കൊച്ചി: ഗൾഫിലേക്ക് പറക്കാനുള്ള കേരളത്തിന്റെ സ്വന്തം വിമാനകമ്പനി വരുമോ? കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുന്ന പുതിയ സൂചനകൾ പ്രതീക്ഷ നൽകുന്നതാണ്. പ്രവാസി മലയാളികളുടെ 'സ്വപ്‌നമായ' എയർ കേരളയ്ക്കും വിദേശപ്പറക്കൽ മോഹിക്കുന്ന മറ്റ് ആഭ്യന്തര വിമാനക്കമ്പനികൾക്കും കേന്ദ്രത്തിന്റെ അനുമതി കിട്ടുമെന്നാണ് സൂചന. എന്നാൽ പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യയുടെ എതിർപ്പും മാറുന്നതായാണ് സൂചന. ഇതോടെ ഗൾഫ് മേഖലയിലേക്കുള്ള വിമാന യാത്രാ നിരക്ക് കുത്തനെ കുറയും. പ്രവാസികളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന വൻകിടക്കാർക്കും നിരക്ക് കുറയ്‌ക്കേണ്ട അവസ്ഥയുണ്ടാകും. വ്യോമയാന നയത്തിൽ കേന്ദ്ര സർക്കാർ മാറ്റം കൊണ്ടു വരുന്നതിന് പിന്നിലും കേരളത്തിന്റേയും പ്രവാസി ലോകത്തിന്റേയും സമ്മർദ്ദമാണ് കാരണം.

വ്യോമയാന നയത്തിലെ 5/20 ചട്ടത്തിന് മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി സൂചന. കഴിഞ്ഞ യു.പി.എ സർക്കാരും ചട്ടഭേദഗതിക്ക് തുനിഞ്ഞിരുന്നു. എന്നാൽ എയർഇന്ത്യ സമ്മതിച്ചില്ല. എന്നാൽ മോദി സർക്കാരിന്റെ നീക്കത്തെ എയർഇന്ത്യ എതിർത്തുമില്ല. ചട്ടഭേദഗതിക്ക് കേന്ദ്ര സർക്കാർ ശ്രമിച്ചാൽ തങ്ങൾ എതിർക്കില്ലെന്ന് എയർ ഇന്ത്യ അറിയിച്ചതായാണ് സൂചന. വ്യോമയാന രംഗത്ത് സൗകര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ടെന്നും പുതിയ കമ്പനികൾ വിദേശ സർവീസ് ആരംഭിക്കുന്നത് ശുഭകരമാണെന്നുമുള്ള നിലപാടിലേക്ക് എയർ ഇന്ത്യ മാറി. ഇതോടെയാണ് പ്രവാസികളുടെ ദീർഘകാല ആവശ്യ പൂർത്തീകരണത്തിന് സാഹചര്യമൊരുങ്ങുന്നത്.

ആഭ്യന്തര കമ്പനികൾക്ക് വിദേശ സർവീസിന് അനുമതി വേണമെങ്കിൽ അഞ്ച് വർഷത്തെ ആഭ്യന്തര സർവീസ് പരിചയ സമ്പത്തും സ്വന്തമായി 20 എയർക്രാഫ്റ്റുകളും വേണമെന്ന് നിഷ്‌കർഷിക്കുന്ന ചട്ടമാണ് 5/20. കേരള സർക്കാരിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച എയർ കേരള പദ്ധതിക്കു വിലങ്ങുതടിയായത് ഈ നിയമമാണ്. ചട്ടം ഭേദഗതി ചെയ്താൽ എയർ കേരളയ്ക്കു പുറമേ എയർ ഏഷ്യ ഇന്ത്യ, വിസ്താര തുടങ്ങിയ കമ്പനികൾക്കും വിദേശ സർവ്വീസ് തുടങ്ങാനാവും. പ്രവാസികളുടെ യാത്രാ ദുരതത്തിന് പരിഹാരമാകാനാണ് കേരളം എയർ കേരളയെന്ന പദ്ധതി മുന്നോട്ട് വച്ചത്. ബജറ്റ് എർലൈൻ മാതൃകയിൽ പ്രവാസികളുടെ ഗൾഫ് യാത്ര ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞാണ് വൻകിടക്കാർ പാരയുമായി എത്തിയത്. ഇതോടെ ചട്ടമുയർത്തി എല്ലാം അട്ടിമറിച്ചു.

