- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഡിഎഫ് എത്തിയാൽ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചേക്കും; എൽഡിഎഫിനാണ് അധികാരമെങ്കിൽ റവന്യൂ വകുപ്പിന് വേണ്ടി കാനവും ജോസ് കെ മാണിയും കടിപിടികൂടും; തൂക്ക് നിയമസഭ വന്നാൽ കോളടിക്കുന്നത് പൂഞ്ഞാറിൽ ജയിച്ചു കയറിയാൽ പിസി ജോർജിനും; പുതിയ സർക്കാരിനെ കുറിച്ചുള്ള കൂട്ടലും കുറയ്ക്കലും ഇങ്ങനെ; ആരാകും ആ 'വെള്ളിമൂങ്ങ'?
തിരുവനന്തപുരം: വെള്ളിമൂങ്ങ എന്ന ചിത്രം മലയാളിയെ ഏറെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ചിത്രമാണ്. മുന്നണി രാഷ്ട്രീയത്തിന്റെ സാധ്യതകൾ കാരണം അത് കേരളത്തിൽ നടക്കുമെന്ന് ചിന്തിക്കാനാവാത്ത കാലമുണ്ടായിരുന്നു. എന്നാൽ ആ ചിത്രം മാറുകയാണ്. ഇത്തവണ എന്തും സംഭവിക്കാം. ബിജെപിക്ക് കൂടുതൽ സീറ്റ് കിട്ടിയാൽ തൂക്ക് നിയമസഭയ്ക്കുള്ള സാധ്യത ഏറെയാണ്. അങ്ങനെ എങ്കിൽ എംഎൽഎമാർ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറി മറിയും. അങ്ങനെ വരുമ്പോൾ പൂഞ്ഞാറിൽ വീണ്ടും ജയിക്കാനായാൽ പിസി ജോർജിന് ഡിമാൻഡും കൂടും.
ബിജെപിക്ക് രണ്ട് സീറ്റും ട്വന്റി ട്വന്റിക്ക് ഒരു സീറ്റും കിട്ടുമെന്നാണ് പ്രവചനം. ഇത് സംഭവിക്കുകയും കടുത്ത മത്സരം നടക്കുകയും ചെയ്താൽ ചെറിയ മാർജിനിലെ വിജയമാകും അധികാരത്തിൽ എത്തുന്നവർക്കുണ്ടാവുക. ഈ സാഹചര്യത്തിൽ പൂഞ്ഞാറിൽ പിസിയും കുന്നത്തുനാടിൽ ട്വന്റി ട്വന്റിയും ജയിച്ചാൽ അത് മുന്നണി രാഷ്ട്രീയത്തെ തന്നെ ഭാവിയിൽ മാറ്റി മറിക്കും. ഈ സാഹചര്യം ചെറിയ പാർട്ടികൾക്ക് കൂടുതൽ കരുത്തും നൽകും. ഇത് മുതലെടുക്കാൻ എല്ലാവരും ശ്രമിച്ചാൽ അത് നാടകീയതകൾക്കാകും വഴിയൊരുക്കുക. മെയ് രണ്ടിനാണ് വോട്ടെണ്ണുന്നത്. ആ ദിവസം യഥാർത്ഥ ചിത്രം പുറത്തു വരും.
അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഒരു മുന്നണിക്കും വലിയ മുൻതൂക്കം ആരും പ്രവചിക്കുന്നില്ല. അതുകൊണ്ട് തന്നെ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചേക്കുമെന്നാണ് സൂചന. മുന്നണിയിലെ എല്ലാ പാർട്ടിക്കും മന്ത്രിസ്ഥാനവും നൽകും. ആരേയും പിണക്കാതെ കൊണ്ടു പോവുകയാകും ഇതിലൂടെ ലക്ഷ്യമിടുക. എന്നാൽ എൽഡിഎഫ് വന്നാൽ ഉപമുഖ്യമന്ത്രിമാർ ഉണ്ടാകില്ല. എന്നാൽ റവന്യൂ വകുപ്പിന് വേണ്ടി കാനവും ജോസ് കെ മാണിയും കടിപിടികൂടുമെന്നും ഉറപ്പ്.
തൂക്ക് നിയമസഭ വന്നാൽ കോളടിക്കുന്നത് പൂഞ്ഞാറിൽ ജയിച്ചു കയറിയാൽ പിസി ജോർജിനാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എങ്ങോട്ട് വേണമെങ്കിലും ഒറ്റയ്ക്ക് തീരുമാനമെടുത്ത് മാറാൻ പിസിക്ക് കഴിയും. എൽഡിഎഫിനു തുടർഭരണം ലഭിച്ചാൽ മുന്നണിയിലെ പുതുമുഖമായ കേരള കോൺഗ്രസിന് (എം) ഏത് വകുപ്പ് ലഭിക്കും, എത്ര മന്ത്രിമാരെയും മറ്റു സ്ഥാനങ്ങളും ലഭിക്കും തുടങ്ങിയവയിലാണ് ആകാംക്ഷ.
