തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) ബാർ ഹോട്ടലുകൾക്ക് നൽകിയ 570 കോടി രൂപയുടെ വായ്പ കിട്ടാക്കടമാകുമെന്ന് മലയാള മനോരമ ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു. മനോരമ ലേഖകൻ പി കിഷോർ പേരുവച്ചെഴുതിയ വാർത്തയിലാണ്, ബാർ വ്യവസായത്തിന്റെ തകർച്ച ആദ്യം ബാധിക്കുന്ന കേരള സർക്കാർ സ്ഥാപനത്തിന്റെ ദുരവസ്ഥ വ്യക്തമാക്കുന്നത്. വ്യവസായ രംഗത്ത് കെഎഫ്‌സി അനുവദിച്ച ആകെ വായ്പകളുടെ 25 ശതമാനത്തിലേറെ ബാർ ഹോട്ടലുകളിലാണെന്ന് റിപ്പോർട്ട് പറയുന്നു. ബാർ പ്രവർത്തിച്ചിരുന്നിടത്തോളം കാലം ഇത്തരം വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കപ്പെട്ടിരുന്നു. എന്നാൽ അടുത്തമാസം മുതൽ പണം തിരിച്ചടയ്ക്കാൻ ബാർ നടത്തിയിരുന്ന ഹോട്ടൽ ഉടമകൾക്ക് കഴിയില്ലെന്നാണ് മനോരമ പറയുന്നത്. ഇതോടെ വൻ പ്രതിസന്ധിയാണ് കെഎഫ്‌സി അഭിമുഖീകരിക്കുന്നത്.

ആകെ വായ്പയുടെ 25% കിട്ടാക്കടമായാൽ ബാങ്കുകളുടെ ക്രെഡിറ്റ് കിട്ടില്ല, പുതിയ വായ്പകളെടുക്കാനോ കൊടുക്കാനോ കഴിയില്ല. ചുരുക്കത്തിൽ വർഷങ്ങളായി ലാഭത്തിലുള്ള കെഎഫ്‌സി നിലനില്പിനു തന്നെ ഭീഷണി നേരിടുകയാണെന്ന് മനോരമ വാർത്തയിൽ പറയുന്നു. മനോരമയുടെ വാർത്തയിൽ പറയുന്ന മറ്റു വിവരങ്ങൾ ചുവടെ:

കേരളത്തിൽ മറ്റു വൻകിട വ്യവസായങ്ങളൊന്നുമില്ലാത്തതിനാൽ ഹോട്ടൽ-റിസോർട്ട് മേഖലയിലാണ് നിക്ഷേപ സംരംഭങ്ങൾ വന്നിരുന്നതും, അവയ്ക്ക് വായ്പയ്ക്കു വേണ്ടി കെഎഫ്‌സിയെ സമീപിച്ചിരുന്നതും. കൃത്യമായ തിരിച്ചടവുണ്ടെന്നതിനാൽ ഹോട്ടൽ പ്രോജക്ടുകൾക്കു വായ്പ നൽകാനും കെഎഫ്‌സിക്കു താല്പര്യമായിരുന്നു. വ്യവസായ സംരംഭങ്ങൾക്കായി ഇതിനകം കെഎഫ്‌സി നൽകിയിട്ടുള്ള 2000 കോടി വായ്പയിൽ 740 കോടി അങ്ങനെ ഹോട്ടൽ വ്യവസായ രംഗത്തും അതിൽ 570 കോടി ബാർ ഹോട്ടൽ രംഗത്തുമായി. ബാർ ഇല്ലാത്ത ലോഡ്ജ്, റിസോർട്ട് മേഖലയിൽ ഏകദേശം 200 കോടി മാത്രമാണു വായ്പ. ആകെ 251 പ്രോജക്ടുകൾക്കാണ് ഇത്രയും വായ്പ നൽകിയിട്ടുള്ളത്.

ഇവയിൽ വലിയൊരു ഭാഗം 2010നു ശേഷം നൽകിയ വായ്പകളാണ്. ഹോട്ടൽ കെട്ടിടംപണി പൂർത്തിയായിട്ടില്ലാത്ത അനേകം പ്രോജക്ടുകൾക്കു വായ്പ നൽകിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം പണി നിർത്തി നിക്ഷേപകർ പിൻവാങ്ങുകയാണ്. ബാർ ലൈസൻസോടെ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും അടുത്തമാസം മുതൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയില്ല. ത്രീസ്റ്റാർ മുതലുള്ള ഓരോ ഹോട്ടൽ പദ്ധതിക്കും 10 കോടിയിലേറെ ചെലവുണ്ട്. വായ്പാത്തുകയും അതിനനുസരിച്ചാണ്. 13.5% പലിശ നിരക്കിലാണു തിരിച്ചടവ്.

ത്രീസ്റ്റാറിനു ലൈസൻസ് കൊടുക്കുന്നില്ലെന്നും ഫോർ സ്റ്റാർ വേണമെന്നും വന്നതോടെ നിരവധി ത്രീസ്റ്റാർ ഹോട്ടലുകൾ വീണ്ടും വായ്പയെടുത്ത് ഫോർ സ്റ്റാർ ആക്കാനുള്ള പണി ആരംഭിച്ചിരുന്നു. അതിനും കെഎഫ്‌സി വായ്പ കൊടുത്തു. അതും ഇനി തിരികെ കിട്ടാൻ മാർഗമില്ല. കാരണം കടമെടുത്തവർക്കു വരുമാനമില്ലാതെ മുതലും പലിശയും തിരിച്ചടയ്ക്കാൻ കഴിയില്ല. മൂന്നു മാസം തിരിച്ചടവു മുടങ്ങിയാൽ നിയമം അനുസരിച്ച് ആ വായ്പ എൻപിഎ ആയി കണക്കാക്കും. ചുരുക്കത്തിൽ മൂന്നു മാസത്തിനകം ആകെ വായ്പയുടെ കാൽഭാഗം കിട്ടാക്കടമായി മാറുമെന്ന സ്ഥിതിയിലാണു കെഎഫ്‌സി. നിലവിൽ കിട്ടാക്കടം അരശതമാനത്തിൽ താഴെ എന്ന സ്ഥിതിയിൽ നിന്നാണ് 25 ശതമാനത്തിലേക്കുയരുന്നത്.

വ്യവസായ രംഗത്തെ വായ്പയിൽ തമിഴ്‌നാടിനും കർണാടകയ്ക്കും മുന്നിലെത്തി രാജ്യത്തെ ഏറ്റവും മികച്ച ഫിനാൻഷ്യൽ കോർപ്പറേഷനായി മാറിയ വർഷം തന്നെയാണ് ഈ പ്രതിസന്ധി നേരിടുന്നത്. കെഎഫ്‌സി പ്രവർത്തന രഹിതമായാൽ ചെറുകിട വ്യവസായ സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും മൂലധനത്തിനായി ആശ്രയിക്കാവുന്ന ഏക സ്ഥാപനമാണ് ഇല്ലാതാവുക. മറ്റു വ്യവസായ രംഗങ്ങളിലും ഈ പ്രശ്‌നം പ്രതിഫലിക്കും.