ഷിക്കാഗോ: മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവലയത്തിന്റെ കീഴിൽ സജീവമായി  പ്രവർത്തിച്ചുവരുന്ന സെന്റ് ആന്റണീസ് കൂടാരയോഗത്തിന്റെ അടുത്ത രണ്ടുവർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സിബു കുളങ്ങരയുടെ ഭവനത്തിൽ ചേർന്ന കൂടാരയോഗ കൂട്ടായ്മയിൽ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

കൂടാരയോഗത്തിലെ മുപ്പതോളം കുടുംബങ്ങൾ കുടുംബസമേതം പങ്കെടുത്ത കൂട്ടായ്മയിലെ കൂടാരയോഗപ്രാർത്ഥനകൾക്ക് അസി. വികാരി ഫാ. സുനി പടിഞ്ഞാറേക്കര, സി. സേവ്യർ എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കുവേണ്ടി നടത്തിയ പ്രത്യേക പ്രാർത്ഥനകൾക്ക് സി. ജസീന നേതൃത്വം നൽകി. സെക്രട്ടറി മേരിക്കുട്ടി ചെമ്മാച്ചേൽ റിപ്പോർട്ടും, ട്രഷറർ ബെന്നി നല്ലുവീട്ടിൽ  കണക്കും അവതരിപ്പിച്ചു. സിബു കുളങ്ങര സ്വാഗതവും, കൺവീനർ ബിജു വാക്കേൽ നന്ദിയും പറഞ്ഞു.

ഫാ. സുനി പടിഞ്ഞാറേക്കര വചനസന്ദേശം നൽകി. അടുത്ത രണ്ടുവർഷത്തെ കൂടാരയോഗ കൺവീനറായി നവീൻ കണിയാംപറമ്പിലും സെക്രട്ടറിയായി സിന്ധു മറ്റത്തിപ്പറമ്പിലും തെരഞ്ഞെടുക്കപ്പെട്ടു. പാരീഷ് കൗൺസിൽ അംഗമായി സജി വെള്ളാരംമൂലയിലും, ട്രഷററായി ബെന്നി നല്ലുവീട്ടിലും തെരഞ്ഞെടുക്കപ്പെട്ടു. ഇതിനോടൊപ്പം വിവിധ മിനിസ്ട്രി കോർഡിനേറ്റർമാരേയും സബ് കമ്മിറ്റി അംഗങ്ങളേയും തെരഞ്ഞെടുത്തു.  സെന്റ് മേരീസ് ഇടവക ദിനത്തിൽ സെന്റ് ആന്റണീസ് കൂടാരയോഗം ഒന്നാം സ്ഥാനം നേടിയതിൽ കൂടാര കൂട്ടായ്മ ആഹ്ലാദം പങ്കുവച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ വികാരി ഫാ. തോമസ് മുളവനാൽ അഭിനന്ദിച്ചു.