ശ്രീലങ്ക: ശ്രീലങ്കൻ പ്രസിഡന്റിന്റെ അനുയായികൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ രാഷ്ട്രീയ രംഗം കൂടുതൽ കലുഷിതമാകുന്നുവെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അനുയായികൾക്ക് നേരെ മന്ത്രി അർജുന രണതുംഗയുടെ അംഗരക്ഷകൻ വെടിവയ്‌പ്പ് നടത്തിയതോടെയാണ് രംഗം സങ്കീർണമായിരിക്കുന്നത്.

വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. റനിൽ വിക്രമസിംഗെ പക്ഷക്കാരനാണ് രണതുംഗ. ഇദ്ദേഹത്തെ സിരിസേനയെ അനുകൂലിക്കുന്ന ആളുകൾ വളഞ്ഞതിനെ തുടർന്നാണ് അംഗരക്ഷകൻ വെടിവച്ചത്. ശ്രീലങ്കയിലെ രാഷ്ട്രീയ അട്ടിമറിക്ക് ശേഷമുള്ള ആദ്യ അക്രമ സംഭവമാണിത്. ലങ്കൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ കൂടിയാണ് രണതുംഗ. ലങ്കയുടെ പെട്രോളിയം മന്ത്രി എന്ന പദവിയാണ് ഇപ്പോൾ വഹിക്കുന്നത്.

പാർലമമെന്റ് സ്പീക്കറായ കരു ജയസൂര്യ, റനിൽ വിക്രമസിംഗെ തന്നെയാണ് ലങ്കൻ പ്രധാനമന്ത്രിയെന്ന് അടുത്തിടെ നിലപാടെടുത്തിരുന്നു. ഇതും പുതിയ വഴിത്തിരിവുകൾക്ക് കാരണമായി. നവംബർ 16 വരെ പാർലമെന്റ് മരവിപ്പിക്കാനുള്ള പ്രസിഡന്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു സ്പീക്കർ അയച്ച കത്താണു പുറത്തുവന്നത്.

പ്രധാനമന്ത്രിപദം വഹിക്കാൻ ജനങ്ങൾ നൽകിയ അംഗീകാരം വിക്രമസിംഗെക്ക് ഉണ്ടെന്നും പ്രസിഡന്റ് സ്വീകരിച്ച നടപടികൾ ഗുരുതരവും അനഭിലഷണീയവുമാണെന്നും കത്തിൽ പറയുന്നു. പുതിയ പ്രധാനമന്ത്രിയെ പാർലമെന്റ് തിരഞ്ഞെടുക്കും വരെ നിലവിലുള്ള പ്രധാനമന്ത്രിയുടെ പദവി സംരക്ഷിക്കപ്പെടണമെന്നു സ്പീക്കർ ആവശ്യപ്പെട്ടു.

ശ്രീലങ്കയെ കടക്കെണിയിലാക്കിയതു പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള ഗൂഢസംഘമാണെന്നും രാജ്യത്തെ രക്ഷിക്കാനാണു വിക്രമസിംഗെയെ പുറത്താക്കിയതെന്നും സിരിസേന പറഞ്ഞു. പ്രധാനമന്ത്രിയെ പുറത്താക്കിയ നടപടി ഭരണഘടനാനുസൃതമാണെന്നും ഇക്കാര്യത്തിൽ നിയമവിദഗ്ധരുടെ ഉപദേശം തേടിയിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.

വിക്രമസിംഗെയെ പുറത്താക്കുകയും മുൻപ്രസിഡന്റ് മഹിന്ദ രാജപക്ഷെയെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കുകയും ചെയ്തശേഷം ആദ്യമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സിരിസേന.

ശ്രീലങ്കൻ സെൻട്രൽ ബാങ്കിലെ ബോണ്ട് അഴിമതിയിലെ സൂത്രധാരൻ അർജുന മഹേന്ദ്ര റനിലിന്റെ അടുത്തയാളാണെന്നും രാജ്യത്തിന്റെ സാമ്പത്തിക പ്രതിച്ഛായ തകർത്തത് ഇരുവരും ചേർന്നാണെന്നും പ്രസിഡന്റ് ആരോപിച്ചു. പാർലമെന്റ് പിരിച്ചുവിട്ട് നേരത്തെ തിരഞ്ഞെടുപ്പു നടത്തണമെന്ന്, പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട മഹിന്ദ രാജപക്ഷെ ആവശ്യപ്പെട്ടു.