മുംബൈ: ലോകത്ത് ഏറ്റവും വൈവിധ്യമായ സംസ്‌ക്കാരങ്ങൾ കൂടിച്ചേർന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. ഈ വൈവിധ്യം കണ്ടറിയണമെങ്കിൽ രാജ്യത്തിന്റെ ഓരോ സംസ്ഥാനങ്ങളും ശരിക്കും സഞ്ചരിക്കുക തന്നെ വേണം. രാജ്യം മുഴുവൻ കറങ്ങാൻ വേണ്ടി കാറും ബൈക്കുമെടുത്ത് ചുറ്റിക്കറങ്ങുന്നവരുടെ എണ്ണവും കുറവല്ല. എന്നാൽ, ഇനി മുതൽ ഇങ്ങനെയ കാറിൽ സഞ്ചരിച്ച് ബുദ്ധിമുട്ടേണ്ട. ഇന്ത്യ മുഴുവൻ കാണാൻ ടൂറിസ്റ്റുകൾക്ക് സൗകര്യം ഒരുക്കുന്ന വിധത്തിൽ പാക്കേജുകൾ ഒരുക്കി രംഗത്തെത്തിയിരിക്കയാണ് ഇന്ത്യൻ റെയിൽവേ. വിഐപി സൗകര്യങ്ങളുള്ള ട്രെയിനുകളാണ് റെയിൽവേ ഇതിനായി ഒരുക്കിയിരിക്കുന്നത്.

തേജസ് എക്രസ്പ്രസ് പദ്ധതിയാണ് റെയിൽവെ മന്ത്രലയം തയ്യാറാക്കിയിരിക്കുന്നത്. അതിമനോഹരമായി രൂപകൽപ്പന ചെയ്ത തേജസ്സിലെ ഓരോ സീറ്റിലും വിനോദപരിപാടികൾ ആസ്വദിക്കാൻ എൽ.സി.ഡി. സ്‌ക്രീനുണ്ടാവും. യഥേഷ്ടം ചായയും കാപ്പിയും നൽകുന്ന വെൻഡിങ് മെഷീനുകളും ഓട്ടോമാറ്റിക് വാതിലുകളും സൗജന്യ വൈ-ഫൈയുേേംാ ഉൾപ്പെടെ ഇപ്പോൾ തീവണ്ടിയിൽ ലഭ്യമല്ലാത്ത 22 സവിശേഷതകളുമായാണ് ഈ ആഡംബരത്തീവണ്ടി എത്തുന്നത്.

ആദ്യത്തെ തേജസ് എക്സ്പ്രസ് മുംബൈ-ഗോവ പാതയിൽ അടുത്ത മാസം ഓടിത്തുടങ്ങും.ആകർഷകമായ നിറങ്ങൾ പൂശിയ അകത്തളവും പുറംഭാഗവുമാണ് ഇവയ്ക്കുണ്ടാവുക. പ്രശസ്തരായ പാചകക്കാരാണ് ഭക്ഷണം തയ്യാറാക്കുക. 20 കോച്ചുള്ള വണ്ടിയിൽ ഒന്നിൽനിന്ന് മറ്റൊന്നിലേക്കു പോകാൻ സുരക്ഷിത ഇടനാഴികളുണ്ടാവും. തീയോ പുകയോ ഉണ്ടായാൽ ഉടനടി കണ്ടെത്താനുള്ള സംവിധാനവും കുളിമുറികളിലെ ജലവിതാനം അറിയിക്കുന്ന സൂചനാ ബോർഡുകളും സെൻസറുകൾ ഘടിപ്പിച്ച വാഷ്ബേസിനുകളും കൈ ഉണക്കാനുള്ള ഹാൻഡ് ൈഡ്രയറുകളും ഇതിന്റെ സവിശേഷതകളിൽപ്പെടുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

വിമാനത്തിലേതുപോലെ സീറ്റിനു പിന്നിൽ ഘടിപ്പിച്ച എൽ.സി.ഡി. സ്‌ക്രീനിൽ യാത്രക്കാർക്ക് സിനിമയോ വിനോദപരിപാടികളോ കാണാം. യാത്രയ്ക്കിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളുൾപ്പെടെയുള്ള നിർദേശങ്ങളും ഇതിൽ എഴുതിക്കാണിക്കും. മെട്രോ വണ്ടികളിൽ ഉള്ളതുപോലെ സ്റ്റേഷൻ എത്തിയ കാര്യം അറിയിക്കാൻ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകളുണ്ടാവും.

റിസർവേഷൻ ചാർട്ടും ഡിജിറ്റലായിരിക്കും. ദിനപത്രവും ആനുകാലികപ്രസിദ്ധീകരണങ്ങളും കോച്ചിനുള്ളിലുണ്ടാവും.ഇത്രയും സൗകര്യങ്ങളുള്ള യാത്രയ്ക്ക് എന്തു ചെലവു വരുമെന്ന് റെയിൽവേ വെളിപ്പെടുത്തിയിട്ടില്ല. രാജധാനി, ശതാബ്ദി വണ്ടികളിലേതുപോലെ ഭക്ഷണവിലകൂടി ചേർത്താണ് ടിക്കറ്റിന് പണം ഈടാക്കുക. മുംബൈ-ഗോവ വണ്ടിക്കു പിന്നാലെ ഡൽഹി-ചണ്ഡീഗഢ് പാതയിലും തേജസ് ഓടിക്കും. പിന്നീട് മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പരിപാടി.