മെൽബൺ: പുതിയ വീടു വില്പനയിൽ കുത്തനെ ഇടിവാണ് രേഖപ്പെടുത്തുന്നതെന്ന് ഹൗസിങ് ഇൻഡസ്ട്രി അസോസിയേഷൻ. വീടു വില്പനയിൽ ഫെബ്രുവരി മാസത്തിൽ 5.3 ശതമാനം ഇടിവാണ് നേരിട്ടതെന്ന് കണക്കുകൾ രേഖപ്പെടുന്നു. വീടു വില്പനയ്‌ക്കൊപ്പം തന്നെ അപ്പാർട്ട്‌മെന്റുകളുടെ വില്പനയിലും ഇടിവാണ് രേഖപ്പെടുത്തുന്നത്. പുതിയ അപ്പാർട്ട്‌മെന്റുകളുടെ വില്പന 10.6 ശതമാനം എന്ന തോതിലാണ് ഇടിഞ്ഞിട്ടുള്ളത്.

പുതുതായി പണിയുന്ന വീടുകൾ വിറ്റുപോകാത്ത ട്രെൻഡ് രാജ്യത്തുടനീളം ശക്തിപ്രാപിക്കുകയാണെന്നാണ് ഹൗസിങ് ഇൻഡസ്ട്രി അസോസിയേഷൻ ചീഫ് ഇക്കണോമിസ്റ്റ് ഹാർലി ഡെയ്ൽ വ്യക്തമാക്കുന്നത്. രാജ്യത്തെ രാഷ്ട്രീയ സ്ഥിതിയും സാമ്പത്തിക സ്ഥിതിയും മറ്റും ഇതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്. ജനസാന്ദ്രതാ നിരക്കും കുറയുന്ന ട്രെൻഡാണ് ഓസ്‌ട്രേലിയയിലെന്നും ഹാർലി ഡെയ്ൽ വ്യക്തമാക്കുന്നു.

ഫെബ്രുവരിയിൽ വീടു വില്പന 5.3 ശതമാനം ഇടിയുകയായിരുന്നുവെന്നും ഇത് 18 മാസത്തിലെ ഏറ്റവും മോശമായ അവസ്ഥയാണെന്നും എച്ച്‌ഐഎ വെളിപ്പെടുത്തി. കഴിഞ്ഞ നവംബർ മുതൽ ഇതാദ്യത്തെ ഇടിവാണെന്നും പറയുന്നു. അതേസമയം ഫെബ്രുവരി വരെയുള്ള മൂന്നു മാസക്കാലയളവിൽ ഡിറ്റാച്ട് വീടുകളുടെ വില്പന 1.8 ശതമാനം വർധിച്ചിരിക്കുകയായിരുന്നു. ഇതേകാലയളവിൽ തന്നെ മൾട്ടി യൂണിറ്റുകളുടെ വില്പനയും 0.8 ശതമാനം വർധിച്ചിരുന്നു.
ഡിറ്റാച്ച്ട് വീടുകളുടെ വില്പനയിൽ ഏറെ ഇടിവു നേരിട്ടത് ക്യൂൻസ് ലാൻഡിലായിരുന്നു. 12.1 ശതമാനമാണ് ഫെബ്രുവരിയിൽ വിലയിടിവ് ഉണ്ടായത്. ന്യൂ സൗത്ത് വേൽസിൽ വീടു വില്പന 7.4 ശതമാനമാണ് കുറഞ്ഞത്. സൗത്ത് ഓസ്‌ട്രേലിയയിൽ 3.5 ശതമാനവും.

അതേസമയം വെസ്റ്റേൺ ഓ്‌സ്‌ട്രേലിയയിൽ പുതിയ വീടുകളുടെ വില്പനയിൽ 1.8 ശതമാനം വർധനയുണ്ടായി. വിക്ടോറിയയിലാകട്ടെ 1.7 ശതമാനം വർധിക്കുകയും ചെയ്തു.