യുഡിഎഫിലായിരുന്നപ്പോൾ ഭരണം ലഭിച്ചാൽ കേരള കോൺഗ്രസിന് (എം) ലഭിച്ചിരുന്ന പ്രധാന വകുപ്പ് ധനകാര്യമാണ്. സ്വാഭാവികമായും എൽഡിഎഫിന് ഭരണം ലഭിച്ചാൽ കേരള കോൺഗ്രസ് (എം) ധനകാര്യ വകുപ്പ് ആവശ്യപ്പെടും. എന്നാൽ, എൽഡിഎഫിനു ഭരണം ലഭിക്കുമ്പോൾ ധനകാര്യ വകുപ്പ് സിപിഎം തന്നെ കൈകാര്യം ചെയ്യുകയാണ് പതിവ്. അങ്ങനെ വരുമ്പോൾ റവന്യൂ വകുപ്പ് എന്ന ആവശ്യം ജോസ് കെ മാണി ഉന്നയിക്കും. അത് ഏറ്റവുമധികം ആശങ്കയിലാഴ്ത്തുന്നത് സിപിഐയെയാണ്.
എൽഡിഎഫ് അധികാരത്തിലെത്തുമ്പോഴെല്ലാം മുന്നണിയിലെയും ഭരണത്തിലെയും രണ്ടാമൻ പദവി സിപിഐ നിലനിർത്തുന്നത് റവന്യു വകുപ്പിലൂടെയാണ്. അതുവഴി എല്ലാ ജില്ലാ കലക്ടറേറ്റുകളിലും സിപിഐയുടെ സാന്നിധ്യവും സ്വാധീനവും ഉറപ്പാക്കാനും കഴിയും. ഇതെല്ലാം ഇത്തവണ മാറി മറിയും. കോട്ടയത്ത് ജോസ് കെ മാണി കരുത്ത് കാട്ടിയാൽ സിപിഎം അവർ ചോദിക്കുന്നതെല്ലാം കൊടുക്കും. 12 സീറ്റിൽ മത്സരിക്കുന്ന ജോസ് കെ മാണിയുടെ പാർട്ടി എത്ര സീറ്റിൽ ജയിക്കുമെന്നതാകും ഇതിൽ നിർണ്ണായകം.
മറുപക്ഷത്ത് യഡിഎഫ് അധികാരത്തിലെത്തുകയും മുസ്ലിം ലീഗിന് 20 സീറ്റെങ്കിലും ലഭിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ എന്ന ചർച്ച സജീവമാണ്. അതിന് സാധ്യത ഏറെയാണ്. അങ്ങനെ എങ്കിൽ പികെ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകും. കോൺഗ്രസിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായാൽ എ ഗ്രൂപ്പിൽ നിന്ന് മുഖ്യമന്ത്രി എത്തും. ഉമ്മൻ ചാണ്ടിയാണ് മുഖ്യമന്ത്രിയെങ്കിൽ ചെന്നിത്തലയാകും ഉപമുഖ്യമന്ത്രി. അങ്ങനെ ചർച്ചകൾ പുതിയ തലത്തിലേക്ക് എത്തുകയാണ്.
മറ്റുപല സംസ്ഥാനങ്ങളിലും രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട്. എന്നാൽ, കേരളത്തിന്റെ 64 വർഷത്തെ രാഷ്ട്രീയ ചരിത്രത്തിനിടയിൽ ഇതുവരെ മൂന്ന് ഉപമുഖ്യമന്ത്രിമാരേ ഉണ്ടായിട്ടുള്ളൂ- ആർ. ശങ്കർ (1960-62), സി.എച്ച്. മുഹമ്മദ് കോയ (1982-83), കെ. അവുക്കാദർ കുട്ടി നഹ (1983-87). ഇപ്പോൾ ഒറ്റയടിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാർ എന്ന സാഹചര്യം വരുമോ എന്നതാണ് ഉയരുന്ന ചോദ്യം. എന്നാൽ കോൺഗ്രസ് അറുപതിൽ അധികം സീറ്റിൽ ജയിച്ചാൽ എന്തുവന്നാലും മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങില്ല. അങ്ങനെ വന്നാൽ ഒരു മുഖ്യമന്ത്രിയേ ഉണ്ടാകൂവെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