കുവൈറ്റ് സിറ്റി: പാസ്‌പോർട്ട് നഷ്ടമായവർക്കും മറ്റും അപേക്ഷിക്കുന്ന അന്നു തന്നെ തത്ക്കാൽ സംവിധാനത്തിലൂടെ ലഭിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പാസ്‌പോർട്ട് കാലാവധി തീരുകയോ ഡാമേജ് സംഭവിക്കുകയോ പാസ്‌പോർട്ട് പേജുകൾ തീരുകയോ ചെയ്യുന്ന സാഹചര്യത്തിലും തത്ക്കാൽ സംവിധാനം പ്രയോജനപ്പെടുത്തി പുതിയ ഇന്ത്യൻ പാസ്‌പോർട്ട് കരസ്ഥമാക്കും.

അപേക്ഷ സമർപ്പിച്ച് 6-8 മണിക്കൂറിനുള്ളിൽ പുതിയ പാസ്‌പോർട്ട് ലഭ്യമാകും. എംബസിയുടെ കോൺസുലാർ വിംഗിലാണ് ഇതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. എന്നാൽ സാധാരണ പാസ്‌പോർട്ട് ഫീസ് കൂടാതെ തത്ക്കാൽ ഫീസായ 46 ദിനാർ കൂടി അപേക്ഷയ്‌ക്കൊപ്പം നൽകണം.


സാധാരണ പാസ്‌പോർട്ടിന് (36 പേജ്)  69.50 ദിനാറും ജംബോ പാസ്‌പോർട്ടിന് (60 പേജ്) 77.50 ദിനാറും ആണ് തത്ക്കാൽ സംവിധാനത്തിൻ കീഴിൽ ഈടാക്കുക. പാസ്‌പോർട്ട് നഷ്ടപ്പെടുകയോ ഡാമേജ് സംഭവിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഇത് യഥാക്രമം 92.50 ദിനാറും 100.50 ദിനാറും ആയിരിക്കും ഈടാക്കുക.