ഗൂഡല്ലൂർ: തമിഴകത്ത് ഒരാഴ്ചയ്ക്കകം പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് എഐഎഡിഎംകെ വിമത നേതാവ് ടി.ടി.വി. ദിനകരൻ എംഎൽഎ. നീലഗിരി സന്ദർശനത്തിന് എത്തിയ അദ്ദേഹം കുന്നൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

ജില്ലാ സെക്രട്ടറിമാരുമായി കൂടിയാലോചിച്ചതിന് ശേഷമെ പാർട്ടിയുടെ കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളു. ജയലളിതയ്ക്ക് ഏറെ പ്രിയപ്പെട്ട ജില്ലയാണ് നീലഗിരി. രണ്ട് മാസത്തിനകം തമിഴ്‌നാട് നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരും. തമിഴകത്തിലെ ജനങ്ങൾ തന്നോടൊപ്പമാണ്. ആർ.കെ. നഗറിലെ തെരഞ്ഞെടുപ്പ് ഫലം അതാണ് തെളിയിക്കുന്നത്. ജനങ്ങൾക്ക് ഒട്ടും താത്പര്യമില്ലാത്ത ഭരണകൂടമാണ് തമിഴകത്തുള്ളത്. നിലവിലെ രാഷ്ട്രീയ സാഹചര്യം മാറിമറിയുമെന്നും അധികാരം തലയ്ക്ക് പിടിച്ചവരെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.