- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാംക്രമിക രോഗചികിത്സയിൽ ആയുഷ് ഡോക്ടർമാരെ വിലക്കാൻ നിർദേശിക്കുന്ന ആരോഗ്യ ബില്ലിലെ കരടിൽ എതിർപ്പ് ശക്തം; ഹോമിയോപ്പതിക്കും ആയുർവേദത്തിനും അയിത്തം കൽപ്പിക്കുന്നത് ആരോഗ്യവകുപ്പിലെ ഉന്നതർ; മരുന്ന് മാഫിയയെ സഹായിക്കാനെന്ന് ആരോപണം; പൗരാവകാശങ്ങൾ കാറ്റിൽ പറത്തുന്നുവെന്നും ആക്ഷേപം
തിരുവനന്തപുരം: അലോപ്പതി ഒഴികെയുള്ള ചികിത്സാരീതികളെ ഒഴിവാക്കി മരുന്നുമാഫിയയെ സഹായിക്കാനും അത് വഴി കേരളം കണ്ടിട്ടില്ലാത്ത അഴിമതി നടപ്പാക്കാനുമാണ് പൊതുജനാരോഗ്യ നിയമം കൊണ്ട് വരുന്നത് എന്ന ആരോപണം ശക്തമാകുന്നു. ആയുർവേദം, ഹോമിയോപതി, യുനാനി, പ്രകൃതിചികിത്സ(ആയുഷ്) എന്നീ ചികിത്സാ രീതികൾ നടത്തുന്ന ചികിത്സകരുടെയും രോഗികളുടെയും സ്വാതന്ത്ര്യം ഹനിക്കുന്നതാണ് പുതിയനിയമം. അലോപ്പതിക്കാണ് ഈ നിയമത്തിൽ അധികാരം കൽപ്പിച്ച് കൊടുക്കപ്പെടുന്നത്.
നിയമത്തിൽ പറയുന്ന 54 രോഗങ്ങളിൽ 30 എണ്ണം പകർച്ചവ്യാധികളാണ്. ചെങ്കണ്ണ് മുതൽ കോറോണ വരെ ഇതിൽ പെടും. ഇവയെ ചികിത്സിക്കാനുള്ള അവകാശം നൽകുന്നുണ്ട് എങ്കിലും ഈ രോഗങ്ങൾ മാറി എന്ന് സർട്ടിഫിക്കേറ്റ് നൽകാനുള്ള അധികാരം അലോപ്പതി വിഭാഗത്തിന് മാത്രമാകും. ആയുർവേദവും ഹോമിയോപ്പതിയും പ്രകൃതി ചികിത്സയും നടത്തുന്നവർ തട്ടിപ്പുകാരാണ് എന്നും ഈ ചികിത്സകളോക്കെ അന്ധവിശ്വാസമാണെന്നുമാണ് അലോപ്പതി ഡോക്ടർമാരിൽ ഭൂരിഭാഗവും പറയുന്നത് എന്നത് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യമാണ്. ആയുർവേദമോ ഹോമിയോപ്പതിയോ പ്രകൃതി ചികിത്സയോ നടത്തി രോഗം ഭേദമായ രോഗിക്ക് രോഗം മാറി എന്നുള്ള സർട്ടിഫിക്കേറ്റ് കിട്ടാൻ ഇതുകൊണ്ട് തന്നെ കഷ്ടപെടേണ്ടി വരും.
അലോപ്പതിയിൽ തന്നെ ചികിത്സ തേടണമെന്ന് ഈ നിയമം പറയുന്ന ജീവിതശൈലി രോഗങ്ങൾക്ക് പൊതുജനാരോഗ്യനിയമത്തെ മറികടന്ന് ആരെങ്കിലും മറ്റ് ചികിത്സാരീതികൾ സ്വീകരിച്ചാൽ ചികിത്സിക്കുന്ന ഡോക്ടർമാർ മാത്രമല്ല രോഗിയും ജയിലിൽ പോകേണ്ടി വരും. ഇത് രോഗിയുടെ ചികിത്സാരീതി തിരഞ്ഞെടുക്കാനുള്ള നിയമപരമായ സ്വതന്ത്ര്യത്തെ ലംഘിക്കുന്ന അനീതിയാണ്. നിയമപരമായി രാജ്യത്ത് നടക്കുന്ന ഏത് ചികിത്സാസമ്പ്രദായമായിരിക്കണം തന്നെ ചികിത്സിക്കേണ്ടത് എന്ന് തിരഞ്ഞെടുക്കാനുള്ള അധികാരം രോഗിക്ക് ഉണ്ട് എന്നാണ് പൊതുവായ നിയമം.
