൻ കോഡിങ് പ്ലാറ്റ്‌ഫോമാണ് ഹാക്കർഎർത്ത്. ആറ് സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീയർമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ദേവ്ഫാക്ടറി അടുത്തിടെ ഹാക്കർഎർത്തിലൂടെ ഒരു കോഡ് ചാലഞ്ച് നടത്തിയിരുന്നു.

മികച്ച കോഡിങ് വിദഗ്ധരെ തങ്ങൾക്കു ലഭിക്കാനാണ് കമ്പനികൾ ഇത്തരത്തിൽ ലക്ഷങ്ങൾ വാരിവിതറി വിലപേശുന്നത്. ഒരു നല്ല ഡെവലപ്പർക്ക് അയാളുടെ തൂക്കത്തിന്റെയത്രയുള്ള സ്വർണത്തേക്കാൾ വിലയുണ്ടെന്നും അയാൾ ഒരു ആവറേജ് ഡവലപ്പറേക്കാൾ അഞ്ചു മുതൽ പത്തിരട്ടി വരെ മികച്ചതാണെന്നും ഇതാണ് സോഫ്റ്റ് വെയർ എഞ്ചിനീയർ ടാലന്റിന്റെ അടിസ്ഥാന നിയമമെന്നുമാണ് നാംസ്‌കോം പ്രൊഡക്ട് കൗൺസിലിന്റെ ചെയർമാനായ രവി ഗുരുരാജ് പറയുന്നത്.

ഇന്മൊബി, യന്ത്ര, ടാർഗറ്റ്, ഇബേ, സാപ് ലാബ്‌സ്,വാൾമാർട്ട് ലാബ്‌സ്, ഡയറക്ടി തുടങ്ങിയ കമ്പനികൾ 13 ലക്ഷത്തിനും 22 ലക്ഷത്തിനുമിടയിൽ ശമ്പളം കൊടുക്കുന്നവയാണെന്നാണ് ഹാക്കർഎർത്ത് റിസർച്ചിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യൻ സ്റ്റാർട്ടപ്പുകളായ ധ്രുവ, ഫ്‌ലിപ്കാർട്ട്, പ്രാക്‌ടോ, ഫ്രെഷ്‌ഡെസ്‌ക്, ഗ്ലോബൽ സ്റ്റാർട്ടപ്പ്‌സ്, പാസ്‌പോർട്ട്പാർക്കിങ് എന്നിവയും വലിയ കമ്പനികളായ വിഎംവെയർ, ഇൻടൂയിറ്റ്, ഇന്റൽ എന്നിവയും ഫ്രഷേർസിനും മിഡ്‌ലെവലിലുള്ളവർക്കും ഏഴ് ലക്ഷം മുതൽ 12 ലക്ഷം വരെ നൽകുന്നുവെന്നാണ് ഹാക്കർഎർത്ത് പറയുന്നത്. ഇവർക്ക് ഹൈലെവൽ പ്രോഗ്രാമിങ് സ്‌കിൽസ് ഉണ്ടായിരിക്കണം.