ത്തറിൽ പുതിയ താമസകുടിയേറ്റ നിയമം ഈ വർഷം ഒക്ടോബറിൽ പ്രാബല്യത്തിൽ വരും. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ചുള്ള കാര്യങ്ങളിൽ നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. കഴിഞ്ഞവർഷം ഒക്ടോബർ 27ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അംഗീകാരം നൽകിയ നിയമം ഗസറ്റിൽ പ്രസിദ്ധീകരിച്ച് ഒരു വർഷം പൂർത്തിയാകുന്നതോടെയാണ് നിയമം നടപ്പിലാകുക എന്നായിരുന്നു റിപ്പോർട്ടുകൾ. ഡിസംബർ 13 നാണ് ഖത്തർ ഗസറ്റിൽ നിയമം പ്രസിദ്ധീകരിച്ചത്. എന്നാൽ, കഴിഞ്ഞദിവസം അൽ റായ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമം ഈ ഒക്ടോബറിൽ തന്നെ പ്രാബല്യത്തിലാകുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.

നിലവിൽ വിസ ക്യാൻസൽ ചെയ്ത് പുറത്തു പോകുന്നവർക്കു രണ്ടു വർഷം കഴിഞ്ഞ് മാത്രമെ തിരിച്ചുവരാൻ സാധിക്കുകയുള്ളൂ. പുതിയ നിയമത്തിൽ പ്രവാസികൾക്ക് ഖത്തറിലേക്ക് മടങ്ങിവരുന്നതിനുള്ള രണ്ടുവർഷത്തെ ഈ വിലക്ക് എടുത്തുകളഞ്ഞിട്ടുണ്ട്. അതായത് ഒരു തൊഴിലിൽ നിന്നു വിട്ട് രാജ്യത്തു നിന്നു പുറത്തു പോകുന്നവർക്ക് ഉടൻ തന്നെ പുതിയ വിസയിൽ രാജ്യത്ത് തിരികെ എത്താൻ സാധിക്കും. അതായത് രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ തന്നെ തിരികെ വരാം. പക്ഷെ വിസ ഉൾപ്പടെയുള്ള മറ്റ് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചിരിക്കണം.

രാജ്യത്ത് വിലക്കില്ലാതെ പ്രവേശിക്കുന്ന കാര്യത്തിലും മാറ്റം ഉണ്ടായിട്ടുണ്ട്. നിലവിൽ മുൻതൊഴിലുടമയിൽ നിന്ന് എൻ.ഒ.സി ലഭിച്ചാൽ മാത്രമെ പുതിയ ജോലിയിൽ പ്രവേശിക്കാൻ കഴിയുമായിരുന്നുള്ളൂ. അല്ലാത്ത പക്ഷം വിലക്കും നിലവിൽ വരുമായിരുന്നു. എന്നാൽ ഈ സംവിധാനം ഒഴിവാക്കുന്നതോടെ പുതിയ ജോലിയിൽ കയറുമ്പോൾ മുൻ തൊഴിലുടമയുടെ അനുമതി ആവശ്യമായി വരില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

അതേസമയം, ഏതെങ്കിലും കേസുകളിൽപ്പെട്ട് പ്രവാസി തൊഴിലാളിക്ക് ശിക്ഷ ലഭിക്കുകയും ശിക്ഷക്കെതിരെ അപ്പീൽ നൽകാതിരിക്കുകയോ അപ്പീൽ കോടതി തള്ളുകയോ ചെയ്താൽ രാജ്യത്ത് തിരികെ പ്രവേശിക്കുന്നതിന് നാലുവർഷത്തെ വിലക്കുണ്ടാകും. കൂടാതെ പ്രവാസിയെ നാടുകടത്തുന്ന നടപടിയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഖത്തറിലെത്താൻ സാധിക്കില്ല. രാജ്യം വിട്ടു പോകാനുള്ള അടിയന്തിര ഘട്ടങ്ങളിലെ എക്‌സിറ്റ് പെർമിറ്റും സാധാരണ പെർമിറ്റും ആഭ്യന്തര മന്ത്രാലയം തന്നെയായിരിക്കും നൽകുക.

പുതിയ നിയമം പ്രാബല്യത്തിലാവുന്നതോടെ തൊഴിൽ കരാറായിരിക്കും പ്രധാനം. രേഖയായി മാറുക. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള അന്യായം, ബാധ്യത, അവകാശങ്ങൾ എന്നിവയുടെയെല്ലാം ആധാരം ഈ കരാറായിരിക്കും. അതുകൊണ്ടുതന്നെ രണ്ടുപേരും കരാറിൽ ഒപ്പുവച്ചിരിക്കണം. കൂടാതെ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ നിയമാനുമതിയും കരാറിനുണ്ടാവണം. സർക്കാരിന്റെ അനുമതിയോടെ തൊഴിലാളികൾക്ക് തൊഴിൽ മാറാനുള്ള സൗകര്യവും ഈ കരാർ വ്യവസ്ഥ ചെയ്യുന്നു. ഓപൺ കരാറുകളിൽ അഞ്ചുവർഷം കഴിഞ്ഞാലോ കരാർ കാലാവധി കഴിഞ്ഞാലോ ആണ് ഇത്തരത്തിൽ തൊഴിൽ മാറാൻ കഴിയുക. കരാർ കാലാവധിക്ക് മുൻപ് മാറണമെങ്കിൽ തൊഴിലുടമയുടേയും ബന്ധപ്പെട്ട മന്ത്രാലയത്തിന്റെയും അനുമതി ഉണ്ടായിരിക്കണം.