നിതാഖാത്തിന്റെ അടുത്ത ഘട്ടം അഞ്ചുമാസത്തിനകം നടപ്പാകുമെന്ന് റിപ്പോർട്ട്്. രണ്ടാം ഘട്ടമായ വിഷൻ 2030 ഉടൻ നടപ്പിലാക്കുന്ന വാർത്ത കേട്ട നടുക്കത്തിലാണ് മലയാളികൾ ഉൾപ്പെട്ട പ്രവാസി സമൂഹം. നിതാഖാത്ത് സംഹബന്ധിച്ച വിശദാംശങ്ങൾ രണ്ട് മൂന്ന് ആഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്നും അഞ്ചുമാസത്തിനകം നടപ്പാക്കുമെന്നും തൊഴിൽ മന്ത്രി മുഫ്‌റിജ് അൽ ഹഖബാനി അറിയിച്ചു. സ്വദേശികളുടെ തൊഴിലില്ലായ്മ 11 ശതമാനത്തിൽനിന്ന് ഏഴു ശതമാനമായി കുറയ്ക്കാനുള്ള വിഷൻ 2030 തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഊർജിത പദ്ധതികൾ നടപ്പാക്കാനാണു നീക്കം.

പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, നിലവിലുള്ള തസ്തികകളിൽ പ്രവാസികളെ കുറയ്ക്കുക, സൗദികൾക്കു മാത്രമായി തരംതിരിച്ചിട്ടുള്ള തൊഴിൽമേഖലകളുടെ എണ്ണം കൂട്ടുക തുടങ്ങിയവയാണു പ്രധാനം. സ്വദേശികളുടെ ശമ്പളവർധന, സ്വദേശി വനിതകളുടെ നിയമനം തുടങ്ങിയവയ്ക്കു പ്രത്യേക ഊന്നൽ നൽകും. തൊഴിൽ മേഖലയിലെ വനിതാ പ്രാതിനിധ്യം 22 ശതമാനത്തിൽനിന്നു 30% ആക്കി ഉയർത്താനാണ് ദർശനരേഖ ലക്ഷ്യമിടുന്നത്. സൗദികളുടെയും വിദേശികളുടെയും ശമ്പളത്തിലുള്ള അന്തരം, തൊഴിൽ മേഖലയിൽ ഇരുകൂട്ടരുടെയും സ്ഥിരത, വനിതകൾക്കായി പ്രത്യേക ജോലികൾ തുടങ്ങിയവയെല്ലാം പഠനവിധേയമാക്കും.

സ്വകാര്യമേഖലയിലേക്കു സൗദി സ്വദേശികളെ കൂടുതൽ ആകർഷിക്കാൻ പദ്ധതികൾ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. ഒരുകോടിയിലേറെ പ്രവാസികളാണു നിലവിൽ സൗദിയിൽ ഉള്ളത്. അതിനിടെ, സൗദിയിൽ ആദായനികുതി ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ 2018ൽ അഞ്ചുശതമാനം വരെ മൂല്യവർധിത നികുതി (വാറ്റ്) നടപ്പാക്കിത്തുടങ്ങുമെന്നും ധനമന്ത്രി ഇബ്രാഹിം അൽ അസഫ് അറിയിച്ചു.