ന്യൂഡൽഹി: രഘുറാം രാജനും കേന്ദ്ര സർക്കാരും തമ്മിലുണ്ടായ പ്രശ്‌നങ്ങൾ എല്ലാവർക്കും അറിയാം. രാജനെ റിസർവ്വ് ബാങ്ക് ഗവർണർ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്ന് പ്രധാനമന്ത്രിക്ക് നേരിട്ട് കത്തെഴുതിയത് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ആയിരുന്നു. സർക്കാർ കാലാവധി നീട്ടി നൽകിയാലും ഏറ്റെടുക്കില്ലെന്ന് രഘുറാം രാജനും പറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയ റിസർവ്വ് ബാങ്ക് ഗവർണറെ പ്രഖ്യാപിച്ചിരിക്കുന്നു. രഘുറാം രാജന്റെ വലംകൈ ആയിരുന്ന ഉർജിത് പട്ടേൽ ആണ് പുതിയ ഗവർണ്ണർ സാമ്പത്തിക മേഖലയിൽ ഏറെ അനുഭവങ്ങളും അറിവും ഉള്ള ആൾ.

52കാരനായ ഉർജിത്, വാണിജ്യ ബാങ്കിങ് വിദഗ്ധനും ആർബിഐ ഡപ്യൂട്ടി ഗവർണറുമാണ്. അപോയ്‌മെന്റ്‌സ് കമ്മിറ്റി ഓഫ് കാബിനറ്റ് (എസിസി) യാണ് ഡോ. ഉർജിത് പട്ടേലിന്റെ നിയമനം അംഗീകരിച്ചത്. സെപ്റ്റംബർ നാലു മുതൽ മൂന്നുവർഷത്തേക്കാണ് നിയമനമെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. നിലവിലുള്ള ഗവർണർ രഘുറാം രാജന്റെ കാലാവധി സെപ്റ്റംബർ നാലിനാണ് അവസാനിക്കുക. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഇടപെടലിനെ കുറിച്ചും സൂചനകളുണ്ട്. രഘുറാം രാജന്റെ വിശ്വസ്തനായാണ് ഉർജിത് പട്ടേൽ അറിയപ്പെടുന്നത്. അതുകൊണ്ട് കൂടിയാണ് ഒബാമയുടെ താൽപ്പര്യങ്ങളിൽ ചർച്ചകൾ നീളുന്നത്. രഘുറാം രാജനെ ഗവർണറായി ഇന്ത്യയിലേക്ക് അയച്ചത് ഒബാമ ആയിരുന്നുവെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുന്നതിന് സമാനമാണ് ഇപ്പോഴത്തെ നിയമനവും.

സുബ്രമണ്യം സ്വാമിയെ കൊണ്ട് ബഹളം വയ്‌പ്പിച്ചു എന്തോ മാറ്റം ഉണ്ടാക്കുന്നു എന്ന പ്രതീതി വരുത്തി രാജനെ മാറ്റി അമേരിക്ക തങ്ങളുടെ താല്പര്യം നിലനിർത്തുക ആയിരുന്നു. പകരം വച്ചതു രഘുറാം രാജൻ പറയുന്നത് പോലെ മാത്രം പ്രവർത്തിക്കുന്ന ഉർജിത് പട്ടേലിനെയാണ്. ഇവിടെ വരുന്നതിനു അഞ്ചു കൊല്ലം മുൻപ് മുതൽ തന്നെ ഇന്ത്യൻ സാമ്പത്തിക നയങ്ങൾ തീരുമാനിച്ചിരുന്നത് രാജൻ ആയിരുന്നു. ഇനിയും അത് തുടരും. ഇതിന് വേണ്ടിയാണ് ഊർജ്ജിത് പട്ടേലിനെ തന്നെ ഗവർണ്ണറാക്കിയത് എന്നതാണ് വിലയിരുത്തലുകൾ. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യത്തിൽ ഇന്ത്യ എങ്ങനെ ചിന്തിക്കണം എന്ന് തീരുമാനിക്കുന്നത് തല്ക്കാലം അമേരിക്കയാണെന്ന വിമർശനങ്ങൾക്ക് കരുത്തുണ്ടാവുകയും ചെയ്യും.

