കുവൈത്തിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ ട്രാവൽ പെർമിറ്റ് നിർബന്ധമാക്കുന്നതടക്കമുള്ള നിയമപരിഷ്‌കാരത്തിനൊരുങ്ങുകയാണ് കുവൈത്ത്.. തൊഴിലാളിയുടെ പാസ്സ്‌പോർട്ട് തൊഴിലുടമയോ സ്ഥാപനങ്ങളോ സൂക്ഷിക്കുന്നതിനതിരെ നിയമം കർശനമാക്കാനും നീക്കം നടത്തുന്നതായും റിപ്പോർട്ടുണ്ട്.

തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള മാനവവിഭവ ശേഷി വകുപ്പാണ് വിദേശികളുടെ യാത്രയുമായി ബന്ധപ്പെട്ട നിയമ പരിഷ്‌കരണത്തിന് ഒരുങ്ങുന്നത്. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള യാത്രാ രേഖകൾ അതിന്റെ ഉടമകൾ മാത്രമേ കൈവശം വെക്കാവൂ എന്നാണു നിയമമെങ്കിലും പലപ്പോഴും വിദേശ തൊഴിലാളികളുടെ പാസ്‌പ്പോർട്ട് സ്‌പോൺസറുടെയോ കമ്പനി അധികൃതരുടെയോ പക്കലായിരിക്കും. ഈ പ്രവണത അംഗീകരിക്കാൻ ആവില്ലെന്നാണ് മാൻ പവർ അഥോറിറ്റിയുടെ നിലപാട്.

യാത്രാ രേഖകൾ പിടിച്ചു വെക്കുന്ന കമ്പനികൾക്കും സ്‌പോൻസർമാർക്കും എതിരെ നടപടിയെടുക്കാൻ കഴിയുന്ന രീതിയിൽ നിലവിലെ നിയമത്തിൽ പരിഷ്‌കരണം കൊണ്ട് വരാനാണ് അഥോറിറ്റി നീക്കം നടത്തുന്നത്. ഇതോടൊപ്പം തൊഴിലാളികൾക്ക് രാജ്യത്തിനു പുറത്തേക്ക് സഞ്ചരിക്കാൻ യാത്രാനുമതിപത്രം നിർബന്ധമാക്കാനും പദ്ധതിയുണ്ട്. സ്‌പോൻസറുടെയോ സ്ഥാപനത്തിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെയോ അനുമതിയോടെ മാൻ പവർ അഥോറിറ്റിയിൽ ട്രാവൽ പെർമിറ്റിനായി അപേക്കുന്ന തൊഴിലാളികൾക്ക് 24 മണിക്കൂറിനുള്ളിൽ യാത്രാനുമതി ലഭ്യമാക്കുന്ന സംവിധാനമാണ് അഥോറിറ്റി ആലോചിക്കുന്നത്.

സ്‌പോൺസർ യാത്രാനുമതി നിഷേധിക്കുകയാണെങ്കിൽ തൊഴിലാളിക്ക് അഥോറിറ്റിയിൽ പരാതിപ്പെടാനുള്ള സൗകര്യം ഉണ്ടായിരിക്കും. അടിയന്തിര സാഹചര്യങ്ങളിൽ അഥോറിറ്റിയിലെ വ്യവഹാരകമ്മിറ്റിയിലെ മൂന്നംഗ പാനൽ കൂടിയാലോചിച്ച് ട്രാവൽ പെർമിറ്റ് ഇഷ്യു ചെയ്യും. പുതിയ സംവിധാനം സംബന്ധിച്ച നിർദേശങ്ങളടങ്ങിയ കരടുബിൽ ഈ മാസം തന്നെ തൊഴിൽ സാമൂഹ്യ ക്ഷേമ ആസൂത്രണകാര്യ മന്ത്രിയുടെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നു മാൻ പവർ അഥോറിറ്റി വൃത്തങ്ങൾ വെളിപ്പെടുത്തി.