ദോഹ: പൊതു, സ്വകാര്യ ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി വിലക്കുകയും പൊതുസ്ഥലങ്ങളിലേക്ക് അരുമകളായ മൃഗങ്ങളെയും പക്ഷികളെയും കൊണ്ടുപോകുന്നതിനും വിലക്കേർപ്പെടുത്തുന്ന പുതിയ നിയമം ഇന്ന് മുതൽ ഖത്തറിൽ നടപ്പിൽ വരുകയാണ്.സ്ട്രീറ്റുകൾ, നടപ്പാതകൾ, പാർക്കുകൾ, ഗാർഡനുകൾ, ബീച്ചുകൾ, ഒഴിഞ്ഞ സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം മാലിന്യമിടുന്നതടക്കം വിലക്കി ശുചിത്വത്തിന് പ്രാധാന്യം നല്കുന്നതാണ് പുതിയ നിയമം.

1974ലെ എട്ടാം നമ്പർ നിയമം കാലോചിതമായി പരിഷ്‌കരിച്ചാണ് പുതിയ ശുചിത്വ നിയമത്തിന് രൂപം നൽകിയത്. പാതകൾ, പാതയോരങ്ങൾ, നഗരചത്വരങ്ങൾ, പാർക്കുകൾ, പൂന്തോട്ടങ്ങൾ, ബീച്ചുകൾ, കെട്ടിടങ്ങളുടെ മട്ടുപ്പാവുകൾ, ഇടനാഴികൾ, കാർ പാർക്കിങ്ങുകൾ തുടങ്ങി പൊതു, സ്വകാര്യ ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി വിലക്കുന്നതാണ് പുതിയ നിയമം. പൊതുസ്ഥലങ്ങളിലേക്ക് അരുമകളായ മൃഗങ്ങളെയും പക്ഷികളെയും കൊണ്ടുപോകുന്നതും പുതിയ നിയമം വിലക്കുന്നു. നിയമം പ്രാബല്യത്തിലാകുന്നതോടെ മൃഗങ്ങളെയും പക്ഷികളെയും വളർത്താൻ ലൈസൻസ് എടുക്കേണ്ടിവരും.

നഗരസഭകൾ വിലക്കിയിരിക്കുന്ന സ്ഥലങ്ങളിൽ മാലിന്യമിടുന്നതു പുതിയ നിയമപ്രകാരം കടുത്ത കുറ്റമാണ്. പൊതുശുചിത്വം ഉറപ്പാക്കുന്ന ചുമതല നഗരസഭകൾക്കാണ് നൽകിയിരിക്കുന്നത്. മാലിന്യശേഖരണം, മാലിന്യനീക്കം, നിർമ്മാർജനം, പുനഃസംസ്‌കരണം എന്നിവയെല്ലാം നഗരസഭകളുടെ ചുമതലയാണ്. ഇതിനായി ഓരോ നഗരസഭയ്ക്കും നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായി കരാറുകാരെ നിയമിക്കാം.

ഗുരുതരമായ ലംഘനങ്ങൾക്കു കൂടിയതു 25,000 റിയാൽ വരെ പിഴയോ ഒരു വർഷത്തെ തടവോ അല്ലെങ്കിൽ രണ്ടും ചേർത്തോ നൽകാനാണു പുതിയ നിയമത്തിലെ വ്യവസ്ഥ. ഗുരുതരമായ ലംഘനങ്ങൾക്കു കുറഞ്ഞതു 10,000 റിയാൽ പിഴയോ ആറു മാസംവരെ തടവോ രണ്ടും ചേർത്തോ ശിക്ഷ നൽകാനും നിയമത്തിൽ പറയുന്നു.കഴിഞ്ഞ ഒക്ടോബറിലാണു പുതിയ നിയമത്തിനു ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകിയത്. നിയമലംഘകരെ പിടികൂടാനായി ജുഡീഷ്യൽ അധികാരമുള്ള ഉദ്യോഗസ്ഥരാണു പരിശോധന നടത്തുക. നിയമലംഘനം നടത്തിയ സ്ഥലത്തെ നഗരസഭ ഓഫിസിൽ നിശ്ചിത തീയതിക്കു മുൻപായി പിഴത്തുക അടയ്ക്കണം.