പൊതുജനാരോഗ്യ അധികാരി എന്ന പോസ്റ്റിൽ എത്തുന്ന ആളിനായിരിക്കും ഈ നിയമത്തിലെ ചുമതല. ആരോഗ്യവകുപ്പിൽ ഡയറക്ടർ ആയിട്ടുള്ളവരെയാണ് പൊതുജനാരോഗ്യ അധികാരിയായി പരിഗണിക്കുന്നത്. ആയുർവേദത്തിനും ഹോമിയോക്കും പ്രത്യേകം ഡയറക്ടറേറ്റ് ഉള്ളതിനാൽ അലോപ്പതിവിഭാഗത്തിലെ സീനിയർ ഡോക്ടർമാരേയാണ് സാധാരണ ആരോഗ്യവകുപ്പ് ഡയറക്ടറായി നിയമിക്കുന്നത്. ചുരുക്കി പറഞ്ഞാൽ മറ്റ് വിഭാഗത്തിലെ ഡോക്ടർമാർക്ക് പൊതുജനാരോഗ്യഅധികാരി എന്ന പോസ്റ്റിലേക്ക് എത്താൻ സാധിക്കുകയില്ല.
സാംക്രമിക രോഗമുള്ളയാളിനെ കസ്റ്റഡിയിൽ വെയ്്പ്പിക്കാൻ പോലും അധികാരമുള്ള ആളായിട്ടാണ് ഈ നിയമം പൊതുജനാരോഗ്യഅധികാരിയെ വിഭാവനം ചെയ്യുന്നത്. രോഗി കോടതിയിൽ പോയാൽ പോലും വീടിന് പുറത്തിറങ്ങാതെ ഇരിക്കണം എന്നാകും കോടതി നിർദ്ദേശിക്കുന്നത്. ഈ അധികാരം ദുർവിനിയോഗം ചെയ്യാൻ സാധ്യതയുള്ളതായിട്ടാണ് വിലഇരുത്തപ്പെടുന്നത്. പല പകർച്ചവ്യാധി പ്രതിരോധനടപടികളിലും ആയുഷ് ചികിത്സ മികച്ചതാണെന്ന് തെളിയിച്ചിട്ടുണ്ട്. സമഗ്രാരോഗ്യസംസ്‌കാരം കെട്ടിപ്പടുക്കുന്നതിൽ ആയുഷ് വൈദ്യശാസ്ത്രങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്.
അതൊക്കെ ഒറ്റയടിക്ക് തകർത്തുകൊണ്ട് പൊതുജനാരോഗ്യരംഗത്ത് ഒരു വൈദ്യശാസ്ത്രം മാത്രംമതി എന്ന രൂപത്തിൽ പ്രത്യേക നയരൂപവത്കരണം ചികിത്സയുമായി ബന്ധപ്പെട്ട മനുഷ്യാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കേരള പൊതുജനാരോഗ്യ ബിൽ 2021ലെ വ്യവസ്ഥകൾ പലതും ഹോമിയോപ്പതി ഉൾപ്പെടെയുള്ള ആയുഷ് വിഭാഗങ്ങളെ അവഗണിക്കുന്നതാണെന്നും അപാകത പരിഹരിക്കണമെന്നും ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ , ആയുർവേദമെഡിക്കൽ അസോസിയേൻ ഓഫ് ഇന്ത്യയും,ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ നേരത്തെ ആവിശ്യപ്പെട്ടിട്ട് ഉണ്ടെങ്കിലും പാസാക്കാൻ പോകുന്ന നിയമത്തിൽ ഇവ ഒന്നും പരിഗണിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
മറുനാടന് മലയാളി ബ്യൂറോ