തിരുവനന്തപുരം: കോടതി വിധി തിരിച്ചടിയായിട്ടും മുന്നണിയിലെ പ്രബല കക്ഷിയായ മുസ്ലിം ലീഗിനെ തൃപ്തിപ്പെടുത്താൻ സർക്കാരിന്റെ നീക്കം. ഹൈക്കോടതി അനുവദിച്ച പുതിയ മുനിസിപ്പാലിറ്റികളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് സർക്കാർ രംഗത്തെത്തിയത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് സർക്കാർ കത്തു നൽകി. പുതിയ 28 മുനിസിപ്പാലിറ്റികളിൽ തെരഞ്ഞെടുപ്പു നടത്താൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നഗരകാര്യ സെക്രട്ടറി തെരഞ്ഞെടുപ്പു കമ്മീഷണർക്കു കത്തു നൽകിയത്. ഇന്നലെ രാത്രി വൈകിയാണ് കത്തുനൽകിയത്.

സർക്കാരിന്റെ പിടിവാശിക്കു മുമ്പിൽ വഴങ്ങാതെയാണ് കോടതി ഇന്നലെ തീരുമാനമെടുത്തത്. പഞ്ചായത്ത് വിഭജനം തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ കമ്മീഷന് പൂർണ്ണ അധികാരമെന്നാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അറിയിച്ചത്. ഇക്കാര്യത്തിൽ അപ്പീൽ പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാൽ, അപ്പീൽ പോകുന്നില്ല എന്ന തീരുമാനത്തിനു ശേഷം പുതിയ നീക്കം നടത്തുന്നത് മുസ്ലിം ലീഗിനെ പ്രീണിപ്പിക്കാൻ വേണ്ടിയാണെന്നാണു വിലയിരുത്തൽ.

പുതിയ പഞ്ചായത്തുകളുടെയും മുൻസിപ്പാലിറ്റികളുടെയും രൂപീകരണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹെക്കോടി ഡിവിഷൻ ബെഞ്ച് ശരിവച്ചത്. 69 പഞ്ചായത്തുകളുടെയും നാല് മുനിസിപ്പാലിറ്റികളുടെ രൂപീകരണം തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവാണിത്. വാർഡു വിഭജനം സംബന്ധിച്ച് ലീഗ് ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ വിധി സർക്കാരിനെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമായിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് പൂർണാധികാരമുണ്ടെന്നും സമയത്ത് തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണഘടനാ ബാധ്യതയാണെന്നും കോടതി വിധിയിൽ വ്യക്തമാക്കി.

എന്നാൽ, സർക്കാരിന്റെ പുതിയ നീക്കം വീണ്ടും തെരഞ്ഞെടുപ്പു വൈകിപ്പിക്കാൻ ഇടയാക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.