കുവൈത്ത്: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പുതുതായി സാൽമിയയിൽ ഇസ്‌ലാഹി മദ്രസ്സ ആരംഭിച്ചു. മദ്രസ്സ പ്രവേശനോത്സവം എം.ഇ.എസ് മുൻ പ്രസിഡന്റ് റാഫി നന്തി നിർവ്വഹിച്ചു. ധാർമ്മിക വിജ്ഞാനം കുരുന്നുകളില്ലായെങ്കിൽ ഇരുജീവിതവും അപകടത്തിലാകുമെന്നും ഭൗതിക വിദ്യയോടൊപ്പം മതപരമായ അറിവുകൾ സ്വായത്തമാക്കാൻ ശ്രമിക്കണമെന്നും റാഫി നന്തി സൂചിപ്പിച്ചു.

ഐ.ഐ.സി പ്രസിഡന്റ് എഞ്ചി. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, ശാക്കിർ ഫാറൂഖി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. എഞ്ചി. ഉമ്മർ കുട്ടി, സിദ്ധീഖ് മദനി, സയ്യിദ് അബ്ദുറഹിമാൻ എന്നിവർ ആശംസ പ്രസംഗം നടത്തി.  ഫിറോസ് ചുങ്കത്തറ സ്വാഗതവും മിർസാദ് നന്ദിയും പറഞ്ഞു. അഹ്മദ് ഷഹീർ ഖിറാഅത്ത് നടത്തി.
എല്ലാ ശനിയാഴ്ചകളിലും രാവിലെ എട്ടിന് സാൽമിയ പാർക്കിന് സമീപത്തെ ഇഗ്‌നോ സെന്ററിലാണ് ക്ലാസ് നടക്കുക.

കേരളത്തിലെ മത രംഗത്ത് ഏറ്റവും നൂതനമായ മദ്രസ്സ സിലബസ്സായ കൗൺസിൽ ഫോർ ഇസ്‌ലാമിക് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (സിഐഇ.ആർ) തയ്യാറാക്കിയ  പാഠഭാഗ പ്രകാരമാണ് ക്ലാസ്. പരിശുദ്ധ ഖുർആൻ, തജ്‌വീദ്, ഹിഫ്‌ള്, ചരിത്രം, കർമ്മം, സ്വഭാവം, വിശ്വാസം, പ്രാർത്ഥനകൾ, അറബിക്, മലയാളം എന്നിവയ്ക്ക് പ്രാധാന്യം നൽകിയുള്ള സിലബസാണ്. കലാകായിക, വിനോദ, വ്യക്തിത്വ വികസന പരിപാടികളും നാട്ടിലും ഇതേ സിലബസിൽ തുടർപഠനത്തിന് അവസരവും ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് 65829673, 55690937, 66393786.
അബ്ബാസിയ, ഫഹാഹീൽ എന്നിവിടങ്ങളിലും ഇസ്‌ലാഹി മദ്രസ്സ പ്രവർത്തിച്ചു വരുന്നുണ്ട്. കുവൈത്തിലെ എല്ലാ ഏരിയകളിൽ നിന്നും വാഹന സൗകര്യവും ലഭ്യമാണ്.