ജെറ്റ് എയർവെയ്‌സ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവ നിലവിൽ വിദേശ സർവീസ് നടത്തുന്നുണ്ട്. ഇവയും 5/20 ചട്ടം ഭേദഗതി ചെയ്യുന്നതിനെ എതിർക്കുന്നവരാണ്. വിദേശ കമ്പനികൾ ഇന്ത്യയിലെ മിക്ക നഗരങ്ങളിലേക്കും കൂടുതൽ സർവീസ് നടത്തി വൻ ലാഭം നേടുന്നുണ്ട്. കൂടുതൽ ഇന്ത്യൻ വിമാന കമ്പനികൾ എത്തുന്നതോടെ വിദേശ കമ്പനികൾ നേട്ടം കൊയ്യുന്നതിന് തടയിടാൻ കഴിയും. ഇതു മനസ്സിലാക്കിയായിരുന്നു എതിർപ്പ്. എയർ ഏഷ്യ പോലുള്ള കമ്പനികൾ തുച്ഛമായ നിരക്കിൽ വിദേശ യാത്ര ഒരുക്കാൻ തയ്യാറാണ്. ചട്ടം മാറ്റുകയും എയർ കേരളയും എയർ ഏഷ്യയും സർവ്വീസ് തുടങ്ങുകയും ചെയ്യുന്നതോടെ ഉൽസവക്കാലത്തെ വിമാനക്കമ്പനികളുടെ കൊള്ളയ്ക്കും അവസാനമാകും. ഇത് തിരിച്ചറിഞ്ഞാണ് കേന്ദ്ര സർക്കാർ ചട്ട ഭേദഗതിക്ക് തയ്യാറാകുന്നത്.

കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾ വിലങ്ങു തടിയായതോടെയാണ് 'എയർ കേരള' എന്ന സ്വപ്‌നം പൊലിഞ്ഞത്. ഗൾഫിലേക്കുള്ള സർവീസുകളിൽ സ്വകാര്യ വിമാനക്കമ്പനികൾ ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കി യാത്രക്കാരെ പിഴിയുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ എയർ കേരള പദ്ധതി ആലോചിച്ചത്. കൊച്ചി രാജ്യാന്തര വിമാനക്കമ്പനിയായ സിയാലിന്റെ മാതൃകയാണ് ഉദ്ദേശിച്ചത്. പ്രവാസികളുടെയും മറ്റും സഹായത്തോടെ 200 കോടി രൂപ ഇതിനായി സമാഹരിക്കാനും സർക്കാർ ശ്രമിച്ചു. എന്നാൽ കേന്ദ്ര സർക്കാരിന്റെ തീരുമാനം എതിരായതോടെ കേരളം എയർ കേരളാ പദ്ധതിയിൽ നിന്ന് പതിയെ പിന്മാറി. എങ്കിലും ചട്ട ഭേദഗതിക്കായി സമ്മർദ്ദം തുടരുകയും ചെയ്തു. ഇതിന്റെ പ്രതിഫലനമാണ് ചട്ട ഭേദഗതിക്കുള്ള കേന്ദ്ര സർക്കാരിന്റെ മനസ്സ് മാറ്റത്തിലുള്ളത്.