യേൽ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഉർജിത് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയത്. 1986 ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ എംഫിൽ നേടിയ ഉർജിത്, 1984ൽ സാമ്പത്തിക ശാസ്ത്രത്തിൽ ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്നു ബിരുദവും സ്വന്തമാക്കി. രഘുറാം രാജൻ ഗവർണറായി ചുമതലയേറ്റെടുക്കുന്നതിനു ഏതാനും മാസം മുൻപാണ് ഉർജിത് സെൻട്രൽ ബാങ്കിൽ ജോലി ആരംഭിച്ചത്. ധനപരമായ നയങ്ങൾ തീരുമാനിക്കുന്ന വിഭാഗത്തിന്റെ തലവനായിരുന്നു. മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ്, എസ്‌ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ എന്നിവരുടെ പേരുകളാണു ഗവർണർ സ്ഥാനത്തേക്ക് സജീവ പരിഗണനയിൽ ഉണ്ടായിരുന്നത്.

പുതിയ റിസർവ്വ് ബാങ്ക് ഗവർണറെ കുറിച്ച് 10 കാര്യങ്ങൾ...

1) വായ്പാ നയ വിദഗ്ധൻ: ഡെപ്യൂട്ടി ഗവർണർ ആയിരുന്ന പട്ടേൽ ധനപരമായ നയങ്ങൾ തീരുമാനിക്കുന്ന വിഭാഗത്തിന്റെ തലവനായിരുന്നു

2)നിയമിച്ചത് കോൺഗ്രസ്: ആഗോളവത്കരണത്തിനും സ്വകാര്യവത്കരണത്തിനും ഇന്ത്യൻ വാതിലുകൾ മലർക്കെ തുറന്നിടുമ്പോൾ ഉർജിത് പട്ടേൽ ഇന്ത്യയിലുണ്ട്. ഐഎംഎഫിന്റെ പ്രതിനിധിയായി. അന്ന് ഉർജിത് പട്ടേലിന്റെ സേവനം തങ്ങൾക്ക് രണ്ട് വർഷം കൂടി വേണം എന്നാവശ്യപ്പെട്ട് ഐഎംഎഫിന് കത്തയച്ചത് ധനമന്ത്രിയായിരുന്നു.

3)കാവാവധാ നീട്ടി: 2016 ൽ കാലാവധി അവസാനിക്കേണ്ടതായിരുന്നു. പക്ഷേ, ഇക്കഴിഞ്ഞ ജനുവരിയിൽ കാലാവധി 3 വർഷത്തേക്ക് കൂടി നീട്ടി ഉത്തരവായി.

4) രഘുറാം രാജന്റെ വിശ്വസ്ഥൻ: രഘുറാം രാജന്റെ വിശ്വസ്തനായാണ് ഉർജിത് പട്ടേൽ അറിയപ്പെടുന്നത്.

5) വിദ്യാഭ്യാസം: യേൽ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഉർജിത് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയത്. 1986 ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ എംഫിൽ നേടിയ ഉർജിത്, 1984ൽ സാമ്പത്തിക ശാസ്ത്രത്തിൽ ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്നു ബിരുദവും സ്വന്തമാക്കി.

6) ഐ.എം.എഫ് ബന്ധം: 1990 മുതൽ 1995 വരെ ഐ.എം.എഫ് ഡെസ്‌കിൽ പ്രവർത്തിച്ചിട്ടുണ്ട്.

7)ആർ.ബി.ഐ. ഉപദേശകൻ: വാണിജ്യ ബാങ്കിങ് വിദഗ്ധനും ആർബിഐ നിയമോപദേശകൻ കൂടിയാണ്.

8)2013 ൽ മന്മോഹൻസിങ് സർക്കാരിന്റെ കാലത്താണ് ഉർജിത് പട്ടേലിനെ റിസർവ്വ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ആയി നിയമിക്കുന്നത്. അന്ന് മുതൽ മോണിറ്ററി പോളിസി വിഭാഗത്തിന്റെ തലവനാണ് ഇദ്ദേഹം. റിസർവ്വ് ബാങ്കിന്റെ ധനകാര്യ നയരൂപീകരണത്തിൽ നിർമ്മായകമായ ഇടപെടലുകൾ നടത്തിയിട്ടുള്ളത് ഉർജിത് ആണ്.

9)നേരത്തെ ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപ്പറേഷന്റെ ബോർഡ് അംഗമായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അന്ന് മുതലേ നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുണ്ട്.

10)വിലക്കയറ്റം തടയുന്നതിന് വേണ്ടി നിയമിച്ച കമ്മറ്റിയെ നയിച്ചത് പട്ടേൽ ആയിരുന്നു.