തിരുവനന്തപുരം: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനെ കേരളത്തിൽ ഇനി നയിക്കുക വനിതാ നേതൃത്വം. രശ്മി പരമേശ്വരൻ പ്രഥമ വനിതാ സംസ്ഥാന സെക്രട്ടറിയാകും. ഷോബി ജോസഫാണ് സംസ്ഥാന പ്രസിഡണ്ട്. ദിവ്യ ഇ എസ് സംസ്ഥാന ട്രഷറർ. സേവന-വേതന വ്യവസ്ഥകൾ പുതുക്കി നിശ്ചയിക്കണമെന്നും, ഇന്ത്യ ഒട്ടാകെ ഒറ്റ രജിസ്‌ട്രേഷൻ സമ്പ്രദായം നടപ്പിലാക്കണമെന്നും, ബോണസും ശമ്പളവും നിഷേധിക്കുന്ന ആശുപത്രികൾക്കെതിരെ ക്രിമിനൽ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യുഎൻഎയുടെ ഓൺലൈൻ സമര പ്രഖ്യാപനം ഒക്ടോബർ 2 ന് നടക്കും.

യുഎൻഎ സെക്രട്ടേറിയറ്റ് യോഗം കൂടിയാണ് തീരുമാനങ്ങൾ എടുത്തത്. ശക്തമായ പോരാട്ടങ്ങളുമായി മുന്നോട്ട് പോകാനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ വനിതകൾ ജോലി ചെയ്യുന്ന നഴ്‌സിങ് മേഖലയിൽ യുഎൻഎക്കെതിരെ നിരന്തരം ഉന്നയിച്ചിരുന്ന ആരോപണം എന്തുകൊണ്ടാണ് വനിതാ നേതൃത്വത്തെ കൊണ്ടുവരാത്തത് എന്നാണ്. ഏറ്റവും ശക്തമായ നേതൃത്വത്തെയാണ് തിരഞ്ഞെടുത്തത്. സംഘടന ധാരാളം വെല്ലുവിളികൾ നേരിടുന്ന കാലത്ത് നിലവിലുള്ള നേതൃത്വത്തിന്റെ കൂടി അഭിപ്രായം ആരാഞ്ഞ്‌കൊണ്ടാണ് വനിതകൾ അടക്കമുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തതെന്ന് അഖിലേന്ത്യ പ്രസിഡന്റ് ജാസ്മിൻ ഷാ പറഞ്ഞു. ഇതിനായി ഓരോരുത്തർക്കും കൃത്യമായ ഡ്യൂട്ടിനൽകിയിട്ടുണ്ട്.

സംഘടനയുടെ ബൈലോ പ്രകാരമല്ല പ്രവർത്തനം എന്ന പരാതിയും പരിഹരിച്ചു. സംഘടനാ പുനഃസംഘടനയായിരുന്നു ആദ്യ അജണ്ട. മുഴുവൻ ജില്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. ഇടുക്കിയും കാസർകോഡും ഒഴികെ മറ്റുജില്ലകളിലും നയിക്കാൻ ജില്ലാ കോർഡിനേറേറർമാരെ നിയോഗിച്ചു. ഇടുക്കിയിലും കാസർകോട്ടും ഒരാഴ്ചയ്ക്കകം കോർഡിനേറ്റർമാരെ നിയോഗിക്കും. പുതിയ വെല്ലുവിളികൾ നേരിടാൻ വനിതാനേതൃത്വം പ്രാപ്തരാണെന്നും ജാസ്മിൻ ഷാ പറഞ്ഞു. ഏറ്റവും ശക്തരായ നേതാക്കൾ തന്നെയാണ് തലപ്പത്ത് എത്തിയിരിക്കുന്നത്.

ഇടക്കാലത്ത് സഹപ്രവർത്തകരായ വിട്ടുപിരിഞ്ഞ നഴ്‌സുമാരായ സുജ സുരേന്ദ്രനും അജിമോനും സാമ്പത്തിക സഹായം നൽകാൻ യുഎൻഎ തീരുമാനിച്ചിരുന്നു. സുജ സുരേന്ദ്രന് വീട് വച്ചുനൽകാനും അജിമോന് അഞ്ച് ലക്ഷം രൂപയും നൽകാനാണ് ആലോചിച്ചത്. പ്രതിസന്ധി കാലഘട്ടത്തിൽ അഴിമതി ആരോപണമായി ഉന്നയിച്ചത് യുഎൻഎ പ്രവർത്തകയല്ലാത്ത സോധി മോൾ എന്നയാൾക്ക് ഓണക്കാലത്ത് വീട് വച്ച് നൽകി എന്നാണ്. ബൈലോയ്ക്ക് വിരുദ്ധമാണ് സാമ്പത്തിക സഹായം എന്നായിരുന്നു ആരോപണം. ബൈലോ ഭേദഗതി ചെയ്ത് സുജ സുരേന്ദ്രനും അജിമോനും ഒക്ടോബർ രണ്ടിന് സാമ്പത്തിക സഹായം കൈമാറുമെന്നും ജാസ്മിൻ ഷാ അറിയിച്ചു.

നേരത്തെ യുഎൻഎ സാമ്പത്തിക തട്ടിപ്പു കേസിൽ സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ഉൾപ്പെടെ 4 പേർ അറസ്റ്റിലായിരുന്നു.ഭാരവാഹികളായ ഷോബി ജോസഫ്, നിതിൻ മോഹൻ, പി.ഡി.ജിത്തു എന്നിവരാണു മറ്റു 3 പേർ. യുഎൻഎയുടെ തൃശൂർ ഓഫിസിൽ നിന്നാണു ക്രൈംബ്രാഞ്ച് ഇവരെ പിടികൂടിയത്. കേസിൽ ഇതുവരെ പ്രതി ചേർത്തിട്ടുള്ളത് ഈ നാലുപേരെ മാത്രമാണ്. സംഘടനയുടെ ഫണ്ടിൽ നിന്നു 3 കോടിയോളം രൂപ തട്ടിയെടുത്തെന്നാണു കേസ്.

ഖത്തറിലായിരുന്ന ജാസ്മിൻ ഷാ 3 മാസം മുൻപു കേരളത്തിലെത്തിയിരുന്നെങ്കിലും കഴിഞ്ഞ മാസമായിരുന്നു അറസ്റ്റ്. എന്നാൽ, കേസുകൾ കൊണ്ടൊന്നും സംഘടനയെ തളർത്താനാവില്ലെന്ന് ജാസ്മിൻ ഷാ ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു.

https://www.facebook.com/watch/live/?v=368738194140049&ref=watch_permalink