എയർ ഇന്ത്യയുടെ എതിർപ്പാണ് യുപിഎ സർക്കാരിന്റെ കാലത്ത് തിരിച്ചടിയായത്. എന്നാൽ മോദി സർക്കാർ എന്തുവന്നാലും ചട്ട ഭേദഗതിയുണ്ടാക്കുമെന്ന സൂചന നൽകി. ഇതോടെയാണ് എയർ ഇന്ത്യ വഴങ്ങിയത്. 5/50 ചട്ടം പരിഷ്‌കരിച്ചാലും എയർഇന്ത്യയ്ക്ക് ഒന്നും സംഭവിക്കില്ലെന്നാണ് അവരുടെ പുതിയ വാദം. 2004ലാണ് എയർ ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനായി ഈ ചട്ടം കേന്ദ്ര സർക്കാർ കൊണ്ടു വന്നത്. ഇതേ സമയം ജെറ്റ് എർവേയ്‌സിനേയും എയർ സഹാറയേയും അന്താരാഷ്ട്ര റൂട്ടുകളിൽ പറക്കാനും സമ്മതിച്ചിരുന്നു. 2006ൽ തുടങ്ങിയ ഇൻഡിഗോ 2011ലാണ് അന്താരഷ്ട്ര സർവ്വീസ് തുടങ്ങിയത്. സ്‌പൈസ് ജെറ്റിനും ഈ ചട്ടം കാരണം അഞ്ച് കൊല്ലം ആഭ്യന്തര സർവ്വീസ് നടത്തേണ്ടി വന്നു.

എന്നാൽ എയർ കേരളയെന്ന ലക്ഷ്യം കേരളം മുന്നോട്ടു വച്ചപ്പോൾ ആഭ്യന്തര സർവ്വീസുകളോട് താൽപ്പര്യം കാട്ടിയില്ല. വാടകയ്ക്ക് വിമാനം എടുത്ത് പ്രവാസികളെ ഗൾഫിൽ എത്തിക്കുക മാത്രമായിരുന്നു സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. എയർ ഇന്ത്യയുടെ എയർ എക്സ്‌പ്രസ് എന്ന ബജറ്റ് വിമാനങ്ങളും ലക്ഷ്യം കാണാതെ വന്നതോടെയാണ് കേരളം ഈ നീക്കം നടത്തിയത്. ഉത്സവകാലത്ത് പ്രവാസികളുടെ പോക്കറ്റടിക്കുന്ന കൊള്ളയാണ് എയർ ഇന്ത്യ പോലും നടത്തി വന്നത്. നോർക്കയിൽ ഇത് വലിയ പരാതികളായി പലപ്പോഴും എത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രവാസി മലയാളികളുടെ സഹകരണത്തോടെ എയർ കേരളയെന്ന ആശയം മുന്നോട്ട് വച്ചത്. എന്നാൽ ആഭ്യന്തര സർവ്വീസ് നടത്താതെ ഗൾഫിലേക്ക് കേരളത്തിന് പറക്കാനാകില്ലെന്ന് കടുംപിടിത്തം പിടിച്ചതോടെ പദ്ധതി അവതാളത്തിലായി.

എയർകേരളയെ പൊതു മേഖലാ സ്ഥാപനമായി കാണണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം. അതുകൊണ്ട് ചട്ടത്തിൽ വേണ്ട ഇളവ് നൽകണമെന്നും വാദിച്ചു. ഇതൊന്നും അംഗീകരിക്കപ്പെട്ടില്ല. ഇതിനിടെയിൽ എയർ ഏഷ്യയെ പോലുള്ള ബജറ്റ് എയർലൈനുകളേയും എയർ ഇന്ത്യയും മറ്റ് വിമാനകമ്പനികളും ഭയന്നു. ഇതോടെ ചട്ട ഭേദഗതി അവതാളത്തിലുമായി. മോദി സർക്കാർ വന്നതോടെ ഈ നയം പുനപരിശോധിക്കുന്നത് പല തലത്തിൽ ചർച്ച ചെയ്തു. അതിന്റെ ഫലമായാണ് എയർ ഇന്ത്യയുടെ മനസ്സ് മാറ്റം.