മസ്‌കത്ത്: മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ പുതിയ വാടക നിയമത്തിൽ നട്ടം തിരിയുകയാണ് സാധാരണക്കാരായ പ്രവാസി സമൂഹം. പുതിയ നിയമ മനുസരിച്ച് വിദേശികളായ വിദഗ്ധ തൊഴിലാളികൾക്ക് മാത്രമേ വില്ലകൾ പങ്കുവച്ച് താമസിക്കാൻ കഴിയൂ. കൂടാതെ ഒരു മുറിയിൽ ഒരാൾക്ക് മാത്രമാണ് താമസിക്കാൻ പറ്റൂവെന്നും നിയമത്തിൽ പറഞ്ഞിരിക്കുന്നു.

വിദ്യാർത്ഥികൾക്കും വിദഗ്ധ തൊഴിലാളികൾക്കും ടെക്‌നീഷ്യന്മാർക്കും ബഹു നില കെട്ടിടത്തിലെ ഫ്‌ളാറ്റുകൾ വാടകക്കെടുത്ത് മാത്രമേ താമസിക്കാൻ കഴിയൂ. എന്നാൽ ഫ്‌ളാറ്റുകളിൽ ഒരു മുറിയിൽ രണ്ട് പേരെ മാത്രമെ താമസിക്കാൻ അനുവദിക്കുകയുള്ളൂവെന്നും സർക്കുലറിൽ പറയുന്നു. ഈ നിയമം പാലിക്കാത്ത താമസയിടങ്ങളുടെ കരാർ പുതുക്കില്ലെന്നും അധികൃതർ അറിയിച്ചു. അതോടൊപ്പം താമസയിടങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും കർശനമായി വിലക്കിയിട്ടുണ്ട്.

നിലവിൽ ഒരു മുറിയിൽ നിരവധി പേരാണ് താമസിച്ച് വരുന്നത്. കമ്പനികളുടെ താമസയിടങ്ങളിലും നിരവധി പേർ താമസിക്കുന്നുണ്ട്. 150 റിയാലിൽ താഴെ മാത്രം ശമ്പളം വാങ്ങുന്ന ഇത്തരക്കാർക്ക് ഒരു റൂമിൽ രണ്ട് പേർ മാത്രമായി താമസിക്കാൻ കഴിയില്ല.

അവിദഗ്ധ തൊഴിലാളികൾക്കും കുടുംബമില്ലാതെ താമസിക്കുന്നവർക്കുമായി മൊബേല, അമിറാത്ത്, ബോഷർ എന്നിവിടങ്ങളിൽ പ്രത്യേക താമസയിടങ്ങൾ നിർമ്മിക്കാനും അധികൃതർക്ക് പദ്ധയതിയുണ്ട്.ഇതിനായ സ്ഥലം നിശ്ചയിച്ചു കഴിഞ്ഞു. എന്നാൽ ഭൂരിഭാഗം അവിദഗ്ധ തൊഴിലാളികളും നഗരങ്ങളുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്.

വ്യാപാര സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്ന ഇത്തരക്കാർക്ക് നഗരങ്ങളിൽ നിന്ന് ഏറെ ദൂരെ സ്ഥിതി ചെയ്യുന്ന ബാച്‌ലർ അക്കമഡേഷനുകളിൽ പോയി താമസിക്കാനും കഴിയില്ല എന്നതും ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്.